കാലം മാറിയപ്പോൾ ജനങ്ങളുടെ കാഴ്‍ച്ചപ്പാടുകൾ മാറിയിട്ടുണ്ടെങ്കിലും, ഇപ്പോഴും ചില കാര്യങ്ങൾ അംഗീകരിക്കാൻ നാം തയ്യാറല്ല. ഭൂരിഭാഗം വരുന്ന ജനങ്ങളിൽനിന്ന് മാറി ചിന്തിക്കുന്ന സ്വവർഗാനുരാഗികൾ, ട്രാന്‍സ്ജെന്‍ഡര്‍ തുടങ്ങിയവരെ സമൂഹം ഇന്നും പുച്ഛത്തോടെയാണ് കാണുന്നത്. മതങ്ങൾ അനുശാസിക്കുന്ന നിയമങ്ങൾ പറഞ്ഞ് നമ്മൾ അവരെ അകറ്റിനിർത്താൻ ശ്രമിക്കുന്നു. എന്നാൽ, ഒരു പുരോഹിതൻ തന്നെ അത്തരം കാഴ്ചപ്പാടുകൾ തിരുത്താൻ സമൂഹത്തിന്‍റെ ഇടയിലേക്ക് ഇറങ്ങിവന്നാലോ? ഫാദർ തോമസ് നൈനാനെ പോലുള്ള പുരോഹിതർ അതിനുദാഹരണങ്ങളാണ്.

ഇന്ത്യയിലെ ഏറ്റവും പുരാതന ക്രിസ്ത്യൻ ചർച്ചായ ഇന്ത്യൻ ഓർത്തഡോക്സ് സമൂഹത്തിൽ പെട്ടയാളാണ് ഫാദർ തോമസ് നൈനാൻ. “ഞാൻ യഥാർത്ഥത്തിൽ ഒരു മലയാളിയാണ്, പക്ഷേ ഇപ്പോൾ ഞാൻ പലതുമാണ്" ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.  25-ാം വയസ്സിൽ അദ്ദേഹത്തിന് ദൈവവിളി ലഭിച്ചു. 30-ാം വയസ്സിൽ പുരോഹിതനായ അദ്ദേഹം ഒരു സ്വവർഗ്ഗാനുരാഗിയായിരുന്നു. “2008 -ൽ, ഒരു യുവജന സമ്മേളനത്തിൽ ഞാൻ എന്‍റെ സ്വവർഗ്ഗാനുരാഗത്തെ നേരിടേണ്ടിവന്നു. എത്ര ചെറുപ്പക്കാർ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചപ്പോൾ, അവരിൽ ചിലർ സ്വവർഗ്ഗാനുരാഗികളായതിനാൽ തങ്ങൾക്ക് വിവാഹം കഴിക്കാൻ താല്പര്യമില്ലെന്ന് എഴുതി. ഞാൻ ഇത്തരമൊരു സന്ദർഭത്തെ നേരിടുന്നത് ഇതാദ്യമായിട്ടായിരുന്നു. സമ്മേളനത്തിന്‍റെ ചുമതലയുള്ള പുരോഹിതന് ഇത് വായിച്ച് ദേഷ്യം അടക്കാനാവാതെ, ക്രിസ്‍തീയ വിശ്വാസത്തിൽ സ്വവർഗ്ഗരതിക്ക് സ്ഥാനമില്ലെന്ന് പഠിപ്പിക്കാൻ ഒരു പ്രത്യേക വർക്ക് ഷോപ്പ് പോലും നടത്തുകയുണ്ടായി” ഫാദർ പറയുന്നു.

ദൈവശാസ്ത്രപഠനത്തിനായി ദക്ഷിണാഫ്രിക്കയിൽ പോയത് ഫാദറിന്‍റെ ഇതിനോടൊക്കെയുള്ള കാഴ്ചപ്പാടുകൾ മാറ്റാൻ സഹായിച്ചു. അവിടെ അദ്ദേഹത്തിന് സ്വവർഗ്ഗാനുരാഗികളായ കൂട്ടുകാരുണ്ടായിരുന്നു. അതിൽ അല്പം പോലും കുറ്റബോധം അവർക്കുണ്ടായിരുന്നുമില്ല. “90 -കളിൽ ദക്ഷിണാഫ്രിക്ക ഒരേ ലൈംഗിക യൂണിയനുകളെ നിയമവിധേയമാക്കിയിട്ടുണ്ടെങ്കിലും, അവർക്ക് അവരുടേതായ പ്രശ്നങ്ങളുണ്ടായിരുന്നു. എന്‍റെ കോഴ്സിന്‍റെ ഒരുഭാഗം സ്വവർഗരതിയെകുറിച്ച് പഠിക്കാൻ ഞാൻ ചെലവഴിച്ചു. ഒരു വ്യക്തി എന്താണെന്നതിന്‍റെ അടിസ്ഥാനത്തിൽ ആ വ്യക്തിയോട് വിവേചനം കാണിക്കാൻ പാടില്ലെന്ന് ഞാൻ മനസ്സിലാക്കി. ഇതിനായി എന്‍റെ വിശ്വാസ വ്യവസ്ഥയെ ആഴത്തിൽ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു. 2013 -ൽ ഞാൻ ദക്ഷിണാഫ്രിക്ക വിട്ടു, ഞാൻ കണ്ടെത്തിയ അറിവുകളും കുറിപ്പുകളും ഇന്ത്യയിൽ ആരും ശ്രദ്ധിക്കില്ലെന്ന് കരുതി അവിടെത്തന്നെ ഞാൻ ഉപേക്ഷിച്ചു ” അദ്ദേഹം പറഞ്ഞു.

