പൗരവകാശത്തിന്റെ ശക്തനായ വക്താവ് ആണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. സ്വകാര്യത അടിസ്ഥാന അവകാശമാണെന്ന വിധിന്യായത്തിനപ്പുറം ഒരു തെളിവ് അതിനു വേണ്ട-പിആര്‍ വന്ദന എഴുതുന്നു 

അച്ഛനും മകനും ചീഫ് ജസ്റ്റിസ് ആകുന്നത് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇതാദ്യമായാണ്. ഇനി മൂന്നാം തലമുറയും ആ വഴിയില്‍ എത്തുമോ എന്ന് പറയുക വയ്യ. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ രണ്ട് മക്കളും അഭിനവും ചിന്തനും അഭിഭാഷകരാണ് (ഒരാള്‍ മുംബൈയില്‍, മറ്റേ ആള്‍ ലണ്ടനില്‍).

ഇന്ത്യയുടെ അമ്പതാം ചീഫ് ജസ്റ്റിസ് ആവുക ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഡ്. അടുത്ത മാസം എട്ടിന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് യു.യു. ലളിത് തന്റെ പിന്‍ഗാമിയാകാന്‍ ജസ്റ്റിസ് ചന്ദ്രചൂഡിനെ ശുപാര്‍ശ ചെയ്തു. എല്ലാ ജഡ്ജിമാരുടെയും സാന്നിധ്യത്തില്‍ കേന്ദ്രസര്‍ക്കാരിന് അയച്ച ശുപാര്‍ശക്കത്തിന്റെ പകര്‍പ്പ് ജസ്റ്റിസ് ലളിത് ജസ്റ്റിസ് ചന്ദ്രചൂഡിന് കൈമാറി. ഏറ്റവും മുതിര്‍ന്ന ജഡ്ജിയുടെ ചേംബറിലെത്തി ശുപാര്‍ശക്കത്തിന്റെ പകര്‍പ്പ് നല്‍കുക എന്നതായിരുന്നു പൊതുവെ ഉള്ള ശീലം. രണ്ടു വര്‍ഷവും രണ്ട് ദിവസവും എന്നതാകും രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ തലവന്‍ എന്ന പദവിയില്‍ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ കാലാവധി. 

സമീപകാലത്ത് വന്ന ചീഫ് ജസ്റ്റിസുമാരില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരിക്കുന്ന ആളാകും ജസ്റ്റിസ് ഡി വൈ.ചന്ദ്രചൂഡ്. മുമ്പ് അദ്ദേഹത്തിന്റെ അച്ഛന്‍ ജസ്റ്റിസ് വൈ വൈ ചന്ദ്രചൂഡ് ആ പദവിയില്‍ ഏഴ് വര്‍ഷവും നാല് മാസവും 19 ദിവസവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. (1978 ഫെബ്രുവരി മുതല്‍ 1985 വരെ). അച്ഛനും മകനും ചീഫ് ജസ്റ്റിസ് ആകുന്നത് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇതാദ്യമായാണ്. ഇനി മൂന്നാം തലമുറയും ആ വഴിയില്‍ എത്തുമോ എന്ന് പറയുക വയ്യ. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ രണ്ട് മക്കളും അഭിനവും ചിന്തനും അഭിഭാഷകരാണ് (ഒരാള്‍ മുംബൈയില്‍, മറ്റേ ആള്‍ ലണ്ടനില്‍).

ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സില്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലേക്ക് പോയതും അത്യാവശ്യം കുറച്ച് പോക്കറ്റ് മണി ഉണ്ടാക്കാന്‍ ആകാശവാണിയില്‍ അവതാരകന്‍ ആയി പോയതും അച്ഛന്റെ ഓഫീസിലെ സ്റ്റാഫിനേയും ക്രിക്കറ്റ് കളിക്കാന്‍ ഒപ്പം കൂട്ടിയതും ചന്ദ്രചൂഡിന്റെ ദില്ലി ഓര്‍മകളില്‍ നിറപ്പകിട്ടാര്‍ന്നു നില്‍ക്കുന്നു. സെന്റ് സ്റ്റീഫന്‍സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ നിന്ന് ബിരുദം, പിന്നെ ദില്ലി സര്‍വകലാശാലയിലെ കാമ്പസ് ലോ സെന്ററില്‍ നിന്ന് അച്ഛന്റെ പാതയില്‍ എത്താനുള്ള പഠനത്തിന്റെ ആദ്യപടി, നിയമത്തിലെ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍. ബോംബെ ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങുന്നു, പിന്നെ സുപ്രീംകോടതിയില്‍. 98-ല്‍ മുതിര്‍ന്ന അഭിഭാഷകന്‍, അന്ന് പ്രായം 39. സീനിയര്‍ അഡ്വക്കേറ്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകരില്‍ ഒരാള്‍ ആയിരുന്നു അദ്ദേഹം. ആദ്യം ബോംബെ ഹൈക്കോടതി ജഡ്ജി. പിന്നെ അലഹബാദ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് (2013). മൂന്ന് കൊല്ലത്തിനിപ്പുറം 2016 മേയ് മാസം സുപ്രീംകോടതിയില്‍ ജഡ്ജി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയും പ്രവര്‍ത്തിച്ചു. വക്കീല്‍ ആയിരിക്കെ സര്‍വകലാശാലയില്‍ അന്താരാഷ്ട്ര നിയമം പഠിപ്പിക്കാനെത്തി. ബോംബെ സര്‍വകലാശാലയില്‍ ഇടക്ക് ഭരണഘടനാ ചട്ടങ്ങളില്‍ ക്ലാസെടുത്തു.

പൗരവകാശത്തിന്റെ ശക്തനായ വക്താവ് ആണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. സ്വകാര്യത അടിസ്ഥാന അവകാശമാണെന്ന വിധിന്യായത്തിനപ്പുറം ഒരു തെളിവ് അതിനു വേണ്ട. 2017-ലെ വിധിന്യായം അടിയന്തരാവസ്ഥക്കാലത്തുണ്ടായ ഒരു വിവാദ ഉത്തരവ് തിരുത്തുന്നതായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങള്‍ മാനിക്കാതിരിക്കാമെന്നും പൗരന്‍മാര്‍ക്ക് അവകാശ സംരക്ഷണത്തിനായി കോടതികളെ സമീപിക്കാന്‍ കഴിയില്ലെന്നും ആയിരുന്നു ആ വിധി. ആ ഉത്തരവ് നല്‍കിയതാവട്ടെ അച്ഛന്‍ വൈ വൈ ചന്ദ്രചൂഡ് നയിച്ച അഞ്ചംഗബെഞ്ചും. (ADM Jabalpur case ) അന്ന് ആ വിധിന്യായത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയത് ജസ്റ്റിസ് എച്ച്.ആര്‍. ഖന്ന മാത്രമായിരുന്നു. നിയമവാഴ്ചയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും കോടതികള്‍ നിശബ്ദരാക്കപ്പെടുന്നു എന്നത് സങ്കീര്‍ണാവസ്ഥയാണെന്നു ജസ്റ്റിസ് ഖന്ന രേഖപ്പെടുത്തി. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം, കൃത്യമായി പറഞ്ഞാല്‍ 41 കൊല്ലം കഴിഞ്ഞപ്പോള്‍ അച്ഛനെ തിരുത്തിയ മകന്‍ പറഞ്ഞത്, ജസ്റ്റിസ് ഖന്നയുടെ ന്യായമായിരുന്നു ശരിയെന്ന്.

പിന്നെയും അച്ഛന്‍ പുറപ്പെടുവിച്ച വിധിന്യായം മകന്‍ തിരുത്തിയെഴുതി. ദാമ്പത്യത്തിലെ അവിഹിത ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കി. ദാമ്പത്യത്തിലെ വിശ്വാസവഞ്ചന വിവാഹമോചനത്തിനുള്ള കാരണമാണെന്നും ക്രിമിനല്‍ കുറ്റമല്ലെന്നും (പ്രായം, സമ്മതം ഇത്യാദി ഘടകങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്) ഏകകണ്ഠമായി വിധിച്ച ബെഞ്ചിലെ അംഗമായിരുന്നു ഡി.വൈ.ചന്ദ്രചൂഡ്. അവിഹിത ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന 497-ാം വകുപ്പ് ശരിയാണെന്ന് 85-ലാണ് വൈ വൈ ചന്ദ്രചൂഡ് വിധിച്ചത്. 

ദയാവധം, സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കല്‍, ഹാദിയ കേസ്, ശബരിമലയിലെ സ്ത്രീ പ്രവേശനം, ഏറ്റവും ഒടുവില്‍ സ്ത്രീകളുടെ ഗര്‍ഭഛിദ്രാവകാശം.....സമീപകാലത്ത് രാജ്യം ചര്‍ച്ച ചെയ്ത, രാജ്യത്തിന് പുതിയ ദിശാബോധം നല്‍കിയ നിരവധി വിധിന്യായങ്ങളില്‍ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ കരസ്പര്‍ശവും പൊതുബോധവും ഉണ്ട്. അയോധ്യ തര്‍ക്കത്തില്‍ 2019-ല്‍ അന്തിമവിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിലും അംഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്.

ജോലി പൂര്‍ത്തിയാക്കാന്‍, കേസ് പഠിക്കാന്‍, വിധിന്യായം എഴുതാന്‍ എല്ലാം ജോലി സമയത്തിന്റെ നിര്‍വചനവും കൃത്യതയും ജസ്റ്റിസ് ചന്ദ്രചൂഡ് നോക്കാറില്ല. പതിവ് സമയമായ നാല് മണിക്ക് അപ്പുറം കോടതി നടപടികള്‍ തുടരാറുണ്ട് അദ്ദേഹത്തിന്റെ ബെഞ്ച്. ലിസ്റ്റ് ചെയ്ത എല്ലാ കേസുകളും തീര്‍ക്കാനായി കഴിഞ്ഞ മാസം അദ്ദേഹം രാത്രി ഒമ്പതേകാല്‍ മണി വരെ ഇരുന്നു. ഒപ്പമുള്ള ജീവനക്കാരെ വേണ്ടപ്പോള്‍ പ്രശംസിച്ചും ആവശ്യമുള്ളപ്പോള്‍ വിമര്‍ശിച്ചും ഒപ്പം നിര്‍ത്തുന്ന മേലധികാരിയാണ് അദ്ദേഹം.
സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട്. മൂന്ന് കാര്യങ്ങളാണ് അദ്ദേഹത്തെ നിര്‍വചിക്കുന്നത് എന്ന്. ധൈര്യം,സഹാനുഭൂതി, നേര്. 

സാധാരണക്കാരനില്‍ സാധാരണക്കാരന്‍ നീതിക്കായി പ്രതീക്ഷയും വിശ്വാസവും അര്‍പിക്കുന്നത് നിയമവ്യവസ്ഥയിലാണെന്ന് അദ്ദേഹത്തിന് അറിയാം. തുല്യത സ്വപ്നം കാണാന്‍ സാധാരണക്കാരനില്‍ സാധാരണക്കാരന്‍ ഒപ്പം കൂട്ടുന്നതും നീതിന്യായ വ്യവസ്ഥകള്‍ ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ ആണെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ടാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കഴിഞ്ഞ കാലത്തെ നീതിനിഷേധങ്ങള്‍ തിരുത്താനും നാളേക്കുള്ള ദിശാബോധം നല്‍കാനും പൊതു സാമൂഹിക ബോധം പരിഷ്‌കരിക്കാനും ഉതകുന്ന വിധിന്യായങ്ങള്‍ എഴുതുന്നത്. സാമാന്യ ജനതയും സാമൂഹികപ്രവര്‍ത്തകരും പ്രതീക്ഷയോടെ പുതിയ ചീഫ് ജസ്റ്റിസിനെ നോക്കിക്കാണുന്നതും അതു കൊണ്ടു തന്നെ.