നിങ്ങൾ തമ്മിൽ മനസ്സും, പലപ്പോഴും ശരീരവും ഒക്കെ പങ്കിടാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും,  നിങ്ങളുടെ പങ്കാളിയുടെ  സുഹൃത്തുക്കൾക്കു മുന്നിൽ നിങ്ങളെ പരിചയപ്പെടുത്തുന്നത് 'വെറും സുഹൃത്ത്' എന്ന നിലയിലായിരിക്കും. 

ഒരു പ്രേമമൊക്കെ ആവുമ്പോൾ അത്യാവശ്യം ക്ഷമയൊക്കെ ആവാം. നിങ്ങളുടെ പങ്കാളി കിടക്കയിലിരുന്ന് കാൽനഖം വെട്ടുന്നത് ചിലപ്പോൾ നിങ്ങളിൽ ഈർഷ്യയുണ്ടാക്കാം. തിന്ന പാത്രം പോലും ഒന്ന് കഴുകിവെക്കാതെ, അതെല്ലാം കൂടി ബിനാലെയിലെ ഇൻസ്റ്റലേഷനെന്നപോലെ സിങ്കിൽ കുന്നുകൂട്ടി പ്രദർശിപ്പിക്കുന്നതും നിങ്ങളിൽ കലിയുണ്ടാക്കാം. അതൊന്നും പക്ഷേ, നിങ്ങൾക്കിടയിലുള്ള ഊഷ്മളമായ പ്രണയബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ പോന്ന പ്രകോപനങ്ങളല്ല. 

പങ്കാളിയുടെ സ്വഭാവത്തിലെ വളർത്തുദോഷങ്ങളെന്ന് തള്ളി, കണ്ടില്ലെന്നു നടിക്കാൻ പറ്റാത്ത വേറെ ചില അപായ സൂചനകളുണ്ട്. അവയെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോയാൽ ചിലപ്പോൾ നിങ്ങൾക്ക് ഏറെ ദുഖിക്കേണ്ടിവരും. അപ്പോൾ പിന്നെ മുള്ളുകൊണ്ടെടുക്കേണ്ടത്, തോട്ടികൊണ്ടെടുക്കേണ്ടത്ര നിങ്ങൾ തമ്മിൽ അടുത്തുകാണും. ആദ്യമായി ഇഷ്ടം പരസ്പരം അറിയിച്ച അന്നുതൊട്ട്, തമ്മിൽ പിരിഞ്ഞ് കഴിയാൻ പറ്റാത്ത വിധം തമ്മിലടുക്കുന്നതുവരെയുള്ള കാലയളവിൽ, പ്രത്യേകിച്ചും അടുപ്പവും സ്വാതന്ത്ര്യവും ഏറിത്തുടങ്ങുന്ന കാലത്ത് ചിലപ്പോൾ നിങ്ങളുടെ പങ്കാളികൾ വളരെ സങ്കീർണ്ണമായ ചില സ്വഭാവ വിശേഷങ്ങൾ പ്രകടിപ്പിച്ചെന്നുവരും. സൂക്ഷിക്കണം അങ്ങനെയുള്ള ചിലതിനെ.. 

ഇന്ന് മൊബൈൽ ഫോണിലെ ഒരൊറ്റത്തോണ്ടലിൽ, സാമൂഹ്യമാധ്യമങ്ങളുടെ ശീതളച്ഛായയിൽ പ്രണയങ്ങൾ ഉരുത്തിരിഞ്ഞുവരുന്ന കാലത്ത്, മേല്പറഞ്ഞ 'ചുവപ്പുകൊടി' (red flag) കൾക്ക് വ്യക്തിബന്ധങ്ങളിൽ സാംഗത്യം ഏറിവരുന്നു. 

