Asianet News MalayalamAsianet News Malayalam

വഴിയരികിൽ ഉപേക്ഷിച്ചു പോകുന്ന ദേശീയപതാകകൾ ശേഖരിക്കുന്നു, വീട്ടിലുള്ളത് ഒരുലക്ഷത്തോളം പതാകകൾ

ഫ്ലാ​ഗ്‍മാന്‍ എന്നാണ് രഞ്ജനെ ആളുകള്‍ വിളിക്കുന്നത്. റിപ്പബ്ലിക് ഡേ ആയ ജനുവരി 26, നേതാജി ജയന്തി ജനുവരി 23, ആഗസ്ത് 15 സ്വാതന്ത്ര്യദിനം ഈ മൂന്ന് ദിവസങ്ങളും രഞ്ജന് തിരക്കേറിയ ദിവസങ്ങളാണ്. 

Priyo Ranjan Sarkar collecting discarded flags
Author
Howrah, First Published Aug 15, 2021, 10:21 AM IST

ഇന്ന് ആഗസ്ത് 15, ഇന്ത്യയ്ക്ക്, നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച ദിവസമാണ്. പലപ്പോഴും സ്വാതന്ത്ര്യദിനത്തിന്‍റെ ഭാഗമായി ആളുകള്‍ പതാകകള്‍ വാങ്ങാറുണ്ട്. ആഘോഷം കഴിഞ്ഞാലെന്ത് ചെയ്യും? എവിടെയെങ്കിലും അവ വലിച്ചെറിയും. ഇങ്ങനെ ഓരോ വര്‍ഷവും വാങ്ങുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന പതാകകള്‍ എത്രയാവും? ഇവിടെ ഹൗറയിലെ ബാലി സ്വദേശിയായ പ്രിയോ രഞ്ജൻ സർക്കാർ വർഷങ്ങളോളമായി റോഡരികിൽ നിന്നും പ്രോഗ്രാം ഹാളുകളിൽ നിന്നും ദേശീയ ആഘോഷങ്ങൾക്ക് ശേഷം ഉപേക്ഷിക്കപ്പെട്ട ഇന്ത്യൻ പതാകകൾ ശേഖരിക്കുകയാണ്. നിലവിൽ അദ്ദേഹത്തിന്റെ വീട്ടിൽ ഒരു ലക്ഷത്തിലധികം പതാകകളുടെ ശേഖരം ഉണ്ട്. 

രഞ്ജൻ സർക്കാർ പറയുന്നതനുസരിച്ച്, ദേശീയ പതാകയുടെ അന്തസ്സ് സംരക്ഷിക്കുന്നതിനായിട്ടാണ് അദ്ദേഹം പതാകകൾ ശേഖരിക്കുന്നത്. ഏതെങ്കിലും ആഘോഷങ്ങൾക്ക് ശേഷം റോഡരികിൽ തെറ്റായ രീതിയില്‍ ദേശീയ പതാക ഉപേക്ഷിക്കുന്നവർക്കെതിരെ ഒരു ദിവസം സർക്കാർ കർശനമായ നിയമങ്ങൾ കൊണ്ടുവരുമെന്ന് രഞ്ജന്‍ പ്രതീക്ഷിക്കുന്നു.

ഫ്ലാ​ഗ്‍മാന്‍ എന്നാണ് രഞ്ജനെ ആളുകള്‍ വിളിക്കുന്നത്. റിപ്പബ്ലിക് ഡേ ആയ ജനുവരി 26, നേതാജി ജയന്തി ജനുവരി 23, ആഗസ്ത് 15 സ്വാതന്ത്ര്യദിനം ഈ മൂന്ന് ദിവസങ്ങളും രഞ്ജന് തിരക്കേറിയ ദിവസങ്ങളാണ്. നൂറുകണക്കിന് പതാകകളാണ് ഈ ദിവസങ്ങളില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണാറ്. 

'പതാകയാണ് നമ്മുടെ വ്യക്തിത്വമെന്ന് എന്റെ അമ്മയും അമ്മൂമ്മയും എപ്പോഴും ഞങ്ങളോട് പറഞ്ഞിരുന്നു. അതിനാൽ, പതാകകൾ വഴിയരികിൽ ഉപേക്ഷിക്കുന്നവർക്കെതിരെ ഗവൺമെന്റ് നിയമങ്ങൾ കൊണ്ടുവരണമെന്ന് ഞാൻ ശക്തമായി ആഗ്രഹിക്കുന്നു. അതിലൂടെ റോഡിൽ പതാകകൾ ഉപേക്ഷിക്കുന്നവരെ നിയമപരമായി നേരിടേണ്ടിവരും' രഞ്ജന്‍ ന്യൂസ് 18 -നോട് പറഞ്ഞു.

ഹൗറയ്ക്കകത്തും പുറത്തുമുള്ള നിരവധിയാളുകള്‍ ഈ പതാകകളുടെ ശേഖരം കാണാന്‍ രഞ്ജന്‍റെ വീട്ടിലെത്താറുണ്ട്. ഓരോ വര്‍ഷവും സ്വാതന്ത്ര്യദിനത്തില്‍ രഞ്ജന്‍ വീട്ടില്‍ ഒരു പതാക ഉയര്‍ത്തുകയും പതാകകളുടെ മഹത്വം സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios