Asianet News Malayalam

കുന്നുകയറി, വെള്ളച്ചാട്ടവും കാട്ടരുവികളും കടന്ന് ​ഗ്രാമങ്ങളിലെ ജനങ്ങൾക്ക് മരുന്നെത്തിക്കുന്ന യുവതി...

'നേരത്തെ സ്ത്രീകളും പെണ്‍കുട്ടികളും അവരുടേതായ ആരോഗ്യ പ്രശ്നങ്ങള്‍ വീട്ടിലെ പുരുഷന്മാരുമായും മറ്റും പങ്കിടാന്‍ മടിച്ചിരുന്നു. എന്നാല്‍, താനൊരു സ്ത്രീയായത് കാരണം തന്നോട് അവരെല്ലാം തുറന്നു പറയുന്നു' എന്ന് പ്രവാസിനി പറയുന്നു. 

pravasini batakar who working for village people in this pandemic
Author
Odisha, First Published Jun 14, 2021, 12:15 PM IST
  • Facebook
  • Twitter
  • Whatsapp

മഹാമാരിയിൽ വേണ്ടത്ര ശ്രദ്ധയോ പരി​ഗണനയോ കിട്ടാത്ത ഒരുപാട് മനുഷ്യർ ഇന്ത്യയിലെ പല ഒറ്റപ്പെട്ട പ്രദേശങ്ങളിലുമുണ്ട്. അതിവിദൂരപ്രദേശങ്ങളിൽ താമസിക്കുന്ന ​ഗോത്രവിഭാ​ഗക്കാരായ ജനങ്ങളിലേക്കടക്കം നേരത്തെ തന്നെ വേണ്ടത്ര ശ്രദ്ധ പതിയുന്നില്ല. എന്നാൽ, കാലാവസ്ഥയോ മറ്റ് പ്രതികൂല സാഹചര്യങ്ങളോ കണക്കിലെടുക്കാതെ അവരിലേക്ക് ആവശ്യമായ മരുന്നുകളും ബോധവൽക്കരണവുമായി എത്തുകയാണ് ഒഡീഷയിലെ കന്ധമാലില്‍ നിന്നുള്ള 33 -കാരി പ്രവാസിനി ബടാകര്‍. ഒറ്റപ്പെട്ടയിടങ്ങളില്‍ കഴിയുന്ന തുമുഡിബന്ദ ബ്ലോക്കിലെ ആദിവാസിജനതയിലേക്ക് മരുന്നുകളുള്‍പ്പടെയുള്ള ആരോഗ്യസേവനങ്ങൾ എത്തിക്കുകയാണ് അവൾ. 

റോഡുകളോ ടെലിഫോൺ കണക്റ്റിവിറ്റിയോ ഇല്ലാത്ത, അടിസ്ഥാന സൗകര്യങ്ങളില്‍ പോലും വളരെ പിന്നോക്കം നില്‍ക്കുന്ന മലയോര പ്രദേശങ്ങളിലും വനപ്രദേശങ്ങളിലുമാണ് കാന്ധമാലിലെ ഗോത്രവർഗക്കാർ കൂടുതലും താമസിക്കുന്നത്. അതിനാല്‍ തന്നെ അവിടെ ആരോഗ്യസംരക്ഷണമേഖലയും വളരെ പിന്നോക്കാവസ്ഥയിലായിരുന്നു. റോഡ് പോലുമില്ലാത്ത അവിടെ ജോലി ചെയ്യുക എന്നത് വളരെ കഠിനമായിരിക്കും എന്ന് പ്രവാസിനിക്ക് അറിയാമായിരുന്നു. മാത്രവുമല്ല, അവിടുത്തെ ജനങ്ങള്‍ പലപ്പോഴും പരമ്പരാഗതരീതികളാണ് അസുഖം വരുമ്പോള്‍ പലിശീലിച്ചിരുന്നത്. കൃത്യമായ മരുന്നോ ചികിത്സയോ കിട്ടാത്തത് നേരത്തെ തന്നെ ഈ ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടാക്കിയിരുന്നു. മഹാമാരി കൂടി വന്നതോടെ അത് കൂടുതല്‍ ആശങ്കാജനകമായി. അതോടെ, പ്രവാസിനിയുടെ പ്രവൃത്തി കൂടുതല്‍ ​ഗൗരവപൂര്‍ണമായി. 

