ഞണ്ടിനേപ്പോലെ നടന്ന് ജയില്‍ ചാടിയ കൊലപാതകിയെ കടിച്ച് കീറി 'യോഡ', 14 ദിവസത്തെ ആശങ്കയ്ക്ക് അറുതി
വനിതാ സുഹൃത്തിനെ കുഞ്ഞുങ്ങളുടെ മുന്നില്‍ വച്ച് ക്രൂരമായി കൊലചെയ്ത കേസില്‍ പരോളില്ലാതെ ജീവപരന്ത്യം ശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെയാണ് 34കാരനായ ഡാനിയേലോ കാവല്‍കാന്റേ എന്ന തടവുകാരന്‍ പെനിസില്‍വാനിയയിലെ ജയിലില് നിന്ന് പുഷ്പം പോലെ പുറത്ത് കടന്നത്.

പെനിസില്‍വാനിയ: ജയിലിലെ അതീവ സുരക്ഷാ മേഖലയിലൂടെ ഞണ്ടിനേപ്പോലെ നടന്ന് രക്ഷപ്പെട്ട കൊലപാതക കേസ് പ്രതിയെ പിടികൂടിയത് പൊലീസ് നായ. വനിതാ സുഹൃത്തിനെ കുഞ്ഞുങ്ങളുടെ മുന്നില്‍ വച്ച് ക്രൂരമായി കൊലചെയ്ത കേസില്‍ പരോളില്ലാതെ ജീവപരന്ത്യം ശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെയാണ് 34കാരനായ ഡാനിയേലോ കാവല്‍കാന്റേ എന്ന തടവുകാരന്‍ പെനിസില്‍വാനിയയിലെ ജയിലില് നിന്ന് പുഷ്പം പോലെ പുറത്ത് കടന്നത്.
മല കയറാനുള്ള പരിശീലനം നേടിയ സമയത്ത് ലഭിച്ച ടെക്നികുകളുടെ സഹായത്തോടെയായിരുന്നു ഈ രക്ഷപ്പെടല്‍. ഡ്രോണുകളും ഹെലികോപ്ടറുകളും അടക്കം പ്രത്യേക പൊലീസ് സന്നാഹത്തോടെ ഡാനിയേലോ കാവല്‍കാന്റേയ്ക്കായി നടത്തിയ തെരച്ചിലില്‍ നിര്‍ണായകമായത് യോഡ എന്ന പൊലീസ് നായയുടെ നീക്കങ്ങളായിരുന്നു. ബുധനാഴ്ച രാവിലെയാണ് ഡാനിയേലോ കാവല്‍കാന്റേ പൊലീസ് പിടിയിലായത്. പെന്‍സില്‍വാനിയയിലെ ജയിലില്‍ നിന്ന് മുപ്പത് മൈലുകള്‍ അകലെയുള്ള സൌത്ത് കോവെന്റ്രി ടൌണിന് സമീപത്തെ കാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഡാനിയേലോ പിടിയിലാവുന്നത്. വന്‍ മരങ്ങള്‍ നിറഞ്ഞ മേഖലയില്‍ ഹെലികോപ്ടറുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള നിരീക്ഷണം സാധ്യമാകാതെ വന്നതോടെയാണ് യോഡ രംഗത്തെത്തിയത്.
ബെല്‍ജിയന്‍ മലിനോയിസ് ഇനത്തിലുള്ള നാല് വയസുകാരി യോഡ അതിര്‍ത്തി പട്രോള്‍ ടീമിലാണ് സേവനം ചെയ്യുന്നത്. മരത്തിന് പിന്നില്‍ ഒളിച്ച ഡാനിയേലോയെ യോഡ കണ്ടെത്തുകയും കടിച്ച് വീഴ്ത്തുകയുമായിരുന്നു. രക്ഷപ്പെടുന്നതിനിടയില്‍ സമീപത്തെ വീട്ടില്‍ നിന്ന് അടിച്ച് മാറ്റിയ തോക്ക് കയ്യിലുണ്ടായിരുന്നെങ്കിലും യോഡയുടെ പെട്ടന്നുള്ള ആക്രമണത്തില്‍ ഡാനിയേലോ പതറിപ്പോയതോടെ പൊലീസിനും പണി എളുപ്പമായെന്നാണ് പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ വിശദമാക്കിയത്. തടവുകാരനെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ ആര്‍ക്കും പരിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. നായയുടെ കടിയേറ്റ് വീണ തടവുകാരനെ നിഷ്പ്രയാസം പൊലീസ് വരുതിയിലാക്കുകയായിരുന്നു.
2021ലാണ് വാക്ക് തര്‍ക്കത്തിന് പിന്നാലെ വനിതാ സുഹൃത്തിനെ 38 തവണയിലേറെ കുത്തി ഡാനിയേലോ കൊലപ്പെടുത്തിയത്. ഈ വര്‍ഷം പെന്‍സില്‍വാനിയയിലെ ജയിലിലെ മതില്‍ ചാടി രക്ഷപ്പെടുന്ന രണ്ടാമത്തെ ആളാണ് ഡാനിയേലോ. ഈ വര്‍ഷം ആദ്യം ഒരാള്‍ രക്ഷപ്പെട്ടതിന് പിന്നാലെ സിസിടിവികളുടെ നിരീക്ഷണം ജയിലില്‍ ശക്തമാക്കിയിരുന്നു. ഇതിന് പുറമേ റേസര്‍ വയര്‍ ഉപയോഗിച്ച് മതിലില്‍ വേലി തീര്‍ത്തിരുന്നെങ്കിലും ഇതിനെ നിഷ്പ്രഭമാക്കിയായിരുന്നു ഡാനിയേലോയുടെ ജയില്‍ ചാട്ടം.
റേസർ വയറുകൾ മറികടന്നത് 'ഞണ്ട് നടത്ത'ത്തിലൂടെ, കൊലപാതകിയെ ജയിൽചാടാൻ സഹായിച്ചത് മലകയറാനുള്ള പരിശീലനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം