ഇന്ന് ഒരു ചരിത്രനേട്ടത്തിന്റെ വാര്‍ഷികമാണ്. ജാപ്പനീസ് പര്‍വതാരോഹക ജുങ്കോ താബെ 47 വര്‍ഷം മുമ്പ് ഇന്നത്തെ ദിവസമാണ് എവറസ്റ്റ് കീഴടക്കിയത്. ആണ്‍കോയ്മ ഉയര്‍ത്തിയ  വെല്ലുവിളികള്‍ തകര്‍ത്തെറിഞ്ഞ് ആകാശത്തോളം നടന്നുകയറിയ ജുങ്കോ താബെയുടെ ജീവിതം. പി ആര്‍ വന്ദന എഴുതുന്നു. 

9,000 അടി കയറിക്കഴിഞ്ഞപ്പോള്‍ ഒരു വലിയ ഹിമപാതം. അതില്‍പെട്ടു പോയ ജൂങ്കോയെ സംഘത്തിലുണ്ടായിരുന്ന ഷേര്‍പ്പകള്‍ അത്ഭുതകരമായാണ് രക്ഷപ്പെടുത്തിയത്. ബോധരഹിതയായി പോയ ജൂങ്കോ രണ്ട് ദിവസം വെറുതെയിരുന്നു. പിന്നെ എഴുന്നേറ്റു, നടന്നു, കയറി. പന്ത്രണ്ടാംദിവസം എവറസ്റ്റിന്റെ മുകളില്‍. 1975 മേയ് 16-ന് ജൂങ്കോ എവറസ്റ്റ് കീഴടക്കുന്ന ആദ്യവനിതയായി. (എവറസ്റ്റിലെ ആദ്യത്തെ വനിതയാകാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് ജുങ്കോ തന്നെ ഒരിക്കല്‍ പറഞ്ഞു, അവര്‍ക്കിഷ്ടം എവറസ്റ്റിന് മുകളിലെത്തുന്ന 36-ാമത്തെ ആള്‍ എന്നറിയപ്പെടാനായിരുന്നു).

ഇന്ന് ഒരു ചരിത്രനേട്ടത്തിന്റെ വാര്‍ഷികമാണ്. ജാപ്പനീസ് പര്‍വതാരോഹക ജുങ്കോ താബെ 47 വര്‍ഷം മുമ്പ് ഇന്നത്തെ ദിവസമാണ് എവറസ്റ്റ് കീഴടക്കിയത്. 

എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത, ഭൂമിയിലെ ഏറ്റവും ഉയരമേറിയ ഏഴു കൊടുമുടികളും കീഴടക്കിയ ആദ്യവനിത, മാമൂലുകളെ ചോദ്യം ചെയ്ത് സ്വന്തം ഇഷ്ടത്തിന് പിന്നാലെ പോയ ജുങ്കോ താബെയ്ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. 

ലോകത്തിന്റെ ഉച്ചസ്ഥായിയില്‍ തന്റെ വിജയപതാക പാറിച്ച ജുങ്കോ താബെ 1939- ല്‍ ജപ്പാനിലെ ഫുകുഷിമയില്‍ മിഹാരു എന്ന ചെറുപട്ടണത്തിലാണ് ജുങ്കോ താബെ ജനിച്ചത്. സ്‌കൂളില്‍ നിന്ന് പോയ ഒരു ട്രിപ്പാണ് ജീവിതത്തിലെ വലിയ ഇഷ്ടത്തിലേക്ക് ജൂങ്കോയെ തിരിച്ചുവിട്ടത്. 

പത്താം വയസ്സില്‍. ചൗസു, ആഷി പര്‍വതനിരകളിലേക്കായിരുന്നു ആ യാത്ര. ഉയര്‍ന്നു നില്‍ക്കുന്ന പര്‍വതനിരകളുടെ ശിഖരത്തിലേക്ക് ചെന്നുകയറാനുള്ള കഷ്ടപ്പാടും അധ്വാനവും ആ യുവമനസ്സിലനെ ഹരം കൊള്ളിക്കുന്ന പ്രേരകശക്തിയായി. ഇഷ്ടത്തെ ഉപാസിച്ചു കൊണ്ടേയിരുന്നു പിന്നീടങ്ങോട്ട്. 

