ഒഡിഷക്കാർ  സ്നേഹം കൊണ്ട് ഇവരെ വിളിക്കുന്ന പേര്  'പരി മാ' എന്നാണ്. പരി എന്നുവെച്ചാൽ മാലാഖ എന്നർത്ഥം. 

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ഇന്നുവരേക്കും ഏറ്റവും അധികം സ്ത്രീകൾ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അവരിൽ രാഹുൽ ഗാന്ധിയെ മലർത്തിയടിച്ചു കൊണ്ട് കടന്നുവന്ന സ്മൃതി ഇറാനി മുതൽ തന്റെ കന്നിയങ്കത്തിൽ ജയിച്ചു കേറിയ ചന്ദ്രാനി മുർമു എന്ന ഏറ്റവും പ്രായം കുറഞ്ഞ എംപി വരെ ഉണ്ട്. 

എന്നാൽ, ഇവരൊന്നുമല്ല ശരിക്കുള്ള താരം, അത് ഒഡിഷയിൽ നിന്നുള്ള പ്രമീളാ ബിസോയ് എന്ന അമ്മൂമ്മയാണ്. സ്ത്രീകളുടെ സ്വയംതൊഴിൽ സംരംഭങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞിട്ടാ അവർ, ഇത്തവണ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ തന്റെ പ്രവർത്തനമണ്ഡലം അങ്ങ് ദില്ലിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. 

എഴുപതുകാരിയായ ഈ അമ്മൂമ്മയുടെ രൂപം വളരെ ലളിതമാണ്. വില കുറഞ്ഞ ഒരു കോട്ടൺ സാരി. നെറ്റിയിൽ ചെറിയൊരു പൊട്ട്, നെറുകയിൽ സിന്ദൂരം ഇത്രയും ഒരൊറ്റ നോട്ടത്തിനു തന്നെ ആരുടെയും കണ്ണിൽപ്പെടും. ബിജു ജനതാദൾ ആണ് ഒഡിഷയിലെ അസ്കാ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും ടിക്കറ്റ് നൽകി ഇവരെ പാർലമെന്റിലേക്ക് ജയിപ്പിച്ചയച്ചിരിക്കുന്നത്. രണ്ടു ലക്ഷത്തിലധികം വോട്ടിന്റെ കനത്ത ഭൂരിപക്ഷത്തിനാണ് പ്രമീളയുടെ വിജയം. 

ഒഡിഷക്കാർ സ്നേഹം കൊണ്ട് ഇവരെ വിളിക്കുന്ന പേര് 'പരി മാ' എന്നാണ്. പരി എന്നുവെച്ചാൽ മാലാഖ എന്നർത്ഥം. ഈ രാജ്യത്ത് രൂപീകരിക്കപ്പെട്ട പരശ്ശതം 'സ്വയം സഹായ സഹകരണസംഘ'ങ്ങളിൽ ഒരെണ്ണത്തിനെ അമരക്കാരി മാത്രമായ ഇവരെ അവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു എംപി എന്ന നിലയിലേക്കുയർത്തിയത് എന്താവും..? ആ സംഭവങ്ങൾ സിനിമാക്കഥയെ വെല്ലുന്നത്ര നാടകീയമാണ്. 


അഞ്ചു വയസ്സുള്ളപ്പോൾ വീട്ടുകാർ പ്രമീളയെ വിവാഹം കഴിപ്പിച്ചു വിട്ടു. അതുകൊണ്ട് അവർക്ക് തുടർന്ന് പഠിക്കാൻ സാധിച്ചില്ല. അതൊന്നും പക്ഷേ, അവരുടെ സാമൂഹ്യപ്രവർത്തന താത്പര്യങ്ങൾക്ക് തടസ്സമായില്ല. ആദ്യം അവർ വീടിനു പുറത്ത് കടക്കാനുള്ള ഒരു കാരണം തേടി. അധികം താമസിയാതെ അവർക്ക് ഗ്രാമത്തിലെ അംഗനവാടിയിലെ അടുക്കളക്കാരിയുടെ ജോലി തരപ്പെട്ടു. ആ ഗ്രാമത്തിലെ വനിതകൾ അനുഭവിച്ചു കൊണ്ടിരുന്ന സാമ്പത്തികമായ പരാധീനതകൾ അവരെ വല്ലാതെ വിഷമിപ്പിച്ചു. എന്തിനും ഏതിനും ഭർത്താക്കന്മാരേയും, അച്ഛനമ്മമാരെയും ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ എത്ര സങ്കടകരമാണ് എന്ന് അവർ തിരിച്ചറിഞ്ഞു. അതിനു പരിഹാരമുണ്ടാക്കാൻ വേണ്ട പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ അവർ തുനിഞ്ഞിറങ്ങി. അങ്ങനെയാണ് ഗ്രാമത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു 'സ്ത്രീ സ്വയം സഹായ സഹകരണസംഘ'ത്തിന് അവർ രൂപം നൽകി. അതിൽ വളരെ മികച്ച രീതിയിലുള്ള വിജയം നേടാനായി അവർ താമസിയാതെ ഒഡിഷയിലെ മഹിളാ സ്വയം സഹായ സംഘങ്ങളുടെ കൂട്ടായ്മയായ 'മിഷൻ ശക്തി'യുടെയും പ്രതിനിധിയായി. ഒഡിഷ സർക്കാർ തങ്ങളുടെ അഭിമാന പ്രോജക്ടായിരുന്ന 'മിഷൻ ശക്തി'യുടെ ബ്രാൻഡ് അംബാസഡറായിത്തന്നെ തിരഞ്ഞെടുത്തു പ്രമീള ബിസോയിയെ.

