Asianet News MalayalamAsianet News Malayalam

ജയിലിനകത്ത് ക്രൂരപീഡനവും ബലാത്സംഗവും, ആയിരത്തിലധികം വീഡിയോകള്‍ ചോര്‍ന്നു, അന്വേഷണം തുടങ്ങി റഷ്യന്‍ അധികാരികള്‍

റഷ്യൻ ജയിലുകളിൽ 200 തടവുകാരെ പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. 40 പേരെ വീഡിയോകളിൽ ചിത്രീകരിച്ചിട്ടുണ്ടെന്ന് ഒസെച്ച്കിൻ ആരോപിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം ഉറപ്പ് പറയുന്നു.

prison torture Russian authorities are investigating
Author
Russia, First Published Oct 7, 2021, 10:22 AM IST
  • Facebook
  • Twitter
  • Whatsapp

റഷ്യ(Russia)യിലെ തടവറയില്‍ നിന്ന് എന്ന് കരുതപ്പെടുന്ന ആയിരത്തിലധികം വീഡിയോകള്‍ (Videos) മനുഷ്യാവകാശ ഗ്രൂപ്പായ ഗുലാ​ഗു.നെറ്റ് (Gulagu.net) പുറത്ത് വിട്ടു. അതില്‍ തടവറയ്ക്കകത്ത് കഴിയുന്നവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതും ബലാത്സംഗം ചെയ്യപ്പെടുന്നതും കാണാം. ഇതേ കുറിച്ച് റഷ്യന്‍ അധികാരികള്‍ അന്വേഷണം ആരംഭിച്ചു. നൂറുകണക്കിന് തടവുകാരാണ് ജയിലിനകത്ത് പീഡിപ്പിക്കപ്പെട്ടതായി വീഡിയോയില്‍ കാണുന്നത്. 

സരടോവ് നഗരത്തിലെ ഒരു ജയിൽ ആശുപത്രിയിൽ ഒരാളെ നഗ്നനാക്കി നിർത്തി വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നതായി ഒരു വീഡിയോ ദൃശ്യത്തില്‍ കാണാം. മറ്റൊരു ദൃശ്യത്തില്‍ ഒരു തടവുകാരനെ കൈകള്‍ പിന്നില്‍ കെട്ടി നിലത്ത് കിടത്തി ഒരു ഗാര്‍ഡ് ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടുന്നത് കാണാം. 

സരടോവിൽ താമസിച്ച ഒരു അജ്ഞാതനായ ബെലാറഷ്യൻ വിസിൽബ്ലോവർ നൽകിയ വലിയ ഫയലുകളുടെ ഭാഗമാണ് ഈ വീഡിയോകള്‍ എന്ന് ഗുലാഗു.നെറ്റ് പറഞ്ഞു. ഒരു സർക്കാർവകുപ്പിലോ സ്വകാര്യ സ്ഥാപനത്തിലോ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾ സംഭവിക്കുന്നുവെന്ന് അധികാരികൾക്ക് വിവരം നൽകുന്ന ആളാണ് വിസിൽ ബ്ലോവർ.  "ഈ വസ്തുവിന്റെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടാൽ, അത് ഒരു ഗൗരവതരമായ അന്വേഷണത്തിന് കാരണമാകും"  എന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ചൊവ്വാഴ്ച പറഞ്ഞു.

റഷ്യയിലെ ജയിലുകളുടെ മേൽനോട്ടം വഹിക്കുന്ന ഫെഡറൽ പെനിറ്റൻഷ്യറി സർവീസ് (എഫ്എസ്ഐഎൻ) ഇക്കാര്യം പരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണങ്ങൾ പരിശോധിക്കാൻ ഒരു FSIN ടീമിനെ സരടോവ് ജയിലിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം പ്രോസിക്യൂട്ടർമാരും അവകാശവാദങ്ങൾ അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 

ചൊവ്വാഴ്ച രാത്രി, സരടോവ് മേഖലയിലെ എഫ്എസ്ഐഎൻ ബ്രാഞ്ചിന്റെ തലവൻ അഴിമതിയെ തുടർന്ന് രാജിവെച്ചു. അലക്സി ഫെഡോടോവ് രാജിക്കത്ത് സമർപ്പിച്ചതായി ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. "റഷ്യയിലെ പീഡനത്തിന്റെ സ്വഭാവം തെളിയിക്കുന്ന വലിയ അളവിലുള്ള വിവരങ്ങൾ മനുഷ്യാവകാശ സംരക്ഷകർക്ക് ലഭിക്കുന്നത് ഇതാദ്യമാണ്" എന്ന് ഗുലാഗു.നെറ്റ് (Gulagu.net) സ്ഥാപകൻ വ്‌ളാഡിമിർ ഒസെച്ച്കിൻ എഎഫ്‍പി (AFP) വാർത്താ ഏജൻസിയോട് പറഞ്ഞു.

റഷ്യൻ ജയിലുകളിൽ 200 തടവുകാരെ പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. 40 പേരെ വീഡിയോകളിൽ ചിത്രീകരിച്ചിട്ടുണ്ടെന്ന് ഒസെച്ച്കിൻ ആരോപിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം ഉറപ്പ് പറയുന്നു. ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ താന്യ ലോകിന പറഞ്ഞത്, തന്റെ സംഘടനയ്ക്ക് വീഡിയോകൾ പരിശോധിക്കാൻ കഴിഞ്ഞില്ല. എന്നാൽ, ദൃശ്യങ്ങൾ ശക്തമായ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട് എന്നാണ്. "റഷ്യൻ ശിക്ഷാകേന്ദ്രങ്ങളിലെ പീഡന പ്രശ്നം വളരെ രൂക്ഷമാണ്. ഫലപ്രദമായ അന്വേഷണം ഉറപ്പാക്കാൻ സർക്കാർ വേണ്ടത്ര കാര്യങ്ങള്‍ ചെയ്യുന്നില്ല" എന്നും അവർ പറഞ്ഞു

Follow Us:
Download App:
  • android
  • ios