Asianet News MalayalamAsianet News Malayalam

കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ മത്തങ്ങ രാജാവിനെ കണ്ടെത്താനുള്ള മത്സരം വരെ; മത്തന്‍റെ വിശേഷങ്ങള്‍ അറിയാം

അര്‍ക്കചന്ദ്രന്‍ എന്ന ഇനം വികസിപ്പിച്ചെടുത്തത് ബംഗളൂരുവിലെ ഇന്ത്യന്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഗവേഷണ കേന്ദ്രമാണ്. ഇതിന്റെ കായകള്‍ക്ക് 2 മുതല്‍ 3 കിലോ വരെ തൂക്കമുണ്ടായിരിക്കും. വിളഞ്ഞ കായകള്‍ക്ക് ഇളംതവിട്ടുനിറമായിരിക്കും.
 

Pumpkin Farming and varieties of pumpkin
Author
Thiruvananthapuram, First Published Dec 2, 2019, 5:00 PM IST

ഇന്ത്യയിലെ പ്രധാനപ്പെട്ട മഴക്കാല വിളയാണ് മത്തങ്ങ. കേരളത്തില്‍ സപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലും മത്തന്‍ കൃഷി ചെയ്യാം. മത്തന്‍ ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ഇന്ത്യ. വിറ്റാമിന്‍ എയും പൊട്ടാസ്യവും അടങ്ങിയിരിക്കുന്ന മത്തന്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. വെള്ളരി വര്‍ഗവിളയായ മത്തന്റെ ജന്മദേശം അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാ പ്രദേശമാണെന്ന് കരുതപ്പെടുന്നു. 

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ മത്തങ്ങ രാജാവിനെ കണ്ടെത്താനുള്ള മത്സരം വരെ നടത്തുകയുണ്ടായി. ഇവിടെ ഏകദേശം അഞ്ഞൂറ് കിലോ വരെ ഭാരമുള്ള മത്തങ്ങകള്‍ ട്രാക്ടറില്‍ കെട്ടിവലിച്ച് മത്സരം നടത്തുന്ന സ്ഥലത്തെത്തിച്ച് തൂക്കി നോക്കിയാണ് ഭീമന്‍ മത്തങ്ങയെ കണ്ടെത്തി വിജയിയായി പ്രഖ്യാപിച്ചത്.

കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത അമ്പിളിയാണ് കേരളത്തില്‍ യോജിച്ച ഇനം. ഇടത്തരം വലിപ്പമായിരിക്കും ഇതിന്റെ കായകള്‍ക്ക്. ഒരു ഹെക്ടറില്‍ നിന്ന് 35 ടണ്‍ വിളവ് ലഭിക്കും.

ഇന്ത്യയിലെ പ്രധാനപ്പെട്ട മത്തന്‍ ഇനങ്ങള്‍

പി.എ.യു മഗസ് കഡ്ഡു-1 എന്നയിനം 2018 ല്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതാണ്. സ്‌നാക്ക്‌സ് ഉണ്ടാക്കാനും ഈ ഇനം ഉപയോഗിക്കാം. ഇതിന്റെ വിത്തുകള്‍ക്ക് പുറന്തോട് ഉണ്ടായിരിക്കില്ല. അതുപോലെ വള്ളികള്‍ നീളം കുറഞ്ഞവയും പച്ചനിറത്തിലുള്ള ഇലകള്‍ ഉള്ളവയും ആയിരിക്കും.

ശരാശരി വലുപ്പമുള്ള കായ മൂപ്പെത്തുമ്പോള്‍ സ്വര്‍ണനിറം കലര്‍ന്ന മഞ്ഞയായിരിക്കും നിറം. 32 ശതമാനം ഒമേഗ-6, 3 ശതമാനം പ്രോട്ടീന്‍, 27 ശതമാനം ഓയില്‍ എന്നിവ വിത്തില്‍ അടങ്ങിയിരിക്കുന്നു.

പി.പി.എച്ച്-1

2016 -ല്‍ പുറത്തിറങ്ങിയ ഇനമാണ് പി.പി.എച്ച് -1.  മറ്റിനങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തില്‍ മൂപ്പെത്തി വിളവെടുക്കാം. വട്ടത്തിലുള്ള ചെറിയ മത്തനായിരിക്കും. മൂപ്പെത്താത്ത മത്തന്‍ പുള്ളിക്കുത്തുകളുള്ള പച്ചനിറത്തിലായിരിക്കും. എന്നാല്‍, ബ്രൗണില്‍ പുള്ളിക്കുത്തുകളുള്ള നിറത്തിലായിരിക്കും മൂപ്പെത്തിയ കായകള്‍. ഗോള്‍ഡന്‍ യെല്ലോ നിറത്തിലായിരിക്കും പാകമായ മത്തന്‍.

പി.പി.എച്ച്- 2

2016 -ല്‍ കൃഷി ആരംഭിച്ച ഇനമാണ് പി.പി.എച്ച്-2. ഇതും വളരെ നേരത്തെ തന്നെ വിളവെടുക്കാം. ഇളംപച്ചനിറത്തിലായിരിക്കും കായകള്‍. മൂപ്പെത്തിയാല്‍ നല്ല ബ്രൗണ്‍ നിറമായിരിക്കും.

പഞ്ചാബ് സാമ്രാട്ട്

2008 -ല്‍ പുറത്തിറങ്ങിയ ഇനം മത്തനാണ് ഇത്. ഇതിന് ശരാശരി വലുപ്പവും നല്ല പച്ചനിറത്തിലുള്ള ഇലകളുമായിരിക്കും. പുള്ളിക്കുത്തുകളുള്ള പച്ചനിറമായിരിക്കും ഇളംപ്രായത്തിലുള്ള കായകള്‍ക്ക്. വളര്‍ച്ച പൂര്‍ത്തിയായാല്‍ ഇളം ബ്രൗണ്‍ നിറത്തിലായിരിക്കും കായകള്‍.

മണ്ണ് തയ്യാറാക്കാം

25 ഡിഗ്രി മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള കാലാവസ്ഥയില്‍ മത്തന്‍ നന്നായി വളരും. ഉഷ്ണകാലത്ത് മത്തന്‍ നന്നായി വളരും. നീര്‍വാര്‍ച്ചയുള്ള മണ്ണാണ് മത്തന് നല്ലത്. മഴക്കാലത്ത് നമ്മള്‍ വീടിനു ചുറ്റുമുള്ള പറമ്പിലും വേനല്‍ക്കാലത്ത് വയലിലും പുഴയ്ക്കരികിലും കൃഷി ചെയ്യും.

മേല്‍മണ്ണിന്റെ മുകളില്‍ ഉണങ്ങിയ ഇലകള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് നല്ലതാണ്. എന്നിട്ട് കുമ്മായവും വേപ്പിന്‍ പിണ്ണാക്കും സെന്റിന് ഏറ്റവും കുറഞ്ഞത് 5 മുതല്‍ 7 വരെ കിലോ വിതറണം. അതുപോലെ പച്ചിലവളവും കാലിവളവും ഒരു സെന്റിന് 40-50 കിലോഗ്രാം എന്ന തോതില്‍ ചേര്‍ക്കാം.

കേരളത്തില്‍ സാധാരണ കൃഷി ചെയ്യുന്ന ഇനങ്ങളാണ് സുവര്‍ണ, കോ-1, കോ-2, അര്‍ക്ക ചന്ദ്രന്‍, അര്‍ക്ക സൂര്യമുഖി, പുസ വിശ്വാസ്, സൂരജ് എന്നിവ. ഇതില്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തതാണ് കോ-1, കോ-2 എന്നിവ. ഇത് കൃഷി ചെയ്താല്‍ 150 മുതല്‍ 160 ദിവസം കൊണ്ട് വിളവെടുക്കാം. 30 ടണ്‍ വരെ വിളവ് സി.ഒ-1 വളര്‍ത്തിയാല്‍ ഒരു ഹെക്ടറില്‍ നിന്ന് ലഭിക്കും. ഞെട്ടിന്റെ ഭാഗത്ത് അല്‍പം കൂര്‍ത്ത ആകൃതിയായിരിക്കും ഇവയ്ക്ക്.

അര്‍ക്കചന്ദ്രന്‍ എന്ന ഇനം വികസിപ്പിച്ചെടുത്തത് ബംഗളൂരുവിലെ ഇന്ത്യന്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഗവേഷണ കേന്ദ്രമാണ്. ഇതിന്റെ കായകള്‍ക്ക് 2 മുതല്‍ 3 കിലോ വരെ തൂക്കമുണ്ടായിരിക്കും. വിളഞ്ഞ കായകള്‍ക്ക് ഇളംതവിട്ടുനിറമായിരിക്കും.

ഉത്തരേന്ത്യയില്‍ കൃഷി ചെയ്തു വരുന്ന ഇനമാണ് പുസ വിശ്വാസ്. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തതാണ് ഇത്.

ജൈവരീതിയിലുള്ള കൃഷിയാണ് കേരളത്തില്‍ നല്ലത്. ഒരു തടത്തില്‍ അഞ്ച്-ആറ് വിത്തുകള്‍ നടാം. ഓരോ തടങ്ങള്‍ തമ്മിലും കുറഞ്ഞത് 2 മീറ്റര്‍ അകലം വേണം.  വിത്ത് മുളച്ചാല്‍ നല്ല കരുത്തുള്ള മൂന്നോ നാലോ എണ്ണം നിര്‍ത്തി ബാക്കി പറിച്ചു കളയാം.

വരികള്‍ തമ്മില്‍ നാല് മീറ്റര്‍ അകലം വേണം. ഒരു ഹെക്ടര്‍ സ്ഥലത്ത് 1 മുതല്‍ 1.5 കിലോഗ്രാം വിത്ത് ആവശ്യമാണ്.

വള്ളി വീശിയാല്‍ മണ്ണിരക്കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് പൊടിച്ചത് എന്നിവ ഒരു സെന്റിന് 16 കിലോഗ്രാം വീതം മേല്‍വളമായി നല്‍കാം.

കായീച്ചയും എപ്പിലാക്‌സ് വണ്ടുമാണ് മത്തന്റെ ശത്രുക്കള്‍. കായീച്ചയുടെ ശലഭങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കാന്‍ മഞ്ഞക്കെണി ഉപയോഗിക്കാം. കൃഷിയിടത്തിലെ ഒഴിഞ്ഞ ഭാഗത്ത് കത്തിച്ച് കീടങ്ങളെ തീയിലേക്ക് ആകര്‍ഷിക്കാം.


 

Follow Us:
Download App:
  • android
  • ios