'പോഷകാഹാരക്കുറവാണ് അവരുടെ എല്ലാ ആരോഗ്യപ്രശ്നങ്ങളുടെയും കാതൽ, ആരോഗ്യമേഖലയിലെ സൗകര്യങ്ങളുടെ അഭാവം മാതൃ-ശിശുമരണനിരക്കും ഉയർത്തുന്നു. അതിനാല്‍ ജോയിന്‍ ചെയ്ത അന്നുമുതല്‍ അവരിലേക്ക് അടിസ്ഥാന ആരോഗ്യസേവനങ്ങളെത്തിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തിരുന്നു' എന്ന് പ്രവാസിനി പറയുന്നു. 

2018 -ല്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ആത്മശക്തി ട്രസ്റ്റിന് കീഴിലുള്ള 'ജീബികാ സുരക്ഷാ മഞ്ച'യുടെ കീഴില്‍ ഈ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു പ്രവാസിനി. പക്ഷേ, മൂന്നുമാസം പ്രവര്‍ത്തിച്ച ശേഷം പോഷകാഹാരക്കുറവ് ഇല്ലാതെയാക്കാനുള്ള സംഘടനയുടെ പ്രൊജക്ടിന്‍റെ ഭാഗമായി അവള്‍. സംഘടനയുടെ കീഴില്‍ തന്നെയാണ് 'ഹെല്‍ത് കിറ്റും' രൂപമെടുക്കുന്നത്. അന്നുമുതൽ അവള്‍ ഒരു 'ഹെൽത്ത് ആനിമേറ്റർ' ആയി പ്രവർത്തിക്കുന്നു. ജനങ്ങള്‍ക്ക് അവശ്യമരുന്നുകളെത്തിക്കുക, സര്‍ക്കാരിന്‍റെ ആരോഗ്യപദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനും ആനുകൂല്യങ്ങള്‍ നേടാനും അവരെ സഹായിക്കുക, സ്ഥലത്തെ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുക എന്നതെല്ലാം അവള്‍ ചെയ്യുന്നു. 

സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പലരേയും പോലെ അല്ല പ്രവാസിനി. വളരെ കഷ്ടത നിറഞ്ഞ ചുറ്റുപാടില്‍ നിന്നുമാണ് അവള്‍ വരുന്നത്. അവള്‍ക്ക് അവളുടെ വീട്ടുകാരെ സഹായിക്കേണ്ടതുമുണ്ട്. എന്നാലും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച വരുത്താറില്ല അവള്‍. ഒറ്റപ്പെട്ട് കിടക്കുന്ന ഈ ഗ്രാമത്തിലെ ജനങ്ങള്‍ക്കിടയില്‍ മരുന്നും മറ്റുമെത്തിക്കാനായും ആരോഗ്യകാര്യങ്ങളില്‍ അവരെ ബോധവല്‍ക്കരിക്കാനായും പ്രതികൂല കാലാവസ്ഥയിലും അവള്‍ അവിടെയെത്തുന്നു. മഴക്കാലത്ത് പലപ്പോഴും വെള്ളച്ചാട്ടങ്ങളും കുത്തിയൊലിക്കുന്ന അരുവികളും കടന്നുവേണം അവള്‍ക്ക് ആ ഗ്രാമങ്ങളിലെത്താന്‍. 

