Asianet News MalayalamAsianet News Malayalam

രണ്ടാം ഘട്ടത്തിൽ കൃത്യം 'ക്വാറന്റൈൻ കാലാവധി'യിലേക്ക് രാജ്യത്തെ ലോക്ക് ഡൗൺ നീട്ടി പ്രധാനമന്ത്രി

'നാൽപത്' എന്ന് അർത്ഥം വരുന്ന ക്വാറന്റിന('quarantena') എന്ന ഇറ്റാലിയൻ വാക്കിൽ നിന്നാണ് 'ക്വാറന്റൈൻ' എന്ന പദം വന്നത്.
Prime Minister Modi extends the Lock down to match the exact quarantine period to fight Covid 19
Author
Delhi, First Published Apr 15, 2020, 12:03 PM IST
ഇന്ത്യയിലെ ലോക്ക് ഡൗൺ കാലാവധി ആദ്യം പ്രഖ്യാപിച്ചിരുന്ന 21 ദിവസത്തിൽ നിന്ന് നീട്ടി 40 ദിവസമാക്കി മാറ്റപ്പെട്ടിരിക്കുകയാണല്ലോ. കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യയിലെ ജനങ്ങൾക്ക് മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നതിനുള്ള വിലക്കാണല്ലോ ലോക്ക് ഡൗൺ എന്ന ഈ വീട്ടിലിരിപ്പിന്റെ രൂപത്തിൽ ജനങ്ങൾക്കുമേൽ നിർബന്ധമായി ഏർപ്പെടുത്തിയിട്ടുള്ളത്. ഇവിടെ രസകരമായ ഒരു യാദൃച്ഛികതയുണ്ട്. അത്,  ഇന്ത്യയിൽ ഇപ്പോൾ ലോക്ക് ഡൗൺ ബാധകമായിട്ടുള്ള ദിവസങ്ങളുടെ എണ്ണത്തിലാണ്. 40 ദിവസം. അതെ, കൃത്യം 40 ദിവസം തന്നെയാണ്, ചരിത്രത്തിലെ  ആദ്യമായി ഒരു രാഷ്ട്രം തങ്ങളുടെ നാട്ടിലേക്കു വന്ന കപ്പലിലെ യാത്രക്കാരുടെ മേൽ പകർച്ചവ്യാധികളുടെ പേരിൽ ഏർപ്പെടുത്തിയ 'ക്വാറന്റൈൻ' എന്ന വിലക്കിന്റെ കാലാവധിയും.  

എന്താണ് ഈ ക്വാറന്റൈന്റെ ചരിത്രം ?

 ഒരു കപ്പലിൽ തുറമുഖത്തണയുന്ന യാത്രക്കാർക്കോ, ചരക്കിനോ ഏതെങ്കിലും സാംക്രമിക രോഗം പകരുമെന്ന് ഭയന്നോ, അല്ലെങ്കിൽ കീടങ്ങളുടെ വ്യാപനം ഉണ്ടാവുമെന്നുള്ള ഭീതിയാലോ ഏർപ്പെടുത്തുന്ന വിലക്കാണ് 'ക്വാറന്റൈൻ'. 'നാൽപത്' എന്ന് അർത്ഥം വരുന്ന ക്വാറന്റിന('quarantena') എന്ന ഇറ്റാലിയൻ വാക്കിൽ നിന്നാണ് 'ക്വാറന്റൈൻ' എന്ന പദം വന്നത്. പതിനാലാം നൂറ്റാണ്ടിലെയോ പതിനഞ്ചാം നൂറ്റാണ്ടിലെയോ വെനീഷ്യൻ ഭാഷയിലാണ് ആദ്യമായി ഈ പടം പ്രയോഗിച്ചു കാണുന്നത്. ബ്ലാക്ക് പ്ളേഗ് എന്നറിയപ്പെട്ടിരുന്ന മഹാമാരി ജനങ്ങളുടെ ജീവൻ വ്യാപകമായി അപഹരിച്ചു കൊണ്ടിരുന്ന 1377 കാലഘട്ടത്തിൽ ഡാൽമേഷ്യയിലെ റിപ്പബ്ലിക് ഓഫ് റാഗുസയിലെ ജനങ്ങൾക്കുമേലാണ്  ആദ്യമായി 'കപ്പൽ വിലക്ക്' എന്ന പേരിൽ യാത്രക്കാർക്ക് തുറമുഖ പട്ടണങ്ങളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തപ്പെടുന്നത്.  അന്ന് ക്വാറന്റൈൻ എന്ന വാക്കിന് പകരം 'കോർഡൻ സാനിറ്റയർ'('cordon sanitaire') എന്നൊരു പദവും വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ക്വാറന്റൈൻ അടിസ്ഥാനപരമായി കപ്പൽ വിലക്കായിരുന്നു എങ്കിൽ 'കോർഡൻ സാനിറ്റയർ' എന്നത് ഏതൊരു ഭൂവിഭാഗത്തിനും ബാധകമായ സമ്പർക്ക വിലക്കിനെ സൂചിപ്പിക്കാൻ ഉപയോഗിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു. 
Prime Minister Modi extends the Lock down to match the exact quarantine period to fight Covid 19