ഷോവ വനിതാസര്‍വകലാശാലയില്‍ വിദ്യാഭ്യാസവും സാഹിത്യവും പ്രധാന വിഷയമാക്കി ബിരുദത്തിന് പഠിക്കുമ്പോള്‍ പര്‍വതാരോഹകരുടെ കൂട്ടത്തിലെ ഏക വനിതയായിരുന്നു ജുങ്കോ. നല്ല വീട്ടമ്മ ആവുക എന്നതാണ് ഒരു സത്രീ ആദ്യമായും അവസാനമായും ചെയ്യേണ്ടതെന്ന പാരമ്പര്യവാദം ഉച്ഛസ്ഥായിയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു ഈ ഒറ്റക്കുള്ള ആരോഹണം എന്നത് പ്രത്യേകം ഓര്‍ക്കണം. 

ചിലരവളെ പരിഹസിച്ചു, ഒരു ഭര്‍ത്താവിനെ ഒപ്പിക്കാനാണെന്ന്. മറ്റ് ചിലര്‍ അവള്‍ക്കൊപ്പം മല കയറാന്‍ വിസമ്മതിച്ചു. അതൊന്നും ജൂങ്കോയെ തളര്‍ത്തിയില്ല. ആവേശം ഇല്ലാതാക്കിയില്ല. നാലടി ഒമ്പതിഞ്ചിന്റെ ഉയരത്തിനേക്കാളും തലപ്പൊക്കമുണ്ടായിരുന്നു ജൂങ്കോയുടെ ആത്മവിശ്വാസത്തിനും, താത്പര്യത്തിനും. 

അന്നത്തെ പ്രയാസം ഓര്‍മയിലുള്ളതു കൊണ്ടാകും കാലമിത്തിരി കഴിഞ്ഞിട്ടായാലും ജപ്പാനിലെ ആദ്യ വനിതാ പര്‍വതാരോഹണക്ലബ് സ്ഥാപിച്ചു, ജൂങ്കോ. 1969 -ല്‍ രണ്ടുകുട്ടികളുടെ അമ്മയായതിനു ശേഷമായിരുന്നു അത്. 

1970-ല്‍ ക്ലബ് അംഗങ്ങള്‍ക്കൊപ്പം അന്നപൂര്‍ണ മലനിരകളിലേക്ക് നടത്തിയ ആരോഹണം വിജയിച്ചതിന് ശേഷമാണ് എവറസ്റ്റ് ജൂങ്കോയുടെ സ്വപ്നങ്ങളില്‍ കയറിക്കൂടിയത്. കാത്തിരിക്കേണ്ടി വരുമെന്ന അറിയിപ്പ് നിരാശപ്പെടുത്തിയില്ല. ജൂങ്കോയും കൂട്ടുകാരികളും ആ വലിയ യാത്രക്ക് തയ്യാറെടുപ്പുകള്‍ നടത്തി. സ്ത്രീകളുടെ സംഘത്തിനെ പിന്തുണക്കാന്‍ അധികം പേരുണ്ടായിരുന്നില്ല. നിരുത്സാഹപ്പെടുത്താന്‍ ആവശ്യത്തില്‍ കൂടുതല്‍ പേരുണ്ടായിരുന്നു താനും. 

ആരും പക്ഷേ പിന്നോട്ടുപോയില്ല. സ്ലീപ്പിങ് ബാഗുകള്‍ സ്വന്തമായി തുന്നിത്തയ്യാറാക്കിയും ഭക്ഷണസാധനങ്ങള്‍ പിരിച്ചെടുത്തും തുന്നിയെടുത്തതും ഉണ്ടാക്കിയെടുത്തതുമായ ഉത്പന്നങ്ങള്‍ വിറ്റും കുറച്ച് സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയുമൊക്കെ സംഘം മുന്നോട്ട് തന്നെ നടന്നു. പര്‍വതനിരയുടെ താഴെനിന്ന് മുകളിലേക്കുള്ള കയറ്റം നടന്നു തുടങ്ങി, 1975ല്‍. 

