57 തവണ കുത്തി കാമുകിയെ കൊന്ന ക്രൂരൻ ജയിൽ മോചിതൻ, കാരണമായത് ഭക്ഷണം..!
ആദ്യം എറിക്കയെ കൊന്നത് താനാണ് എന്നത് ഫ്രിക്കാനോ നിഷേധിച്ചിരുന്നു. കവർച്ചക്കാരെത്തി അവരാണ് എറിക്കയെ ഉപദ്രവിച്ചത് എന്നായിരുന്നു ഇയാൾ പറഞ്ഞത്. എന്നാൽ, പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഒടുവിൽ അയാൾക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു.

കാമുകിയെ 57 തവണ കുത്തി കൊലപ്പെടുത്തിയ കേസിൽ അകത്തായ യുവാവിന് ഒരു വർഷം കഴിഞ്ഞപ്പോൾ അപൂർവമായ കാരണത്താൽ ജയിൽ മോചനം. ഇറ്റലിയിൽ നിന്നുള്ള 35 -കാരനായ ദിമിത്രി ഫ്രിക്കാനോയെയാണ് ഇപ്പോൾ കോടതി പുറത്ത് വിട്ടിരിക്കുന്നത്. 2017 -ലാണ് ഇയാൾ തന്റെ 25 -കാരിയായ കാമുകി എറിക പ്രെറ്റിയെ കൊലപ്പെടുത്തിയത്.
സാർഡിനിയയിൽ അവധിക്കാലം ആഘോഷിക്കുന്നതിടയിലായിരുന്നു ദാരുണമായ സംഭവം നടന്നത്. പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത് ബ്രെഡ് പൊടിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചേർന്നത് എന്നാണ്. എറിക്ക ഭക്ഷണം കഴിക്കവെ ബ്രെഡ്ഡിന്റെ പൊടി ടേബിളിന്റെ മുകളിൽ വീണത്രെ. ഇതുകണ്ട് ഫ്രിക്കാനോയ്ക്ക് ദേഷ്യം വരികയും രണ്ടുപേരും തമ്മിൽ തർക്കത്തിലേർപ്പെടുകയും ചെയ്തു. ഫ്രിക്കാനോ നടത്തിയ കുറ്റസമ്മതത്തിൽ പറയുന്നത് ആദ്യം എറിക്ക പേപ്പർ വെയ്റ്റെടുത്ത് തന്നെ അക്രമിച്ചു എന്നും അപ്പോൾ താൻ കത്തിയെടുത്തു എന്നുമാണ്. പിന്നീട് ഇയാൾ എറിക്കയെ 57 തവണ കുത്തി. പിന്നീട്, അവിടെത്തന്നെ അവളെ ഉപേക്ഷിച്ച് പോവുകയും ചെയ്തു. അവൾ മരിക്കട്ടെ എന്ന് കരുതിക്കൂട്ടി തന്നെയാണ് ഫ്രിക്കാനോ അവിടെ നിന്നും പോയത് എന്നും പറയുന്നു.
ആദ്യം എറിക്കയെ കൊന്നത് താനാണ് എന്നത് ഫ്രിക്കാനോ നിഷേധിച്ചിരുന്നു. കവർച്ചക്കാരെത്തി അവരാണ് എറിക്കയെ ഉപദ്രവിച്ചത് എന്നായിരുന്നു ഇയാൾ പറഞ്ഞത്. എന്നാൽ, പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഒടുവിൽ അയാൾക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു. അങ്ങനെ, 2019 -ൽ ഇയാളെ 30 വർഷത്തേക്ക് തടവിന് ശിക്ഷിച്ചു. പക്ഷേ, അന്ന് കൊവിഡ് സാഹചര്യം മുൻനിർത്തി ജയിലിൽ അടച്ചിരുന്നില്ല. 2022 -ലാണ് ഇയാളെ ജയിലിൽ അടയ്ക്കുന്നത്.
എന്നാൽ, ഇപ്പോൾ ഇയാളെ ജയിലിൽ നിന്നും മോചിപ്പിക്കാനുള്ള കാരണം ഇയാളുടെ ശരീരഭാരമാണ്. ജയിലിലടക്കുമ്പോൾ 120 കിലോയായിരുന്നു ഫ്രിക്കാനോയുടെ ഭാരം. എന്നാൽ, ഒരു വർഷം കഴിഞ്ഞപ്പോഴേക്കും അത് 200 കിലോ വരെയെത്തി. ഊന്നുവടിയുടെയോ വീൽചെയറിന്റെയോ സഹായമില്ലാതെ ഇയാൾക്ക് ചലിക്കാനാവില്ല എന്നായി. ചെയിൻ സ്മോക്കർ കൂടിയായ ഇയാൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. ജയിലിലെ ഡോക്ടർമാർ ഇയാളെ പരിശോധിക്കുകയും ചെയ്തു. അവരാണ് ഫ്രിക്കാനോയ്ക്ക് ഭക്ഷണത്തിൽ നിയന്ത്രണം നിർദ്ദേശിച്ചത്. എന്നാൽ, ജയിലിൽ കൂടുതൽ കലോറിയുള്ള ഭക്ഷണം മാത്രമായിരുന്നു ലഭിച്ചത്.
അങ്ങനെ, ഫ്രിക്കാനോയുടെ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്നും ഇയാളെ മോചിപ്പിക്കണം എന്നും ആവശ്യപ്പെട്ട് ഇയാളുടെ വക്കീൽ കോടതിയെ സമീപിക്കുകയായിരുന്നു. ഒടുവിൽ, ഇയാൾ ജയിലിൽ തുടർന്നാൽ ജീവൻ അപകടത്തിലാവാം എന്ന് പറഞ്ഞുകൊണ്ട് ഇയാളെ കോടതി മോചിപ്പിക്കുകയായിരുന്നു.
അതേസമയം, ഒരു വർഷം മാത്രം ജയിലിൽ കിടന്നതിന് ശേഷം ഫ്രിക്കാനോയെ മോചിപ്പിച്ച ടൂറിൻ സർവൈലൻസ് കോടതി നടപടിയെ എറിക്കയുടെ കുടുംബം വളരെ രൂക്ഷമായി വിമർശിച്ചു. ഞങ്ങളുടെ മോളെ ആരെങ്കിലും തിരികെ തരുമോ എന്നാണ് എറിക്കയുടെ അമ്മ ചോദിച്ചത്.
വായിക്കാം: ഒരിക്കൽ 43 കോടി രൂപ ലോട്ടറിയടിച്ച് കയ്യിൽ വന്നു, ഇന്ന് ഒറ്റ രൂപ പോലും കയ്യിലില്ലാതെ യുവതി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം