"കുര നിർത്തിക്കോ, ഫ്രഞ്ച് പട്ടികളേ..." - എന്നായിരുന്നു പാകിസ്താനിലെ ഫ്രഞ്ച് നർമ്മ മാസികയായ ഷാർലി ഹെബ്ദോക്കെതിരെ ലാഹോറിലും ഇസ്ലാമാബാദിലെ ആയിരങ്ങളെ അണിനിരത്തിക്കൊണ്ട് നടന്ന പ്രതിഷേധത്തിൽ ചില പ്ലക്കാർഡുകളിൽ എഴുതിയിരുന്ന, ജനക്കൂട്ടം ഉച്ചത്തിൽ വിളിച്ചുകൊണ്ടിരുന്ന ഒരു മുദ്രാവാക്യം. 2015 -ൽ ആ ഫ്രഞ്ച് മാസിക പ്രസിദ്ധപ്പെടുത്തിയ ഏറെ വിവാദങ്ങൾക്കിടയാക്കിയ പ്രവാചകനെപ്പറ്റിയുള്ള കാർട്ടൂൺ, അടുത്തിടെ അവർ പുനഃപ്രസിദ്ധീകരിച്ചതാണ് ഈ പ്രതിഷേധങ്ങൾക്ക് കാരണം. ലോകത്തിന്റെ പല കോണുകളിൽ നിന്നുള്ള മതവിശ്വാസികളുടെ പ്രതിഷേധങ്ങൾക്കും, പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഓഫീസിനു നേരെ നടന്ന ഭീകരാക്രമണത്തിൽ  പന്ത്രണ്ടു പേരുടെ ജീവൻ നഷ്ടപ്പെടുന്നതിനും ഒക്കെ അന്ന് നിമിത്തമായിരുന്നു ആ കാർട്ടൂൺ. 

അന്നത്തെ ആ തീവ്രവാദി ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനക്കാരുടെ വിചാരണ തുടങ്ങുന്ന വേളയിൽ, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തങ്ങളുടെ സഹപ്രവർത്തകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഷാർലി ഹെബ്ദോ അന്നത്തെ ആ വിവാദ കാർട്ടൂൺ വീണ്ടും പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ പുതിയ പ്രകോപനത്തോട് പ്രതികരിച്ചുകൊണ്ടാണ് പാകിസ്ഥാനിൽ ആയിരക്കണക്കിന് പേർ വീണ്ടും പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിട്ടുള്ളത്. വ്യാഴാഴ്ച തുടങ്ങിയ പ്രതിഷേധങ്ങൾ വെള്ളിയാഴ്ചയും പാകിസ്താനിലെ തെരുവുകളിൽ തുടർന്നു.  

പാകിസ്താന്റെ വിദേശകാര്യ മന്ത്രാലയവും ഈ പ്രതിഷേധങ്ങളോട് യോജിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. MoFA വക്താവിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് ഇത് സൂചിപ്പിച്ചുകൊണ്ട് വിശദമായൊരു ട്വീറ്റ് തന്നെ വന്നു. "ഇങ്ങനെ ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ട് മനഃപൂർവം ചെയ്യുന്ന ഒരു പ്രവൃത്തിയെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കണക്കിൽ പെടുത്തി അംഗീകരിച്ചു തരാൻ കഴിയില്ല എന്നാണ് ട്വീറ്റിൽ പറഞ്ഞിട്ടുള്ളത്. ഈ നടപടിയെ പാകിസ്ഥാൻ സർക്കാർ നിശിതമായി അപലപിക്കുന്നു എന്നും ട്വീറ്റിൽ ഉണ്ട്. 

എന്നാൽ പാകിസ്ഥാനിൽ തന്നെ ചില കേന്ദ്രങ്ങളിൽ നിന്ന്  ഇത്തരം പ്രതികരണങ്ങളുടെ സെലക്ടീവ് സ്വഭാവത്തെപ്പറ്റി വിമർശനം ഉയർന്നു. മാജിദ് നവാസ് എന്ന ആക്ടിവിസ്റ്റ് ചോദിച്ചത് ഇങ്ങനെയായിരുന്നു, "ഷാർലി ഹെബ്ദോ കാർട്ടൂൺ അച്ചടിക്കുമ്പോൾ വ്രണപ്പെടുന്ന മതവികാരം എന്തുകൊണ്ടാണ് ചൈന ഉയ്ഗർ മുസ്ലിംകളെ കൊല്ലാക്കൊല ചെയ്യുമ്പോൾ, അവരുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുമ്പോൾ വ്രണപ്പെടാത്തത്. എന്തുകൊണ്ടാണ് ചൈനീസ് എംബസിക്കു പുറത്ത് ഇതുപോലെ പ്രകടനങ്ങൾ ഉണ്ടാകാത്തത് ? ഇത് ഇരട്ടത്താപ്പാണ്." 

സെപ്റ്റംബർ രണ്ടിന് പുറത്തിറങ്ങിയ സ്‌പെഷ്യൽ എഡിഷനിലാണ് ഷാർലി ഹെബ്ദോ വിവാദ കാർട്ടൂൺ വീണ്ടും അച്ചടിച്ചത്. ഈ കേസിൽ പങ്കെടുത്ത രണ്ടു സഹോദരന്മാർ ആക്രമണം നടന്ന ദിവസം തന്നെ ഫ്രഞ്ച് പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വേറെ പതിമൂന്നു പേർക്കെതിരെയുള്ള വിചാരണ തുടങ്ങിക്കഴിഞ്ഞു.