" മിഷൻ ശക്തിയുടെ പ്രവർത്തനങ്ങളോട് സഹകരിച്ച ലക്ഷക്കണക്കിന് സ്ത്രീകൾക്കുള്ള എന്റെ ചെറിയ ഒരു സമ്മാനം.." എന്നും പറഞ്ഞാണ് കഴിഞ്ഞ മാർച്ചിൽ പ്രമീള ബിസോയിയുടെ സ്ഥാനാർത്ഥിത്വം ബിജു പട് നായിക് പ്രഖ്യാപിച്ചത്. 

പ്രമീളയുടെ ഭർത്താവ് ഒരു ക്‌ളാസ് 4 സർക്കാർ ജീവനക്കാരനായിരുന്നു. മൂത്തമകൻ ദിലീപ് ഒരു ചായക്കട നടത്തുന്നു. ഇളയമകൻ രഞ്ജന് ഒരു വർക്ക് ഷോപ്പുണ്ട്. ടിൻ ഷീറ്റ് മേഞ്ഞ ഒരു ചെറിയ വീടിനുള്ളിലാണ് അവർ ഇന്നും കഴിഞ്ഞു പോരുന്നത്. 

മൂന്നാം ക്‌ളാസ് വരെ മാത്രമേ പ്രമീള പഠിച്ചിട്ടുള്ളൂ. എന്നിട്ടും ഗ്രാമത്തിലെ പാവപ്പെട്ട സ്ത്രീകളെ ഏകോപിപ്പിച്ചുകൊണ്ട് അവർ നടത്തിയ പ്രവർത്തനങ്ങൾ അവരുടെയൊക്കെ ജീവിതങ്ങളിൽ ഉണ്ടാക്കിയ മാറ്റങ്ങൾ എത്രയോ വലുതായിരുന്നു. കഴിഞ്ഞ 15 വർഷമായി നിസ്വാർത്ഥമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന അവർക്ക് കിട്ടിയ വലിയ ഒരു അംഗീകാരമായിരുന്നു യഥാർത്ഥത്തിൽ ഈ ലോക്സഭാ ടിക്കറ്റ്. അവരെ അകമഴിഞ്ഞ് സ്നേഹിക്കുന്ന നാട്ടുകാർ വോട്ടും വാരിക്കോരി കൊടുത്തതോടെ അവർ അസ്‌കയിൽ നിന്നും പാട്ടും പാടി ജയിച്ചുകേറി. 

ഗ്രാമത്തിൽ അവരുടെ മുൻകൈയിൽ ഒരു ഇക്കോ പാർക്ക് തന്നെ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. സമകാലിക സംഭവങ്ങളുടെ ചുവടുപിടിച്ച് പാട്ടുകളെഴുതാനും, സ്ത്രീകൾക്ക് പ്രചോദനം പകരാനുമുള്ള അവരുടെ കഴിവ് അസാമാന്യമാണെന്നാണ് ഗ്രാമവാസികൾ പറയുന്നത്. സ്വന്തമായുള്ള ഒരു തുണ്ടു ഭൂമിയിൽ കൃഷിപ്പണി ചെയ്യുന്നതും പ്രമീള തന്നെത്താനാണ്. 

 സ്വയംസഹായ സഹകരണ സംഘങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കിടയിൽ പ്രമീളയ്‌ക്ക് ഒരു അമ്മയുടെ സ്ഥാനമാണ്. സ്ത്രീകളെ ഒരുമിച്ചു നിർത്തി കൃഷിയും, കൃഷി അനുബന്ധ വ്യവസായങ്ങളും തുടങ്ങാനും അതുവഴി വരുമാനം കണ്ടെത്താനുമുള്ള പ്രവർത്തനങ്ങൾക്ക് എന്നും പ്രമീള നേതൃത്വം നൽകിയിപ്പോന്നിരുന്നു.

സ്‌കൂളിലൊന്നും അങ്ങനെ പോയിട്ടില്ലാത്തതുകൊണ്ട് ഒഡിയ അല്ലാതെ മറ്റൊരു ഭാഷയും പ്രമീളാ ബസോയിക്ക് വശമില്ല. എന്നാൽ, രാഷ്ട്രീയമെന്നത് ഹിന്ദിയും ഇംഗ്ലീഷും അറിയുന്നവർക്ക് മാത്രമുളള സംഗതിയാണെന്ന് പറഞ്ഞാൽ അവർ സമ്മതിച്ചു തരികയില്ല.

 " ഞാൻ പാർലമെന്റിൽ ചെന്നാലും, അഭിമാനത്തോടെ എന്റെ മാതൃഭാഷയായ ഒഡിയയിൽ തന്നെ സംസാരിക്കും.. എന്റെ മണ്ഡലത്തിന് വേണ്ടതൊക്കെ നേടിയെടുക്കുകയും ചെയ്യും.. " - ഇത് പറഞ്ഞപ്പോൾ അവരുടെ കണ്ണുകളിൽ ആത്മവിശ്വാസം സ്ഫുരിച്ചു നിന്നിരുന്നു.