9,000 അടി കയറിക്കഴിഞ്ഞപ്പോള്‍ ഒരു വലിയ ഹിമപാതം. അതില്‍പെട്ടു പോയ ജൂങ്കോയെ സംഘത്തിലുണ്ടായിരുന്ന ഷേര്‍പ്പകള്‍ അത്ഭുതകരമായാണ് രക്ഷപ്പെടുത്തിയത്. ബോധരഹിതയായി പോയ ജൂങ്കോ രണ്ട് ദിവസം വെറുതെയിരുന്നു. പിന്നെ എഴുന്നേറ്റു, നടന്നു, കയറി. പന്ത്രണ്ടാംദിവസം എവറസ്റ്റിന്റെ മുകളില്‍. 1975 മേയ് 16-ന് ജൂങ്കോ എവറസ്റ്റ് കീഴടക്കുന്ന ആദ്യവനിതയായി. (എവറസ്റ്റിലെ ആദ്യത്തെ വനിതയാകാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് ജുങ്കോ തന്നെ ഒരിക്കല്‍ പറഞ്ഞു, അവര്‍ക്കിഷ്ടം എവറസ്റ്റിന് മുകളിലെത്തുന്ന 36-ാമത്തെ ആള്‍ എന്നറിയപ്പെടാനായിരുന്നു). പതിനൊന്ന് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ജൂങ്കോക്ക് ഒരു പിന്‍ഗാമിയുണ്ടായി. തിബത്തില്‍ നിന്നുള്ള ഫാന്‍തോഗ്. 

അകോണ്‍കാഗ്വ, മൗണ്ട് മക്കിന്‍ലേ, കിളിമഞ്ജാരോ കൊടുമുടി, വിന്‍സണ്‍ മാസ്സിഫ്, മൗണ്ട് എല്‍ബ്രസ്, മൗണ്ട് കോഷിസ്‌കോ, പുന്‍ചാക്ക് ജായ തുടങ്ങി 76 വ്യത്യസ്ത രാജ്യങ്ങളിലെ പര്‍വതശിഖരങ്ങളിലും ജൂങ്കോ എത്തി. ലോകത്തെ ഏറ്റവും വലിയ ഏഴ് കൊടുമുടികളും 1992 ആയപ്പോഴേക്കും ജൂങ്കോയ്ക്ക് വഴങ്ങിയിരുന്നു. 

പിന്നീടും പര്‍വതങ്ങളുമായുള്ള സ്‌നേഹച്ചങ്ങല ജൂങ്കോ മുറിച്ചില്ല. പരിസ്ഥിതിയെ കുറിച്ച് പഠിച്ചു. പരിസ്ഥിതിയുടെയും പ്രകൃതിയുടേയും സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. ആരോഹകസംഘങ്ങളുടെ ബാഹുല്യം എവറസ്റ്റ് ഉള്‍പെടെയുള്ള പര്‍വതനിരകളുടെ പരിസ്ഥിതി സന്തുലനത്തെ ബാധിക്കുന്നുണ്ടെന്ന് വിലയിരുത്തിയ ജൂങ്കോ ബോധവത്കരണത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിച്ചു. ജപ്പാനിലെ ഹിമാലയന്‍ അഡ്വെഞ്ചര്‍ ട്രസ്റ്റിന്റെ ഡയറക്ടര്‍ എന്ന പദവി ക്രിയാത്മകമായി വഹിച്ചു. 

ഏഴു വര്‍ഷം മുന്പ് 2012 ഒക്ടോബര്‍ 20 -ന് കാന്‍സറിനോട് പൊരുതിത്തോറ്റ് ജൂങ്കോ മടങ്ങി. സ്വപ്നസാഫല്യത്തിനുള്ള നിശ്ചദാര്‍ഢ്യത്തിേെന്റയും കഠിനാധ്വാനത്തിന്റെയും ഉദാത്തമാതൃക എന്ന പതാക ജൂങ്കോയുടേതായി എവറസ്റ്റിന് മുകളില്‍ എന്നത്തേക്കും പാറിപ്പറക്കുന്നുണ്ട്.