ആണ്‍കുട്ടികളെയും പുരുഷന്മാരെയും സൗഹൃദം നടിച്ച് വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ ആനന്ദം കണ്ടെത്തിയ സീരിയല്‍ കില്ലറായിരുന്നു നില്‍സെന്‍. 

ഡെന്നിസ് നില്‍സന്‍ ആധുനിക യുഗത്തിലെ ഏറ്റവും കുപ്രസിദ്ധനായ സീരിയല്‍ കില്ലര്‍മാരില്‍ ഒരാളാണ്. എഴുപതുകളുടെ അവസാനത്തില്‍ അത്രയധികം ഹീനമായ കൊലപാതകങ്ങളാണ് അയാള്‍ നടത്തിയത്. പുരുഷന്മാരായിരുന്നു ഇയാളുടെ ഇരകള്‍. ആണ്‍കുട്ടികളെയും പുരുഷന്മാരെയും സൗഹൃദം നടിച്ച് വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ ആനന്ദം കണ്ടെത്തിയ സീരിയല്‍ കില്ലറായിരുന്നു നില്‍സെന്‍. 

1945 നവംബര്‍ 23 നാണ് ഒരു സൈനികന്റെ മകനായി ഡെന്നിസ് നില്‍സെന്‍ ജനിച്ചത്. സൈനിക സേവനത്തിനായി തന്റെ ജീവിതം മാറ്റിവെച്ച നില്‍സന്റെ പിതാവ് അവന്‍ വളരെ ചെറുതായിരുന്നപ്പോള്‍ തന്നെ കുടുംബത്തെ ഉപേക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ബാല്യകാലം പിന്നീടും മുന്‍പേ മാതാപിതാക്കള്‍ തമ്മില്‍ വേര്‍പിരിഞ്ഞു. പിന്നീടുള്ള അവന്റെയും സഹോദരങ്ങളുടെയും ജീവിതം മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമായിരുന്നു. നെല്‍സണ്‍ ഏതാണ്ട് കൗമാര കാലത്തില്‍ എത്തിയപ്പോള്‍ അവരും മരിച്ചു. ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ തന്നെയാണ് താന്‍ ഒരു ഗേ ആണെന്ന് നില്‍സെന്‍ തിരിച്ചറിയുന്നത്. ഇതിന്റെ പേരില്‍ സഹോദരനും സഹോദരിയും എപ്പോഴും അവനെ പരിഹസിക്കുമായിരുന്നു.

ഈ കാലഘട്ടത്തില്‍ തന്നെ ഇയാള്‍ ആര്‍മി കേഡറ്റ് ഫോഴ്‌സില്‍ ചേര്‍ന്ന് 9 വര്‍ഷക്കാലത്തോളം അവിടെ സേവനം ചെയ്തു. സൈനിക ജീവിതത്തിന് ശേഷം, നില്‍സെന്‍ മെട്രോപൊളിറ്റന്‍ പോലീസില്‍ ചേരാന്‍ തീരുമാനിച്ചു, അങ്ങനെ പരിശീലനത്തിനായി ലണ്ടനിലേക്ക് താമസം മാറി. പോലീസ് പരിശീലനം പൂര്‍ത്തിയാക്കിയെങ്കിലും ഒരു വര്‍ഷത്തില്‍ കൂടുതല്‍ പോലീസില്‍ ജോലി ചെയ്യാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. കാരണം അതിനിടയില്‍ അയാള്‍ പൂര്‍ണ്ണ മദ്യപാനിയായി മാറുകയും സ്വവര്‍ഗ അനുരാഗികളായ ഇണകളെ തേടി ബാറുകള്‍ മുഴുവന്‍ കയറിയിറങ്ങുകയും ചെയ്തു. അങ്ങനെ കഷ്ടിച്ച് ഒരു വര്‍ഷക്കാലത്തോളം പോലീസില്‍ പിടിച്ചുനിന്നതിനുശേഷം അയാള്‍ ജോലി രാജിവച്ചു തുടര്‍ന്ന് ഒരു ജോബ് സെന്ററില്‍ ജോലിക്കായി കയറി. 

താന്‍ ഒരു ഗേ ആണെന്നകാര്യം ഇയാള്‍ ആരോടും പറഞ്ഞിരുന്നില്ല എന്ന് മാത്രമല്ല തന്റെ ലൈംഗിക തൃപ്തിക്കായി മറ്റൊരു വഴി കൂടി കണ്ടെത്തി. ചെറുപ്പക്കാരായ പുരുഷന്മാരെയും ആണ്‍കുട്ടികളെയും സൗഹൃദം നടിച്ച് വലയിലാക്കി അവരെ തന്റെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയ ശേഷം മാസങ്ങളോളം ആ മൃതദേഹങ്ങള്‍ക്കൊപ്പം കഴിയുന്നതായിരുന്നു ഇയാളുടെ രീതി. ഒടുവില്‍ ശരീരങ്ങള്‍ ജീര്‍ണിച്ച ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങുമ്പോള്‍ അവ തന്റെ വീടിനുള്ളില്‍ തന്നെ ഇയാള്‍ മറവ് ചെയ്യുകയും ചെയ്യുമായിരുന്നു. 1978 ലാണ് ഇയാള്‍ ഇരത്തില്‍ ആദ്യത്തെ കൊലപാതകം ചെയ്യുന്നത്. 1983 വരെ ഇയാള്‍ തന്റെ കൊലപാതക പരമ്പരകള്‍ തുടര്‍ന്നു. ഇതിനിടയില്‍ പുരുഷന്മാരും കുട്ടികളും അടക്കം 16 പേരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