'നേരത്തെ സ്ത്രീകളും പെണ്‍കുട്ടികളും അവരുടേതായ ആരോഗ്യ പ്രശ്നങ്ങള്‍ വീട്ടിലെ പുരുഷന്മാരുമായും മറ്റും പങ്കിടാന്‍ മടിച്ചിരുന്നു. എന്നാല്‍, താനൊരു സ്ത്രീയായത് കാരണം തന്നോട് അവരെല്ലാം തുറന്നു പറയുന്നു' എന്ന് പ്രവാസിനി പറയുന്നു. ഗ്രാമവാസികളും ജനപ്രതിനിധികളും എല്ലാം പ്രവാസിനിയെ അവളുടെ ഈ ആത്മാര്‍ത്ഥതയില്‍ പ്രശംസിക്കുന്നു.

'നേരത്തെ, ചെറിയ പനിയോ തലവേദനയോ വന്നാല്‍ പോലും ചികിത്സക്കായി സർക്കാരിന്‍റെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്താൻ തങ്ങൾക്ക് എട്ട് മുതൽ 10 കിലോമീറ്റർ വരെ സഞ്ചരിക്കേണ്ടി വരുമായിരുന്നു. അതുപോലെ കുന്നിറങ്ങി അവിടെയെത്തുക എന്നതും പ്രയാസമായിരുന്നു. ചിലപ്പോള്‍ അവിടെഎത്തുമ്പോഴായിരിക്കും ഡോക്ടറില്ല എന്ന് അറിയുന്നത്. എന്നാല്‍, ഇന്ന് ആ അവസ്ഥയില്ല. അതിന് നന്ദി പ്രവാസിനിയോടും സംഘത്തോടുമാണ്' എന്ന് ഗുമാ ഗ്രാമപഞ്ചായത്ത് സര്‍പഞ്ചായ സസ്മിത മാജി പറയുന്നു. സംസ്ഥാന സര്‍ക്കാരും ഫ്രീ എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് സൗകര്യങ്ങളടക്കം ഇപ്പോള്‍ നല്‍കുന്നുവെന്നും അവര്‍ പറയുന്നു.

'പ്രവാസിനിയുടെ ജോലി ഇവിടെ അവസാനിക്കുന്നില്ല. ബാലവിവാഹം, ആർത്തവ ശുചിത്വം എന്നിവയെ കുറിച്ചൊക്കെ അവർ ആളുകളെ ബോധവത്കരിക്കുകയും ഈ കുടുംബങ്ങളുടെ സന്തുലിത പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വീട്ടുമുറ്റത്തെ അടുക്കളത്തോട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു' പോഷകാഹാരക്കുറവ് രഹിത ഗ്രാമങ്ങളുടെ പ്രോജക്ട് മാനേജർ നിത്യാനന്ദ താനപതി പറയുന്നു കാന്ധമാലിലെ നാല് ബ്ലോക്കുകളിലായി 21,000 ഗ്രാമീണര്‍ക്കിടയിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

'ഹെല്‍ത് കിറ്റ്' വഴി ഗ്രാമീണരുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട് എന്നും പ്രവാസിനിയെ പോലെയുള്ള യുവതികള്‍ പ്രവര്‍ത്തനരംഗത്ത് മാതൃകയാണ് എന്നും പ്രോജക്ട് നടപ്പാക്കുന്നതിനായി ജീബിക സുരക്ഷ മഞ്ചയുമായി ചേർന്ന് പ്രവർത്തിക്കുന്ന സംഘടനയായ ആത്മശക്തി ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ട്രസ്റ്റി രുചി കശ്യപും പറയുന്നു.

ഏതായാലും ഈ മഹാമാരിക്കാലത്ത് പ്രവാസിനി ശരിക്കും അഭിനന്ദനം അർഹിക്കുന്നു എന്നത് പ്രത്യേകം പറയേണ്ടതില്ല.

(വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ) 

Follow Us:
Download App:
  • android
  • ios