തിരിച്ചുവന്ന അദ്ദേഹം ലഹരിവസ്‍തുക്കൾ ഉപയോഗിക്കുന്നവരെയും എയ്‍ഡ്‍സ് ബാധിച്ച രോഗികളെയും പരിചരിക്കുന്നതിനായി സമയം ചെലവഴിച്ചു. എന്തെങ്കിലും വലുതായി ചെയ്യണമെന്ന് ഫാദർ എന്നും ആഗ്രഹിച്ചിരുന്നു. ഇന്ത്യയിലെ പ്രൊട്ടസ്റ്റൻറ്, ഓർത്തഡോക്സ് പള്ളികളുടെ കൂട്ടായ്‍മക്കായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (എൻ‌സി‌സി‌ഐ). വളരെ കുറഞ്ഞ ശമ്പളത്തിൽ അതിലൊരു ഒഴിവ് വന്നു. ഒരു വർഷത്തിനപ്പുറം നിലനിൽക്കുമോ എന്നുറപ്പില്ലാത്ത ഒരു പദ്ധതിയുടെ ഭാഗമാകാൻ അങ്ങനെ അദ്ദേഹം തയ്യാറായി.

2015 മുതൽ, സ്വവർഗ യൂണിയനുകളെയും ട്രാൻസ്‌ജെൻഡർ അവകാശങ്ങളെയും കുറിച്ച് വർക്ക്‌ഷോപ്പുകൾ പള്ളികളിൽ അദ്ദേഹം നടത്താൻ ആരംഭിച്ചു. “പതുക്കെ പള്ളികളിൽ ഈ വിഷയം വളരെയധികം അനുകമ്പയും സഹാനുഭൂതിയും നേടാൻ തുടങ്ങി. വാസ്‍തവത്തിൽ, ചില ദൈവശാസ്ത്ര കോളേജുകളിലും, മറ്റ് കോളേജുകളിലും ഇത്തരം വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കുകയും, ഒരു വിദ്യാർത്ഥിയെങ്കിലും സ്വവർഗരതിയെക്കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിക്കുകയും ചെയ്യാൻ തുടങ്ങി.'' ഫാദര്‍ പറയുന്നു.

2018 -ൽ കോടതിയിൽ സ്വവർഗ്ഗരതി നിയമവിരുദ്ധമാണോ എന്ന വാദം ഉയർന്നു. അപ്പോൾ ഫാദർ തോമസിന്‍റെ കൂടെ പ്രവർത്തിക്കുന്ന പള്ളി സംഘടനകൾ സ്വവർഗാനുരാഗികളെ അംഗീകരിക്കാനും സഭയോട് ഇണക്കാനും കാണിക്കുന്ന താല്പര്യത്തെ സുപ്രീം കോടതി അഭിനന്ദിക്കുകയായിരുന്നു.

"ഇനിയും കുറെ ചെയ്യാനുണ്ട്. ഇപ്പോഴും കത്തോലിക്കാ സഭ വേറിട്ട ജീവിതശൈലികളെ ശക്തിയായി എതിർക്കുന്നു.  ഞങ്ങൾ ഇന്ത്യയിലെ ഓരോ പള്ളിയിലും അവർക്കായി ഒരു സ്ഥാനം നേടിയെടുക്കും" അദ്ദേഹം പറഞ്ഞു. ഫാദർ തോമസ് സ്വവർഗ്ഗാനുരാഗികളുടെ പ്രശ്നങ്ങൾ മാത്രമല്ല, ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്നു. “ഫാദർ തോമസിനെപ്പോലുള്ള പുരോഹിതരെ കണ്ടെത്തുന്നത് വളരെ അപൂർവമാണ്. പലരും യേശുക്രിസ്തു എല്ലാവരേയും തുല്യമായി സ്നേഹിക്കുന്നുവെന്ന് പറയുകയും എന്നാൽ പ്രവൃത്തിയിൽ അത് കാണിക്കാതിരിക്കുകയും ചെയ്യുന്നു. എന്നാൽ അദ്ദേഹം പ്രവൃത്തിയിലൂടെ അത് കാണിച്ച് തരുന്നു” ട്രാൻസ് വുമണായ ഡാനിയൽ മെൻഡോങ്ക പറഞ്ഞു. സമൂഹം ഒറ്റപ്പെടുത്തുന്നവർക്കായി ഒരു പുതിയ പാത കാണിക്കുകയും അവരുടെ ഉന്നതിയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന ഫാദർ തോമസ് എല്ലാവർക്കുമൊരു മാതൃകയാണ്. 

 

(കടപ്പാട്: വൈസ്)