ആദ്യ കാഴ്ചയില്‍ തന്നെ തനിക്ക് ഇഷ്ടപ്പെടുന്ന യുവാക്കളെയും കുട്ടികളെയും ആണ് ഇയാള്‍ ലക്ഷ്യം വെച്ചിരുന്നത്. ഇത്തരത്തില്‍ ഇഷ്ടം തോന്നുന്ന പുരുഷന്മാരോട് ആദ്യം സൗഹൃദം നടിക്കുകയും അവരെ ബാറുകളിലേക്ക് ക്ഷണിക്കുകയും ചെയ്യും. ബാറില്‍ നിന്ന് മതിയാവോളം മദ്യം വാങ്ങിയ നല്‍കിയശേഷം ഇയാള്‍ അവരെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെവച്ച് ഇവരെ കൊലപ്പെടുത്തുകയും ശേഷം മൃതദേഹം കുളിപ്പിച്ച് പുതിയ വസ്ത്രങ്ങള്‍ ഇട്ട് മാസങ്ങളോളം അതിനൊപ്പം താമസിക്കുകയും ചെയ്യും. ഇങ്ങനെ താമസിക്കുന്നതിനിടയില്‍ ആ മൃതദേഹങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യും ഇയാള്‍. കൊലപ്പെടുത്തിയ എല്ലാവരുടെയും മൃതദേഹങ്ങള്‍ ഇയാള്‍ തന്റെ വീടിനുള്ളിലും പൂന്തോട്ടത്തിലും ആയാണ് സംസ്‌കരിച്ചിരുന്നത്.

അത്തരത്തില്‍ ഒരു മൃതദേഹം സംസ്‌കരിക്കുന്നതിനിടയില്‍ പറ്റിയ ചെറിയൊരു പിഴവാണ് ഇയാള്‍ പിടിയിലാകാന്‍ കാരണം. മൃതദേഹങ്ങള്‍ മണ്ണില്‍ കുഴിച്ചിടുന്നതിന് മുമ്പ് ആവുന്നത്ര അവയവങ്ങള്‍ ചെറുതായി നുറുക്കി ഇയാള്‍ ടോയ്ലറ്റിലിട്ട് വെള്ളം ഒഴിക്കുക പതിവായിരുന്നു. 1983-ലാണ് ഇയാള്‍ അവസാനത്തെ കൊല നടത്തിയത്. ഒരു 20-കാരനായിരുന്നു അന്നത്തെ ഇര. ആ മൃതദേഹം ജീര്‍ണിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ശരീരഭാഗങ്ങള്‍ മുറിച്ച് പതിവുപോലെ ക്ലോസറ്റില്‍ ഇട്ട് വെള്ളം ഒഴിച്ചു. പക്ഷേ അയാളുടെ നിര്‍ഭാഗ്യം എന്ന് പറയാം അവ ടോയ്‌ലറ്റ് പൈപ്പില്‍ എവിടെയോ കുടുങ്ങി ബ്ലോക്ക് ആയി . അത് നന്നാക്കാനായി അയാള്‍ ഒരു പ്ലംബറെ വിളിച്ചു. ടോയ്ലറ്റില്‍ അടഞ്ഞിരിക്കുന്നത് മനുഷ്യന്റെ ശരീര ഭാഗങ്ങള്‍ ആണെന്ന് മനസ്സിലാക്കിയ പ്ലംബര്‍ അവിടെനിന്ന് പുറത്തിറങ്ങിയ ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിച്ചു.

നില്‍സന്റെ വീട്ടിലെത്തിയ പോലീസിന് വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി അനുഭവപ്പെടുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിവിധ പ്ലാസ്റ്റിക് ബാഗുകളിലായി മനുഷ്യശരീരം നിറച്ചിരിക്കുന്നതും കണ്ടെത്തി. ഉടന്‍തന്നെ പോലീസ് നില്‍സനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ അയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചു. ആ കാലഘട്ടത്തില്‍ നഗരത്തില്‍ സംഭവിച്ച നിരവധി മാന്‍ മിസ്സിംഗ് കേസുകള്‍ക്കുള്ള ഉത്തരമായിരുന്നു ഇയാളുടെ അറസ്റ്റോടെ പോലീസിന് ലഭിച്ചത് . അറസ്റ്റിനുശേഷം ഒരിക്കല്‍ പോലും കുറ്റം നിഷേധിക്കാതിരുന്ന ഇയാള്‍ക്ക് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മൃഗീയനായ സീരിയല്‍ കില്ലര്‍ ആയി തന്നെയാണ് നില്‍സണ്‍ ഇപ്പോഴും അറിയപ്പെടുന്നത്.