രണ്ടാഴ്ച മുമ്പാണ് യുകെയിലെ ഡർഹാം സർവ്വകലാശാലയിലേക്ക് പുതുതായി പ്രവേശനം നേടി എത്താനിരുന്ന വിദ്യാർത്ഥികൾക്കിടയിൽ നടന്ന ഒരു ഫേസ്‌ബുക്ക് ഗ്രൂപ്പ് ചാറ്റ് ലീക്കായതും, പിന്നീടത് വൈറലായതും. സെപ്റ്റംബർ 28 മുതൽ ക്‌ളാസ് തുടങ്ങാനിരുന്ന പിള്ളേരുടെ ഗ്രൂപ്പ് ചാറ്റ് പുറത്തുവന്നത്  'Overheard at Durham Uni' എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലൂടെയാണ്.പുതുതായി ജോയിൻ ചെയ്യാനിരുന്ന വിദ്യാർത്ഥികൾക്കിടയിൽ പണക്കാർ പയ്യന്മാർ ചേർന്നുണ്ടാക്കിയ ഒരു ഗ്രൂപ്പിൽ നടന്ന ചാറ്റാണ് പുറത്തുപോയത്. പ്രസ്തുത ഗ്രൂപ്പിൽ, ബലാത്സംഗം, പീഡനം തുടങ്ങിയവ തമാശരൂപേണ ചർച്ച ചെയ്യപ്പെടുന്നുണ്ടായിരുന്നു.

'ഡർഹാം ബോയ്സ് മേക്കിങ് ഓൾ ദ നോയ്‌സ്' എന്ന പേരിലായിരുന്നു അറുപതോളം ഫ്രഷേഴ്‌സ് ചേർന്നുണ്ടാക്കിയ ആ ഗ്രൂപ്പ് അറിയപ്പെട്ടിരുന്നത്.  ഗ്രൂപ്പിലെ പണക്കാർ പയ്യന്മാർക്കിടയിൽ ഒരു പന്തയം നടന്നു. യൂണിവേഴ്സിറ്റിയിൽ ചേരാനെത്തുന്ന പുതിയ വിദ്യാർത്ഥിനികൾക്കിടയിൽ ഏറ്റവും ദാരിദ്ര്യമുള്ള പശ്ചാത്തലത്തിൽ നിന്നെത്തുന്ന പെൺകുട്ടിയെ ആര് ആദ്യം വീഴ്ത്തി, അവളുമായി സെക്സിൽ ഏർപ്പെടും എന്നതായിരുന്നു പന്തയം. പാവപ്പെട്ട പെൺകുട്ടിയെ കണ്ടെത്തി അവളുമായി പ്രണയം നടിച്ച് ഏതുവിധേനയും കിടപ്പറയിലെത്തിച്ച് രതിയിലേർപ്പെടുക എന്നതിൽ ആര് ആദ്യം വിജയിക്കുന്നുവോ അയാൾ ബെറ്റ് ജയിക്കും എന്നായിരുന്നു മത്സരം. 
 
സംഗതി ലീക്കായി, സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ഇത്തരത്തിലുള്ള അധമ മനോഭാവം ഇന്നും പതിനേഴും പതിനെട്ടും വയസ്സുള്ള കുട്ടികൾക്കിടയിൽ നിലനിൽക്കുന്നുണ്ട് എന്നതിൽ പലരും ഞെട്ടൽ പ്രകടിപ്പിച്ചു കൊണ്ട് ട്വീറ്റ് ചെയ്തു. 

 


ഈ ഗ്രൂപ്പിലെ അംഗങ്ങളായ ചില വിദ്യാർത്ഥികൾ തന്നെയാണ് ഈ മെസ്സേജുകളുടെ സ്‌ക്രീൻ ഷോട്ട് എടുത്ത് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന് അയച്ചു കൊടുത്തത്. ഇത്തരത്തിലുള്ളവർ തങ്ങളുടെ സഹപാഠികൾ ആകുന്നതിൽ ചിലർ പ്രതിഷേധവും അറിയിച്ചു. ഇവർക്കെതിരെ കർശന നടപടി എടുത്തതായി സർവകലാശാല പ്രോ വൈസ് ചാൻസലർ ജെറെമി കുക്ക് മാധ്യമങ്ങളോട് പറഞ്ഞു. മേൽപ്പറഞ്ഞ ആരോപണങ്ങളും, സ്‌ക്രീൻ ഷോട്ടുകളിൽ കാണുന്ന സംഭാഷണങ്ങളും നടത്തിയ വിദ്യാർത്ഥികൾ ഡർഹാം സർവകലാശാല മുന്നോട്ട് വെക്കുന്ന തത്വങ്ങൾക്ക് വിരുദ്ധമാണ് എന്നും അവർക്ക് ക്യാമ്പസിൽ ഇടമുണ്ടാകില്ല എന്ന് താൻ ഉറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.