സമ്പർക്കവിലക്കുകളെപ്പറ്റി ചരിത്രത്തിൽ കണ്ടെടുക്കാവുന്ന ആദ്യ പരാമർശങ്ങളിൽ ഒന്ന് ബിബ്ലിക്കൽ ആണ്. ബിസി ഏഴാം നൂറ്റാണ്ടിലെ ലൈവിക്റ്റസിന്റെ പുസ്തകത്തിൽ മോശയുടെ നിയമത്തിൽ ഇപ്രകാരം പറയുന്നു," അവന്റെ ദേഹത്ത് വെളുത്ത നിറത്തിലുള്ള പാടുകൾ കാണുന്നുണ്ട്, എന്നിട്ടും ആ പാടിനുള്ളിലെ രോമങ്ങൾ വെളുക്കുന്നില്ല എങ്കിൽ, പുരോഹിതർ അവനെ ഏഴു ദിവസത്തേക്കു മാറ്റിനിർത്തി നിരീക്ഷിപ്പിൻ. ഏഴുദിവസം കഴിഞ്ഞ് പുരോഹിതർ പരിശോധിക്കുമ്പോൾ ത്വക്ക് തൽസ്ഥിതി തുടരുന്നുവെങ്കിൽ വീണ്ടും ഒരു ഏഴു ദിവസം, അങ്ങനെ തുടരുവിൻ" 

ഇസ്ലാമിക ചരിത്രത്തിലും 'ഐസൊലേഷനെ'പറ്റിയുള്ള പരാമർശങ്ങളുണ്ട്. "പകർച്ച വ്യാധികൾ ഉള്ളവരെ ആരോഗ്യമുള്ളവരിൽ നിന്ന് അകറ്റി നിർത്തണം " എന്ന് പ്രവാചകനായ മുഹമ്മദ് നബി തന്നെ പറഞ്ഞിട്ടുണ്ട്. ക്ഷയം പോലുള്ള മാരകമായ പകർച്ചവ്യാധികൾക്ക് സമ്പർക്കവിലക്ക് ഏർപ്പെടുത്താൻ ഇബ്നു സിനയും പറഞ്ഞു കാണുന്നുണ്ട്. കുഷ്ഠരോഗത്തിനുള്ള ഐസൊലേഷൻ വാർഡുകളെപ്പറ്റി ഏഴാം നൂറ്റാണ്ടിലെ ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്. അന്ന് ഡമാസ്കസിലെ ആശുപത്രികളിൽ മറ്റുള്ള രോഗികളിൽ നിന്ന് കുഷ്ഠരോഗികളെ മാറ്റിപ്പാർപ്പിക്കുന്ന സാനിറ്റോറിയങ്ങൾ ഉണ്ടായിരുന്നു. നിർബന്ധിച്ച് ജനങ്ങളിൽ അടിച്ചേല്പിക്കപ്പെട്ട ചരിത്രത്തിലെ ആദ്യത്തെ ക്വാറന്റൈൻന്റെ രേഖകളുള്ളത് 1838 -ലെ ഓട്ടോമൻ സാമ്രാജ്യത്തിലാണ്. 

'കറുത്ത മരണം' കൊണ്ടുവന്ന നാൽപതു ദിവസത്തെ വിലക്ക് 

ബ്ലാക്ക് പ്ളേഗുമായി ബന്ധപ്പെട്ട്, 1377 -ൽ മുപ്പതു ദിവസത്തേക്ക് കൊണ്ടുവന്ന കപ്പൽ വിലക്ക്, 1448 -ലാണ് നാൽപതു ദിവസമായി വര്ധിപ്പിക്കപ്പെടുന്നത്. നാൽപതു ദിവസം എന്നത് അവർ അനുഭവത്തിലൂടെ മനസ്സിലാക്കിയെടുത്ത ഒരു ശരാശരി പകർച്ച തടയൽ കാലാവധിയാണ്.  ബുബോണിക് പ്ളേഗിന് പകർന്നു കിട്ടിയാൽ മരണം വരെ ഏകദേശം 37 ദിവസത്തെ അസുഖകാലാവധിയാണ് ഉള്ളത് എന്നതായിരുന്നു ഇങ്ങനെ 40 ദിവസം എന്നൊരു കണക്കുവെക്കാൻ കാരണം. യാത്രക്കാരിൽ ആർക്കെങ്കിലും പ്ളേഗ് ബാധയുണ്ടെങ്കിൽ ഈ നാൽപതു ദിവസത്തിനകം ആ കപ്പലിൽ ഒരു ശവമെങ്കിലും വീഴുമല്ലോ. അങ്ങനെ വീണില്ലെങ്കിൽ അതിൽ ആർക്കും പ്ളേഗില്ല എന്നാവുമല്ലോ അർത്ഥം. എന്തൊക്കെയായാലും, ആ 'ക്വാറന്റൈൻ' അഥവാ 'കപ്പൽ വിലക്ക്' പ്ളേഗ് പടർന്നുപിടിക്കുന്നത് തടയുന്നതിൽ ഏറെ വിജയിച്ചു അന്ന്. ഈ നാൽപതു ദിവസക്കാലയളവിൽ കപ്പലുകൾ തുറമുഖത്ത് നങ്കൂരമിട്ടു കഴിയണം. തുറമുഖത്തേക്ക് കാലെടുത്തുവെക്കാൻ ആർക്കും അവകാശമില്ല. നാൽപതു നാളുകൾക്കു ശേഷം ഡോക്ടർ വന്ന് ഷിപ്പിലെ സകല സഞ്ചാരികളെയും പരിശോധിച്ച് ഒരാൾക്കും രോഗമില്ലെന്നുറപ്പിച്ച ശേഷം മാത്രമാണ് പട്ടണത്തിനുള്ളിലേക്ക് യാത്രക്കാർക്ക് പ്രവേശനമുള്ളത്. 

Prime Minister Modi extends the Lock down to match the exact quarantine period to fight Covid 19

മാനവചരിത്രത്തിൽ പകർച്ചവ്യാധികൾ നിരവധി തവണ വിരുന്നുവന്നിട്ടുണ്ട്. പലപ്പോഴും അവ മഹാമാരികളുടെ രൂപമെടുത്ത് ലക്ഷക്കണക്കിന് പേരുടെ ജീവൻ അപഹരിച്ചിട്ടുമുണ്ട്. 1793 -ൽ ഫിലാഡൽഫിയയിൽ വന്ന മഞ്ഞപ്പനി ആയാലും, പത്തൊമ്പതാം നൂറ്റാണ്ടിൽ ബാധിച്ച കോളറ ആയാലും, ഹോണോലുലു, സാൻഫ്രാൻസിസ്‌കോ എന്നിവിടങ്ങളിൽ വന്ന പ്ളേഗ് ആയാലും, 1918 ലെ സ്പാനിഷ് ഫ്ലൂ ആയാലും ക്വാറന്റൈൻ ആ മഹാമാരികൾ പലരിലേക്കും എത്താതിരിക്കാൻ സഹായകരമായി. 1892 -ൽ വെനീസ് കൺവെൻഷൻ നടന്നത് കോളറ എന്ന മഹാമാരിയെ പിടിച്ചു കെട്ടാനുള്ള നടപടികൾ ചർച്ച ചെയ്യാനാണ്. സ്പാനിഷ് ഫ്ലൂവിന്റെ കാലത്ത്  ഗതികെട്ട് ലോകത്തെമ്പാടുമുള്ള രാജ്യങ്ങൾ സ്‌കൂളുകളും, പള്ളികളും, നാടകശാലകളും എന്നുവണ്ട ജനങ്ങൾ ഒത്തുകൂടുന്നിടങ്ങളൊക്കെയും അടച്ചിട്ടു. മതപരമായ സകല ചടങ്ങുകളും ഉദാ. കുമ്പസാരങ്ങളും, സംസ്കാരച്ചടങ്ങുകളും എന്നുവേണ്ട പ്രാർത്ഥനകളും, കുർബാനകളും വരെ നിരോധിച്ചു. പടർന്നുപിടിച്ചത് മുഖ്യമായും സൈനികർക്കിടയിൽ ആയിരുന്നതിനാൽ ലക്ഷണങ്ങൾ കണ്ടെത്തിയ പട്ടാളക്യാമ്പുകൾ അപ്പപ്പോൾ ക്വാറന്റൈൻ ചെയ്യുകയാണ് ഉണ്ടായത് അന്നൊക്കെ.
Follow Us:
Download App:
  • android
  • ios