ഡേറ്റിംഗ് സൈക്കോളജിസ്റ്റ് ആയ മാഡലിൻ മെയ്‌സൺ റോവൻട്രി പറയുന്നത് ' നിങ്ങളോടുള്ള ബഹുമാനക്കുറവോ, അല്ലെങ്കിൽ ബന്ധത്തിലുള്ള ആത്മാർത്ഥതക്കുറവോ, അതുമല്ലെങ്കിൽ താൽപര്യക്കുറവോ ഒക്കെ സൂചിപ്പിക്കുന്ന തരത്തിൽ നിങ്ങളുടെ പങ്കാളിയിൽ നിന്നുമുണ്ടാവുന്ന, ചില പെരുമാറ്റങ്ങളും പ്രവൃത്തികളുമാണ്, 'ചുവപ്പുകൊടി' എന്ന പദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. നിങ്ങളുടെ പ്രണയബന്ധം തുടർന്ന് പോവുന്നത് നിങ്ങൾക്ക് എത്രകണ്ട് സുരക്ഷിതമാണ് എന്ന് നിർണ്ണയിക്കാൻ സഹായിക്കും ഈ ടിപ്പുകൾ നിങ്ങളെ എന്ന് ഡേറ്റിങ്ങ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. 

പേരിടാൻ മടിക്കുന്ന ബന്ധം 
ഒരു പേരിലെന്തിരിക്കുന്നു എന്ന് പണ്ടുപറഞ്ഞത് ഷേക്സ്പിയറാണ്. പനിനീർപ്പൂവെന്നു നാം പേർ വിളിക്കുന്ന പുഷ്പത്തെ ഇനി മറ്റേതുപേരിൽ വിളിച്ചാലും അതിന് അതേ ഹൃദ്യസുഗന്ധം തന്നെ കാണും എന്ന് അദ്ദേഹം പറയുന്നു. ഒരു പ്രണയ ബന്ധത്തിലെ ആത്മാർത്ഥതയെ അളക്കുന്ന ആദ്യത്തെ അളവുകോലാണ്, പൊതുവിടങ്ങളിൽ ആ ബന്ധത്തെപ്പറ്റി തുറന്നുപറയാൻ, വിളംബരം ചെയ്യാനുള്ള മനസ്സുറപ്പ്. 

നിങ്ങൾ തമ്മിൽ മനസ്സും, പലപ്പോഴും ശരീരവും ഒക്കെ പങ്കിടാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും, നിങ്ങളുടെ പങ്കാളിയുടെ സുഹൃത്തുക്കൾക്കു മുന്നിൽ നിങ്ങളെ പരിചയപ്പെടുത്തുന്നത് 'വെറും സുഹൃത്ത്' എന്ന നിലയിലായിരിക്കും. അവരുടെ തൊഴിലിടങ്ങളിലോ അല്ലെങ്കിൽ അവർ പങ്കെടുക്കുന്ന പാർട്ടികളിലോ ഒന്നും നിങ്ങളെ അവർ കൊണ്ടുപോകില്ല. 

പലപ്പോഴും അങ്ങനെ ചെയ്യാതിരിക്കുന്നതിന് എന്തെങ്കിലും മുടന്തൻ ന്യായം അവർക്ക് പറയാനുണ്ടാവും. ചിലപ്പോൾ അത് വളരെ സ്വാഭാവികമാണെന്ന മട്ടിലാവും പെരുമാറ്റം. അത് അതിലേറെ സൂക്ഷിക്കണം. അത് പലപ്പോഴും ആ സ്നേഹബന്ധത്തോടുള്ള പ്രതിബദ്ധതയില്ലായ്മയുടെ ബാഹ്യലക്ഷണമാവാം. അല്ലെങ്കിൽ, നിങ്ങളെക്കൂടാതെ മറ്റൊരാളുമായി, അല്ലെങ്കിൽ ഒന്നിലധികം പേരുമായി നിങ്ങളുടെ പങ്കാളിക്ക് സ്നേഹബന്ധമുണ്ടാവാം. 

പങ്കാളിയുടെ സോഷ്യൽ മീഡിയ നെറ്റ് വർക്കിൽ നിങ്ങൾ കാണില്ല.. 
ഫേസ്‌ബുക്കിന്റെയും വാട്ട്സ് ആപ്പിന്റെയും ഒക്കെ കാലമാണല്ലോ. നിങ്ങളുടെ പങ്കാളിക്ക് ഫേസ്‌ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ വാട്ട്സാപ്പിലോ ഒന്നും 'ഇൻ എ റിലേഷൻഷിപ്പ്' എന്ന സ്റ്റാറ്റസിൽ നിങ്ങൾ രണ്ടുപേരും ചേർന്നുള്ള ഒരു ഫോട്ടോ പങ്കുവെക്കാനുള്ള ആർജ്ജവമില്ലെങ്കിൽ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. 

രണ്ടിലൊരാൾ സോഷ്യൽ മീഡിയയിൽ സജീവമല്ല എങ്കിൽ ഈ മുന്നറിയിപ്പ് ബാധകമല്ല. എന്നാൽ രണ്ടുപേരും സജീവമാണ്. നിങ്ങളുടെ പങ്കാളി മറ്റെല്ലാ ചിത്രങ്ങളും മുട്ടിനുമുട്ടിന് പങ്കുവെക്കുന്ന ഒരാളാണ്. മുൻ കാലങ്ങളിൽ പഴയ സ്നേഹിതരുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ള ആളാണ്, ഇപ്പോൾ നിങ്ങളുടെ ചിത്രം മാത്രമാണ് പങ്കുവെക്കാതിരിക്കുന്നത് എന്നൊക്കെയുണ്ടെങ്കിൽ ഒന്ന് സൂക്ഷിച്ചേക്കണം. നിങ്ങളെപ്പറ്റി ഒരിക്കൽ പോലും ഒരു പോസ്റ്റിട്ടിട്ടില്ലാത്ത ഒരാളാണ് നിങ്ങളുടെ കാമുകൻ/കാമുകി എങ്കിൽ അത് അത്ര നല്ല ലക്ഷണമല്ല. 

അതിന്റെ ഒരർത്ഥം, അവർ നിങ്ങളെ ഒരു ദീർഘകാല പങ്കാളിയായി കാണുന്നില്ല എന്നാവാം.. അല്ലെങ്കിൽ നിങ്ങളെ ആവരുടേതെന്ന് പുറം ലോകത്തെ കാണിക്കാൻ ആഗ്രഹിക്കാത്തവരാണ് എന്നാണ്. ഇതിന് ഒരേയൊരു അപവാദമുള്ളത്, നിങ്ങളുടെ പങ്കാളി അതേ അക്കൗണ്ടാണ് തൊഴിലിടത്തിലും ഉപയോഗിക്കുന്നത് എങ്കിലാണ്. എങ്കിൽ ഈ ലക്ഷണത്തെ വേണമെങ്കിൽ അവഗണിക്കാവുന്നതാണ്. 

തമ്മിൽ നേരിട്ടുകാണാൻ താത്പര്യമില്ലെങ്കിൽ.. 
ഫേസ്‌ബുക്കിൽ കാണുമ്പൊൾ ഭയങ്കര സ്നേഹമാവും.. ഫോണിൽ ഏതുനേരവും ഒടുക്കത്തെ സ്നേഹവുമാകും.. നേരിൽ കാണുന്ന കാര്യം പറഞ്ഞാൽ മാത്രം വല്ലാത്ത മടി കാണിക്കും.. മുക്കിയും മൂളിയും വല്ലപ്പോഴും കുറച്ചു നേരത്തേക്ക് മാത്രം വല്ലിടത്തും വെച്ച് കാണാൻ വന്നാലായി.. നേരിൽ കാണാനും, ഒന്നിച്ചിരുന്നു സംസാരിക്കാനും നിങ്ങൾക്കുള്ള ആഗ്രഹം നിങ്ങളുടെ പങ്കാളിക്ക് ഇല്ലെങ്കിൽ സൂക്ഷിക്കുക. എപ്പോഴും തമ്മിൽ കാണാൻ വേണ്ടി തിരക്ക് കൂട്ടുന്നത് നിങ്ങൾ മാത്രമാണ്.. അവർക്ക് കണ്ടാലും ഇല്ലെങ്കിലും ഒകെ ഒരുപോലാണ് എങ്കിൽ സൂക്ഷിക്കണം.. അതും താത്പര്യക്കുറവിന്റെ ലക്ഷണമാവാം. 

