Asianet News Malayalam

സ്ത്രീയുടെ നാസികൾ പച്ചകുത്തിയ കയ്യിൽ ചുംബിച്ച് ഫ്രാൻസിസ് മാർപാപ്പ, വികാരാധീനയായി ഓഷ്‌വിറ്റ്സ് സർവൈവർ

1945 -ല്‍ ക്യാമ്പിലുണ്ടായിരുന്ന ശേഷിച്ചവര്‍ മോചിപ്പിക്കപ്പെട്ടു. ലിഡിയയുടെ അമ്മ 70071 എന്ന നമ്പറുകാരിയായിരുന്നു. അവര്‍ കൊല്ലപ്പെട്ടുവെന്നാണ് കരുതപ്പെട്ടിരുന്നത്. 

Pope Francis kisses Holocaust survivors tattoo
Author
Vatican City, First Published May 27, 2021, 10:59 AM IST
  • Facebook
  • Twitter
  • Whatsapp

ഓഷ്‌വിറ്റ്സ് തടങ്കൽപ്പാളയത്തില്‍ കഴിയേണ്ടി വന്ന സ്ത്രീയുടെ കയ്യിൽ നാസികൾ പച്ചകുത്തിയ നമ്പറിൽ ചുംബിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചയാണ് വത്തിക്കാനിലെ സാൻ ഡമാസോ അങ്കണത്തിലെ ജനങ്ങൾ വികാരാധീനമായ രം​ഗത്തിന് സാക്ഷ്യം വഹിച്ചത്. ഓഷ്‌വിറ്റ്സ് തടങ്കൽപ്പാളയത്തില്‍ മെഡിക്കല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയയാകേണ്ടി വന്ന സ്ത്രീയുടെ കയ്യിലാണ് ഫ്രാൻസിസ് മാര്‍പാപ്പ ചുംബിച്ചത്. 

വത്തിക്കാനിലെ സാൻ ഡമാസോ മുറ്റത്ത് നടന്ന ഒരു പൊതു ചടങ്ങിലാണ് 80 -കാരിയായ ലിഡിയ മാക്‌സിമോവിച്ച്  തന്റെ കഥ പറഞ്ഞത്. മാർപാപ്പ അത് ശ്രദ്ധയോടെ കേള്‍ക്കുകയായിരുന്നു. പിന്നീട് ലിഡിയ തന്‍റെ ഇടത് കയ്യിലെ വസ്ത്രം നീക്കുകയും അവിടെ നാസികൾ പച്ചകുത്തിയിരിക്കുന്ന നമ്പര്‍ -70072 കാണിക്കുകയും ചെയ്യുകയായിരുന്നു. ഇത് കണ്ട മാര്‍പാപ്പ ആ പച്ചകുത്തിയിരിക്കുന്ന നമ്പറിൽ ചുംബിച്ചു. വികാരാധീനയായ ലിഡിയ മാര്‍പാപ്പയെ ആലിംഗനം ചെയ്യുകയും മാര്‍പാപ്പ അവരെ ചേര്‍ത്തു നിര്‍ത്തുകയുമായിരുന്നു. 

1943 -ല്‍ ലിഡിയയുടെ മൂന്നാം പിറന്നാളിന് തൊട്ടുമുമ്പാണ് അവളെയും കുടുംബത്തെയും ബെലാറൂസിലെ വീട്ടില്‍ നിന്നും ജര്‍മ്മന്‍ അധിനിവേശ പോളണ്ടിലെ നാസി ക്യാമ്പിലേക്ക് കൊണ്ടുപോകുന്നത്. അവിടെ അവളെ കുട്ടികളെ പാര്‍പ്പിച്ചിരുന്ന ഇടത്ത് പാര്‍പ്പിക്കുകയായിരുന്നു. അവിടെ 'മരണത്തിന്‍റെ മാലാഖ' എന്ന് അറിയപ്പെട്ടിരുന്ന ജോസഫ് മെൻഗെളെയുടെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നവരില്‍ ലിഡിയയും പെടുന്നുവെന്ന് അവരുടെ ജീവിതം പ്രമേയമാക്കിയിറങ്ങിയ ഡോക്യുമെന്‍ററിയില്‍ പറയുന്നു. 

'യാതൊരു മനസാക്ഷിക്കുത്തോ പരിധികളോ ഇല്ലാത്ത ഒരു അതിക്രൂരനായ ആളായിരുന്നു മെന്‍ഗളെ' എന്ന് പരിപാടിക്കുശേഷം ലിഡിയ വത്തിക്കാന്‍ ന്യൂസ് വെബ്സൈറ്റിനോട് പറഞ്ഞു. അയാള്‍ തന്നിലുണ്ടാക്കിയ വേദനകളെ കുറിച്ചും അവര്‍ പരാമര്‍ശിച്ചു. യുദ്ധത്തിനു ശേഷം ചില പുസ്തകങ്ങള്‍ കണ്ടെടുക്കുകയുണ്ടായി. അതില്‍ ടാറ്റൂ ചെയ്തിരിക്കുന്ന നമ്പറുകളെ കുറിച്ചുള്ള പരാമര്‍ശം ഉണ്ടായിരുന്നു. അതില്‍ തന്‍റെ നമ്പറും ഉണ്ടായിരുന്നു എന്നും ലിഡിയ പറയുകയുണ്ടായി. 

1945 -ല്‍ ക്യാമ്പിലുണ്ടായിരുന്ന ശേഷിച്ചവര്‍ മോചിപ്പിക്കപ്പെട്ടു. ലിഡിയയുടെ അമ്മ 70071 എന്ന നമ്പറുകാരിയായിരുന്നു. അവര്‍ കൊല്ലപ്പെട്ടുവെന്നാണ് കരുതപ്പെട്ടിരുന്നത്. അങ്ങനെ ഒരു കത്തോലിക്കാ പോളിഷ് കുടുംബം ലിഡിയയെ ദത്തെടുത്തു വളര്‍ത്തി. തന്‍റെ അമ്മ ജീവിച്ചിരിപ്പുണ്ട് എന്ന് ലിഡിയയ്ക്ക് അറിയില്ലായിരുന്നു. 1960 -ല്‍ മരിക്കുന്നതിന് തൊട്ടുമുമ്പാണ് തനിക്ക് ജന്മം നല്‍കിയ അമ്മയെ കാണാന്‍ ലിഡിയയ്ക്ക് കഴിഞ്ഞത്. 

ലിഡിയയുടെ ജീവിതത്തെ അടിസ്ഥാനമാക്കി '70072: ദ ഗേള്‍ ഹൂ കുഡിന്‍റ് ഹേറ്റ്. ദ ട്രൂ സ്റ്റോറി ഓഫ് ലിഡിയ മാക്‌സിമോവിച്ച്' (70072: The Girl Who Couldn't Hate. The true story of Lidia Maksymowicz) എന്ന പേരില്‍ ഡോക്യുമെന്‍ററി ഇറങ്ങിയിട്ടുണ്ട്. പോപ്പുലിസത്തെ കുറിച്ചും തീവ്രവാദത്തെ കുറിച്ചും അതിന്‍റെ അപകടങ്ങളെ കുറിച്ചും വിവിധ സ്കൂളുകളിലും പരിപാടികളിലും ലിഡിയ സംവദിക്കാറുണ്ട്. 

ജർമ്മൻ അധിനിവേശ യൂറോപ്പിൽ നാസികളും അവരുടെ സഖ്യകക്ഷികളും ആറ് ദശലക്ഷം ജൂതന്മാരെയും മറ്റുള്ളവരെയും കൊലപ്പെടുത്തിയെന്നാണ് കണക്കാക്കുന്നത്. ഓഷ്വിറ്റ്സിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്ന് കണക്കാക്കുന്നു. അവരിൽ ഭൂരിഭാഗവും ജൂതന്മാരായിരുന്നു. ഫ്രാൻസിസ് മാര്‍പാപ്പ 2016 -ൽ ഓഷ്വിറ്റ്സ് സന്ദർശിച്ചിരുന്നു. 

(ചിത്രങ്ങൾ: ​ഗെറ്റി ഇമേജസ്)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios