എത്രയോ കാലമായി ലോകത്ത് കറുത്ത വര്‍ഗ്ഗക്കാര്‍ അക്രമത്തിനിരയാവുന്നുണ്ട്. അതിന്‍റെ പങ്കില്‍ നിന്നും പൊലീസടക്കമുള്ള അധികാരകേന്ദ്രങ്ങള്‍ക്കും മാറിനില്‍ക്കാനാവില്ല. എന്നാല്‍, മുമ്പെങ്ങുമില്ലാത്ത വിധം അതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ഫോണും ക്യാമറയും സോഷ്യല്‍ മീഡിയയും എല്ലാം ഇതിന് സഹായകമാകുന്നുണ്ട്. ഇത് ലണ്ടനില്‍ പതിമൂന്നുകാരനായ ഒരു വിദ്യാര്‍ത്ഥിക്കും അവന്‍റെ പിതാവിനും നേരിടേണ്ടി വന്ന അനുഭവമാണ്. 

വടക്കൻ ലണ്ടനിലെ ലിയ നദീതീരത്ത് പിതാവിനൊപ്പം ഒരു ചാരിറ്റിബൈക്ക് യാത്രയിൽ പങ്കെടുക്കുകയായിരുന്നു ഹ്യൂഗോ ബോട്ടെംഗ് എന്ന പതിമൂന്നുകാരന്‍. ആ സമയത്ത് അപ്രതീക്ഷിതമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നെ പിടികൂടിയതായും തോക്കുപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും ഹ്യൂഗോ പറയുന്നു. ''എന്റെ അച്ഛൻ എന്‍റെ പുറകിൽ തന്നെയുണ്ടോ എന്നറിയാൻ ഞാൻ തിരിഞ്ഞതാണ്. പെട്ടെന്ന് ഈ മനുഷ്യൻ എങ്ങുനിന്നെറിയാതെ പ്രത്യക്ഷപ്പെട്ടു. അയാൾ ഭ്രാന്തമായി ദേഷ്യപ്പെടുകയും അലറുകയും ചെയ്‍തു...  അയാള്‍ കവര്‍ച്ചയ്ക്കായെത്തിയതോണോ, കൊറോണ പകരാന്‍ ശ്രമിക്കുകയാണോ എന്നൊന്നും ഉറപ്പില്ലാതെ ഞാന്‍ ഭയപ്പെട്ടു, അതിനാൽ ഞാൻ ഓടി. പക്ഷേ, ആ കുറ്റിക്കാട്ടിൽ പോകാന്‍ മറ്റൊരിടമില്ലായിരുന്നു.'' ഹ്യൂഗോ ഒബ്‍സര്‍വറിനോട് പറഞ്ഞത് ഇങ്ങനെയാണ്. കുറ്റിക്കാട്ടില്‍ വീണതിന്‍റെ ഫലമായി അവന്‍റെ മുഖത്ത് മുറിവുകളുണ്ടായി.

അവന്‍ നിലത്തേക്ക് വീണതും ആ ഓഫീസര്‍ അവനുനേര്‍ക്ക് ഒരു തോക്ക് നീട്ടുകയും വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‍തു. പിന്നീട്, അയാള്‍ ഹ്യൂഗോയെ അറസ്റ്റ് ചെയ്‍തു. കയ്യില്‍ ആമം വയ്ക്കുകയും ചെയ്‍തു. ഹ്യൂഗോയുടെ പിതാവ് ഇതുകാണുകയും ഓഫീസറുടെ കാലില്‍ വീണ് മകനെ വിട്ടയക്കണമെന്ന് അപേക്ഷിക്കുകയും ചെയ്‍തു. എന്നാല്‍, അതോടെ പിതാവിന്‍റെയും കയ്യില്‍ ആമം വെക്കുകയായിരുന്നു ആ ഉദ്യോഗസ്ഥന്‍. ആ പ്രദേശത്ത് നടന്ന ഒരു കുത്തുകേസില്‍ പ്രതികളാണെന്ന സംശയത്തില്‍ ഇരുവരെയും തടങ്കലില്‍ വെക്കുകയും ചെയ്‍തു. ആറ് പൊലീസുകാരാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ടോട്ടൻഹാമിലാണ് ഹ്യൂഗോയും കുടുംബവും താമസിക്കുന്നത്. ഈ അനുഭവം തങ്ങളെ ഞെട്ടിച്ചുവെന്നും അപമാനിച്ചുവെന്നും ഹ്യഗോ പറയുന്നു. മുഖത്തും കാലുകളിലും പൊലീസ് ഉപദ്രവത്തില്‍ പരിക്കേറ്റിരുന്നു ആ പതിമൂന്നുകാരന്. സംഭവം നടന്ന് തിരികെ വീട്ടിലെത്തിയ ആ ദിവസം രാത്രി തനിച്ചായിപ്പോകുമോ എന്ന ഭയത്താലും ആകാംക്ഷയാലും മാതാപിതാക്കളുടെ കിടപ്പുമുറിയിലാണ് താന്‍ ഉറങ്ങാൻ കിടന്നതെന്നും ആ കൗമാരക്കാരന്‍ പറയുന്നു. 

ലൂയിസ് പാറ്റേൺ എന്ന ഫോട്ടോഗ്രാഫര്‍ ഭാഗികമായി ചിത്രീകരിച്ച ഈ അറസ്റ്റുകളുടെ ദൃശ്യങ്ങള്‍ കണ്ട ടോട്ടൻഹാം എംപിയും ഷാഡോ ജസ്റ്റിസ് സെക്രട്ടറിയുമായ ഡേവിഡ് ലമ്മി പറഞ്ഞത് ഇങ്ങനെയാണ്: “ഇത് സമൂഹത്തിൽ ആശങ്കയുണ്ടാക്കുന്ന സംഭവം തന്നെയാണ്. സത്യം പറഞ്ഞാൽ, ആര്‍ക്കും ഇത് സംഭവിക്കാം. അവരുടെ സ്ഥാനത്ത് ഞാനും എന്‍റെ കൗമാരക്കാരനായ മകനും ആയിരിക്കാം. ഞങ്ങൾ രണ്ടുപേരും പലതവണ ആ പാതയിലൂടെ സൈക്കിൾ ചവിട്ടിയിട്ടുണ്ട്. ഈ സംഭവത്തില്‍ ഒരു പരാതി നൽകിയിട്ടുണ്ട്, പ്രായപൂർത്തിയാകാത്തവര്‍ക്ക് പരിക്കേറ്റാൽ സമഗ്രമായ അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണ്.''

ആന്‍ഡ്ര്യൂ പറഞ്ഞതിപ്രകാരമാണ്, ''ഇതൊരു സാധാരണ സംശയവും അതേത്തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലുമായിരുന്നുവെങ്കില്‍ ഞാനതിനെ ബഹുമാനിച്ചേനെ. പക്ഷേ, ഇതങ്ങനെ ആയിരുന്നില്ല, ഞങ്ങള്‍ കാണാന്‍ എങ്ങനെയുള്ളവരാണ് എന്നതിന്‍റെ പേരിലാണ് ഈ സംഭവമുണ്ടായിരിക്കുന്നത്. ഞാനും മകനും ഫാമിലി ബൈക്ക് റൈഡിലായിരുന്നു. ആ ഓഫീസര്‍ എന്തെങ്കിലും പറയുന്നതിന് മുമ്പേ നമ്മളെ ഭയപ്പെടുത്തുകയും വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ആ പൊലീസ് ഓഫീസര്‍ എന്‍റെ മകനെ ഉപദ്രവിക്കുകയും ചെയ്‍തു. ഒരു പ്രകോപനവുമില്ലാതെയാണ് ഞങ്ങളെ കയ്യാമം വെച്ചത്. '' പകര്‍ത്തപ്പെട്ട വീഡിയോയിലും ഒരുപാടുപേര്‍ ഇതുവഴി പോകുന്നുണ്ട്, എന്തുകൊണ്ടാണ് ഞാനും എന്‍റെ മകനും മാത്രം ഇത് അനുഭവിക്കേണ്ടി വന്നതെന്നും ആന്‍ഡ്ര്യൂ ചോദിക്കുന്നത് കാണാം. മകന്‍റെ ഭയവും അപമാനവും നിറഞ്ഞ മുഖവും അതില്‍ വ്യക്തമാണ്. 

ജൂണ്‍ നാലിന് വൈകുന്നേരം 6.30 -നാണ് ഈ സംഭവം നടക്കുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പൊലീസുകാര്‍ പറയുന്നത് തങ്ങള്‍ അടുത്തുള്ള ഒരു പാര്‍ക്കില്‍ നടന്ന കത്തിക്കുത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയായിരുന്നുവെന്നാണ്. അത് നടത്തിയ ആളുകളെ കുറിച്ച് കിട്ടിയ വിവരങ്ങളില്‍ നിന്ന് അത് ആന്‍ഡ്രൂവിനെയും മകനെയും പോലെയുണ്ടെന്നും അതിനാലാണ് ചോദ്യം ചെയ്‍തതെന്നുമാണ് അവരുടെ ഭാഷ്യം. കത്തിക്കുത്ത് സംഭവത്തിലെ ദൃസാക്ഷി വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല എന്നും ആകെ തന്ന വിവരം ബൈക്കില്‍ വന്ന ഒരു  IC3 (കറുത്തവര്‍ എന്നതിന്‍റെ പൊലീസ് കോഡ്) പുരുഷനായിരുന്നുവെന്ന് മാത്രമാണ്. ആ വിവരം മാത്രമേ നമുക്കറിയാമായിരുന്നുള്ളൂ. അതിനാലാണ് ആന്‍ഡ്ര്യൂവിനോടും മകനോടും അങ്ങനെ പെരുമാറേണ്ടി വന്നതെന്നും ആ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ പാറ്റേണ്‍ പറയുന്നത്, 'ഇത് വര്‍ഗവിവേചനം അതിന്‍റെ ഏറ്റവും മോശവും ഗുരുതരവുമായ അവസ്ഥയിലെത്തിയ സംഭവം' എന്നാണ്. അടുത്തുള്ള പുഴയില്‍ ഒരു ബോട്ടിലുണ്ടായിരുന്ന പാറ്റേണിനോട് ആന്‍ഡ്ര്യൂ തന്നെയാണ് സംഭവം ദയവായി ഒന്ന് പകര്‍ത്താമോ എന്ന് ചോദിക്കുന്നത്. അന്നവിടെ നടന്നത് തികച്ചും ക്രൂരമായിരുന്നുവെന്ന് അവര്‍ പറയുന്നു. വംശീയത മാത്രമാണ് അവിടെ മുന്നിട്ട് നിന്നത്. അത്രയും മോശമായാണ് അവര്‍ ആന്‍ഡ്ര്യൂവിനോട് പെരുമാറിയത്. അദ്ദേഹം നിഷ്‍കളങ്കനാണെന്നും ആ കുറ്റം ചെയ്‍തയാളല്ലെന്നും മനസിലായിട്ടുപോലും പൊലീസ് ഉദ്യോഗസ്ഥന്‍ അവരോട് മോശമായിട്ടാണ് പെരുമാറിയതെന്നും പാറ്റേണ്‍ പറയുന്നു. 

സന്നദ്ധ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്ന ഒരാളാണ് ഹ്യൂഗോ. ഒരു യൂത്ത് ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കുന്നുണ്ട് അവന്‍. ഒപ്പം Kickoff@3 എന്ന  പ്രോഗ്രാമിനായി സന്നദ്ധസേവനം നടത്തുക, കറുത്ത വര്‍ഗക്കാരനായ മെട്രോപൊളിറ്റൻ പൊലീസ് ഓഫീസർ മൈക്കൽ വാലസിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന പ്രാദേശിക പദ്ധതികളിലെ സജീവപ്രവര്‍ത്തനായിരിക്കുക എന്നതൊക്കെ ചെയ്യുന്നുണ്ട് അവന്‍. വാലസ് സംഭവത്തെ കുറിച്ച് പ്രതികരിക്കുന്നത് ഇങ്ങനെയാണ്. ''പൊലീസും യുവാക്കളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന കൂടിയാണ് Kickoff@3. അതിന്‍റെ സജീവ പ്രവര്‍ത്തകനായ ഒരാള്‍ക്ക് തന്നെ ഇങ്ങനെയൊന്ന് സംഭവിച്ചുവെന്നത് വിരോധാഭാസമാണ്. അന്ന് ഹ്യൂഗോയും പിതാവും നടത്തിയ ബൈക്ക് റൈഡ് Kickoff@3 സംഘടിപ്പിച്ചതാണ്. ഗാര്‍ഹിക പീഡനത്തിനിരയായവരെയും വീടില്ലാത്തവരെയും സഹായിക്കാനായി പൈസ പിരിക്കുന്നതിനായാണ് അത് സംഘടിപ്പിക്കപ്പെട്ടിരുന്നത്.'' എന്നാണ്. 

തനിക്കും കുട്ടിക്കാലത്ത് ഇങ്ങനെ അനുഭവമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ അതില്‍ വ്യത്യാസം ഉണ്ടായിരുന്നുവെന്നാണ് കരുതിയത്. അതിനായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. തന്‍റെ മക്കളോട് താനെപ്പോഴും പറയുന്നത് പൊലീസിനെ വിശ്വസിക്കണം എന്നാണ്. യുവാക്കള്‍ക്കിടയില്‍ എപ്പോഴും പ്രവര്‍ത്തിച്ചിരുന്ന ഒരാളാണ് താനെന്നും പൊലീസ് ഓഫീസര്‍ കൂടിയായ വാലസ് പറയുന്നു. സംഭവത്തെ കുറിച്ച് ഗൗരവപരമായി അന്വേഷിക്കുമെന്നും പൊലീസ് ഉറപ്പു നല്‍കുന്നു. 

ജോര്‍ജ് ഫ്ലോയ്‍ഡും ബ്രൂക്സും അമേരിക്കയില്‍ തുടരുന്ന വംശീയവെറിയും

ഇംഗ്ലണ്ടിലും അമേരിക്കയിലുമെന്നല്ല ലോകത്തൊരിടത്തും ഇത് പുതിയ സംഭവമല്ല. കാലങ്ങളായി തുടരുന്ന അടിച്ചമര്‍ത്തലിന്‍റെയും വര്‍ണവെറിയുടെയും തുടര്‍ച്ച മാത്രമാണ്. എന്നാല്‍, അധികാരി വര്‍ഗം കൂടി ഇതിന് കുടപിടിക്കുന്നുവെന്നത് സൃഷ്‍ടിക്കുന്ന അവസ്ഥ ഭീകരമാണ്. 2020 മെയ് 25 -നാണ് മിനിപൊളിസ് നഗരത്തില്‍വെച്ച് ഡെറെക് ഷോവിന്‍ എന്ന പൊലീസുകാരന്‍ എട്ട് മിനിറ്റ് 46 സെക്കന്‍റ് ജോര്‍ജ് ഫ്ലോയ്ഡ് എന്ന യുവാവിന്‍റെ കഴുത്തില്‍ കാലമര്‍ത്തി അദ്ദേഹത്തെ ശ്വാസം മുട്ടിച്ച് കൊന്നുകളഞ്ഞത്. വ്യാജനോട്ട് നല്‍കിയെന്നതായിരുന്നു ഫ്ലോയ്‍ഡിനെതിരെ ആരോപിക്കപ്പെട്ട കുറ്റം. മരിക്കുന്നതിന് തൊട്ടുമുമ്പും ആ യുവാവ് 'എനിക്ക് ശ്വാസം മുട്ടുന്നൂ...' എന്ന് വിലപിച്ചിരുന്നു. 

 

സംഭവത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് രാജ്യത്തെങ്ങും കത്തിപ്പടര്‍ന്നത്. കൊവിഡ് 19 സമയത്തും ആയിരക്കണക്കിന് പേരാണ് പ്രത്യേകിച്ച് യുവാക്കളാണ് സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്‍തത്. ബ്ലാക്ക് ലൈവ്‍സ് മാറ്റര്‍ എന്ന പ്രതിഷേധസ്വരം നഗരങ്ങളിലും സോഷ്യല്‍ മീഡിയയിലും അലയടിച്ചു. ലോകത്തെമ്പാടും കാലങ്ങളായിട്ടും മാറ്റമില്ലാതെ വര്‍ണവെറി സൂക്ഷിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകളുണ്ടായി. ജോര്‍ജ് ഫ്ലോയ്‍ഡ് കൊല്ലപ്പെട്ട് കുറച്ച് ആഴ്‍ചകള്‍ മാത്രം കഴിഞ്ഞപ്പോഴാണ് അമേരിക്കയില്‍ പൊലീസ് ഇരുപത്തിയേഴുകാരനായ റെയ്‍ഷാര്‍ഡ് ബ്രൂക്സിനെ വെടിവെച്ചുകൊല്ലുന്നത്. കാറിനുള്ളില്‍ കിടന്നുറങ്ങിയത് ഗതാഗതക്കുരുക്കിന് കാരണമായി, അത് പറഞ്ഞ പൊലീസുമായി സഹകരിച്ചില്ല എന്നതായിരുന്നു അദ്ദേഹത്തിനുമേലെ ചുമത്തപ്പെട്ട കുറ്റം. മുന്നുംപിന്നും നോക്കാതെ ഒരു കറുത്ത വര്‍ഗക്കാരനായ യുവാവിനെ പൊലീസ് വെടിവെച്ചുകൊന്നതിലും പ്രതിഷേധം കനത്തു. ഇന്നും ബ്ലാക്ക് ലൈവ്‍സ് മാറ്റര്‍ സമരങ്ങള്‍ അമേരിക്കയിലുടനീളമുണ്ട്.

തൂത്തുക്കുടിയില്‍ സംഭവിച്ചതോ?

ഇന്ത്യയും കേരളവുമൊന്നും ഈ വംശീയ വെറിയില്‍ നിന്നോ, അധികാരപ്രയോഗങ്ങളില്‍ നിന്നോ പുറത്തല്ല. കേരളത്തില്‍ തന്നെ എത്രയോ പേര്‍ ഇങ്ങനെ പരിഹാസത്തിനും ധാര്‍ഷ്‍ട്യത്തിനും ഇരയായി. വിനായകന്‍ എന്ന ചെറുപ്പക്കാരന്‍ ഇതിന് ഒരുദാഹരണം മാത്രമാണ്. 

 

കഴിഞ്ഞ ദിവസം തൂത്തുക്കുടിയില്‍ നടന്ന കൊലപാതകവും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയ്ക്കടുത്തുള്ള സാത്താങ്കുളം എന്ന ടൗണിലെ പൊലീസ് സ്റ്റേഷനിലാണ്, പി ജയരാജ്(59) എന്ന അച്ഛനെയും, ബെനിക്സ്(31) എന്ന മകനെയും പൊലീസ് ക്രൂരമായി ഉപദ്രവിച്ച് മരണത്തിലേക്ക് തള്ളിവിട്ടത്. എന്തായിരുന്നു അവര്‍ ചെയ്‍ത കുറ്റം? എട്ട് മണിക്ക് ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടയ്ക്കാന്‍ പറഞ്ഞ കട പതിനഞ്ച് മിനിറ്റ് കൂടി തുറന്നുവെച്ചു. കടയടക്കാന്‍ താമസിച്ചതിനും പൊലീസ് ചോദിച്ചതിന് എന്തോ മറുത്തു പറഞ്ഞുവെന്നും ആരോപിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇരുവരെയും അതിക്രൂരമായി ഉപദ്രവിക്കുകയായിരുന്നു പൊലീസ്. ഇതാണ് ഇവരുടെ മരണത്തില്‍ കലാശിച്ചതും. സോഷ്യല്‍ മീഡിയയിലടക്കം സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. 

ഇനിയും എത്ര കാലമെടുക്കും ഇതിനൊരവസാനമുണ്ടാകാന്‍

അധികാരവും താന്‍ മുകളിലും മറ്റുള്ളവര്‍ താഴെയുമാണ് എന്ന തെറ്റായ തോന്നലും എക്കാലവും മനുഷ്യനെ മത്തുപിടിപ്പിക്കുന്ന ഒന്നാണ്. അതാണ് ഇതുപോലെ അറിയുന്നതും അറിയപ്പെടാത്തതുമായ ആയിരങ്ങളുടെ കൊലകളിലേക്ക് നയിച്ചതും. എന്നിട്ടും, അതില്‍ ഒട്ടും മനസ്‍താപം ഇത് ചെയ്‍തവര്‍ക്കൊന്നുമില്ലാത്തതിന്‍റെ കാരണവും ഇവര്‍ അക്രമിക്കപ്പെടേണ്ടവരായിരുന്നു എന്ന തെറ്റായ ബോധ്യമാണ്. എന്നാല്‍, ലോകമെമ്പാടും കത്തിപ്പടരുന്ന ഈ പ്രതിഷേധങ്ങളും ഉയരുന്ന ശബ്‍ദങ്ങളും കണ്ടില്ലെന്ന് നടിക്കാന്‍ എത്രകാലം അധികാരവര്‍ഗത്തിന് കഴിയും?.