നിങ്ങളോട് അമിതമായി അധികാരമെടുക്കുന്നുണ്ടോ..? 
ഒരു പ്രണയത്തിൽ ആദ്യം വേണ്ടുന്നത് പരസ്പര ബഹുമാനമാണ്. നിങ്ങളുടെ വ്യക്തിഗതമായ തിരഞ്ഞെടുപ്പുകളെ നിയന്ത്രിക്കാൻ നിങ്ങളുടെ പങ്കാളി അമിതമായ ത്വര കാണിക്കുന്നുണ്ടെങ്കിൽ അത് അത്ര നല്ല ലക്ഷണമല്ല. നിങ്ങൾ എതിർലിംഗത്തിലുള്ള നിങ്ങളുടെ സ്നേഹിതരെ കാണുന്നത് നിങ്ങളുടെ പങ്കാളിയെ അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ, നിങ്ങളെ വിളിക്കുന്ന നേരത്ത് നിങ്ങൾ 'കാൾ വെയ്റ്റിങ്ങിൽ' ആയാൽ, തിരിച്ചു വിളിച്ചുടൻ ചോദ്യം ചെയ്യലുകളും സംശയങ്ങളുമാണെങ്കിൽ.. നിങ്ങൾക്ക് കിട്ടുന്ന ആദ്യ അപായ സൂചനകളാവാം അത്. വേണമെങ്കിൽ അതൊക്കെ സ്നേഹത്തിന്റെ പ്രകടനങ്ങളായിക്കണ്ട് ആശ്വസിക്കാം. പക്ഷേ, ആ ബന്ധനങ്ങൾ ഇറുകിത്തുടങ്ങുമ്പോൾ നിങ്ങൾക്ക് വീർപ്പുമുട്ടും. അത്തരത്തിലുള്ള വിഷയങ്ങളിൽ നിങ്ങൾക്കുള്ള അഭിപ്രായഭേദങ്ങളൊക്കെയും തുടക്കത്തിൽ താനെ വളരെ ജനാധിപത്യപരമായ രീതിയിൽ ചർച്ച ചെയ്യുന്നതാവും നല്ലത്. 

നിങ്ങളോട് ഒരുപാട് ഒളിക്കുന്നുണ്ടെങ്കിൽ.. 
നിങ്ങളുടെ പങ്കാളിയ്ക്കും അവരുടേതായ സ്വകാര്യതകൾക്കുള്ള അവകാശമുണ്ട്. അവരുടെ ഫേസ്‌ബുക്ക്, വാട്ട്സാപ്പ് അക്കൗണ്ടുകളിൽ നിങ്ങൾ പരുന്തിനെപ്പോലെ റോന്തുചുറ്റണം എന്നല്ല പറഞ്ഞത്. എന്നാൽ, നിങ്ങളിൽ നിന്നും വളരെ പ്രധാനപ്പെട്ട പല വിവരങ്ങളും നിങ്ങളുടെ പങ്കാളി മറച്ചു വെച്ചിട്ടുണ്ടെങ്കിൽ അതൊരു അപായസൂചനയാണ്.

തുറന്ന പുസ്തകമായ ജീവിതങ്ങളിലാണ് സന്തുഷ്ടമായ പ്രണയ ബന്ധങ്ങൾക്ക് നിലനിൽപ്പുള്ളതെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മടിയിൽ കനമുള്ളവർക്കേ വഴിയിൽ ഭയം വേണ്ടൂ. 

ഒരു തരത്തിലും കോമ്പ്രമൈസ് ചെയ്യില്ല.. 
നിങ്ങൾ തമ്മിൽ ഒന്നു പറഞ്ഞ് രണ്ടിന് വഴക്കാവുന്നുണ്ടോ..? ഒരു കാര്യത്തിലും രണ്ടുപേർക്കും ഒരേ തീരുമാനമില്ലേ..? വിട്ടുകൊടുക്കാൻ നിങ്ങളുടെ പങ്കാളി തയ്യാറാവുന്നില്ലെന്നുണ്ടോ..? പലപ്പോഴും, പ്രണയ ബന്ധങ്ങൾ തകരുന്നത് വളരെ അപ്രധാനമായ കാര്യങ്ങളിൽ ഉണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങളുടെ പുറത്താണ്. ബന്ധത്തിലെ സ്വൈരത്തെക്കരുതിയെങ്കിലും അണുവിട താണുകൊടുക്കാൻ തയ്യാറില്ലാത്ത പങ്കാളിയാണെങ്കിൽ ഭാവിയിൽ വലിയ പ്രശ്നങ്ങളിലേക്ക് നിങ്ങൾ ചെന്നുപെടാം. രണ്ടുപേർക്കും സമ്മതമായ ഒരു ഒത്തുതീർപ്പിലേക്ക് എത്തിപ്പെടാൻ ശ്രമിക്കണം. അങ്ങനെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലാത്ത, താൻ പിടിച്ച മുയലിന് നാലു കൊമ്പെന്ന പക്ഷക്കാരനാണോ നിങ്ങളുടെ പങ്കാളി. എങ്കിൽ ചിലപ്പോൾ പണി പാളും..!

നിങ്ങളുടെ ഫ്രണ്ട്സിനോ കുടുംബക്കാർക്കോ ഒന്നും കണ്ണെടുത്താൽ കണ്ടുകൂടെങ്കിൽ.. 
നിങ്ങളുടെ വളരെ വേണ്ടപ്പെട്ടവർക്ക് നിങ്ങളുടെ കാമുകനെ/കാമുകിയെ ചതുർത്ഥിയാണെങ്കിൽ.. ഒരൊറ്റവട്ടം കണ്ടു സംസാരിച്ചപ്പോഴേക്കും നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കൾ പലരും നിങ്ങളുടെ പങ്കാളിയുമായി മുഷിഞ്ഞെങ്കിൽ. സൂക്ഷിക്കണം. 

പ്രേമം അന്ധമാണെന്നാണ്.. നിങ്ങൾക്ക് ചിലപ്പോൾ നിങ്ങളുടെ പങ്കാളിയുടെ സ്വഭാവത്തിലെ പല പൊരുത്തക്കേടുകളും കണ്ണിൽ പെട്ടെന്നുവരില്ല. എന്നാൽ നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക്, പ്രണയത്തിന്റെ തിമിരമില്ലാത്തതുകൊണ്ട്, നിങ്ങളുടെ പങ്കാളിയെ തുരന്നു നോക്കാൻ ചിലപ്പോൾ സാധിച്ചേക്കും. അവരെല്ലാവരും നിങ്ങളുടെ പങ്കാളിയെപ്പറ്റി മോശമായ അഭിപ്രായം ഒരേ സ്വരത്തിൽ പറയുന്നുണ്ടെങ്കിൽ അതിൽ ചിലപ്പോൾ വാസ്തവമുണ്ടാവാൻ സാധ്യതയുണ്ട്. നിങ്ങളെ സ്വർഗീയ ലഹരിയിൽ ആരാധിച്ച പ്രേമബന്ധത്തിന്റെ ഒഴുക്കിൽ നിങ്ങൾ ചെന്നുവീഴാനിടയുള്ള ഗർത്തങ്ങളിൽ നിന്നും ചിലപ്പോൾ നിങ്ങളെ തടഞ്ഞു നിർത്തുന്നത് നിങ്ങളുടെ വേണ്ടപ്പെട്ടവരാവും.. 

മേൽപ്പറഞ്ഞ ചുവപ്പുകൊടികൾ ഒന്നും തന്നെ കല്ലിൽ വരച്ച വരകളല്ല.. സാഹചര്യങ്ങൾക്കനുസരിച്ച് കൂട്ടിവായിക്കാവുന്ന ചില മുന്നറിയിപ്പുകൾ മാത്രമാണവ. അവയെ നിങ്ങളുടെ ജീവിത സാഹചര്യങ്ങളുമായി ബന്ധിപ്പിച്ച് വിശകലനം ചെയ്യാൻ നിങ്ങളുടെ വിവേചനബുദ്ധി കൃത്യമായും ഉപയോഗപ്പെടുത്തണം. അങ്ങനെ ഒരു തിരിഞ്ഞുനോട്ടം ഏതൊരു ബന്ധത്തിലും നല്ലതുതന്നെയാണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നാണല്ലോ..!