കൗതുകകരമെന്നു പറയട്ടെ, ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ പ്രെസ്വാൾസ്കി കുതിരകൾക്ക് നിൽക്കാനും നടക്കാനും കഴിയും. ഏതാനും ആഴ്ചകൾക്കുള്ളിൽ അവ മേയാൻ തുടങ്ങും.

ഏകദേശം നാല് പതിറ്റാണ്ട് മുമ്പ് കാട്ടിൽ നിന്ന് വംശനാശം സംഭവിച്ച വളരെ അപൂർവമായ ഒരു കുതിരയുടെ ജനനത്തിന് സാക്ഷ്യം വഹിച്ചിരിക്കയാണ് ഒരു ബ്രിട്ടീഷ് മൃ​ഗശാല. മേയ് 2 -ന് ഹാംഷെയറിലെ മാർവെൽ മൃഗശാലയിലാണ് ആൺ പ്രസ്വാൾസ്‌കി കുതിര ജനിച്ചത്. മൃഗശാലാ പ്രവർത്തകർ ഇതിന് 'ബേസിൽ' എന്ന് പേരിട്ടു. 

മംഗോളിയൻ കാട്ടു കുതിര എന്നും ഡംഗേറിയൻ കുതിര എന്നും വിളിക്കപ്പെടുന്ന പ്രസ്വാൾസ്‌കി കുതിര, മധ്യേഷ്യയിൽ നിന്നുള്ള അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ഒരു കുതിരയാണ്. റഷ്യൻ ഭൂമിശാസ്ത്രജ്ഞനും പര്യവേക്ഷകനുമായ നിക്കോളാസ് പ്രസ്‌വാൾസ്‌കിയുടെ പേരിലാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.

ഏകദേശം 40 വർഷങ്ങൾക്ക് മുമ്പ് ഇതിന് കാട്ടിൽ വംശനാശം സംഭവിച്ചു. എന്നാൽ, 1990 -കളിൽ ഖുസ്‌റ്റൈൻ നുറു ദേശീയോദ്യാനത്തിൽ അതിനെ തിരികെ കൊണ്ടുവരികയായിരുന്നു. മേയ് 28 -ന് നോഗറിനും സ്പെറാൻസറിനും ബേസിൽ ജനിച്ചു. എന്നാൽ ജൂൺ 28 -നാണ് വാർത്ത പരസ്യമാക്കിയത്. 1969 മുതൽ 2008 വരെ കാട്ടിൽ പ്രെസ്വാൾസ്കി കുതിരകൾക്ക് വംശനാശം സംഭവിച്ചതായി മൃഗശാലയിലെ ജീവനക്കാർ പറഞ്ഞു.

ഹാംഷെയർ മൃഗശാലയിൽ താമസിക്കുന്ന ആദ്യത്തെ പ്രെസ്വാൾസ്‌കി ആൺകുതിരയുടെ പേരിലാണ് ബേസിലിന് ആ പേര് ലഭിച്ചത്. ഇൻസ്റ്റാഗ്രാമിൽ, മാർവെൽ മൃഗശാല തന്റെ മാതാപിതാക്കളിലൊരാൾക്കൊപ്പമുള്ള കുതിരയുടെ ഫോട്ടോ പോസ്റ്റ് ചെയ്തു. ബേസിൽ എന്ന് കുതിരയ്ക്ക് പേര് നൽകിയതിനെ കുറിച്ചും മൃ​ഗശാല പോസ്റ്റിൽ വ്യക്തമാക്കി. ബേസിൽ സീനിയർ 1963-ൽ ജനിച്ചുവെന്നും പിന്നീട് മാർവെലിൽ എത്തിച്ചേർന്നു എന്നും പോസ്റ്റിൽ പറയുന്നു. 

കൗതുകകരമെന്നു പറയട്ടെ, ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ പ്രെസ്വാൾസ്കി കുതിരകൾക്ക് നിൽക്കാനും നടക്കാനും കഴിയും. ഏതാനും ആഴ്ചകൾക്കുള്ളിൽ അവ മേയാൻ തുടങ്ങും. ജനിക്കുമ്പോൾ 25 മുതൽ 30 കിലോഗ്രാം വരെ ഭാരമുള്ളവയാണ് അവ.