'എന്റെ അച്ഛനാണ് എന്റെ കോച്ച്, മിക്കവാറും എല്ലാ ദിവസങ്ങളിലും ഞങ്ങൾ ചെസ്സ് കളിക്കാറുണ്ട്' എന്ന് ​ഗിന്നസ് വേൾഡ് റെക്കോർഡിനോട് പുനിതമലർ പറഞ്ഞു. 

ചെസ്സിനോട് ഇഷ്ടമുള്ള അനേകം മനുഷ്യരെ നാം കണ്ടിട്ടുണ്ട്. അതിൽ ഒരാളാണ് മലേഷ്യയിൽ നിന്നുള്ള പത്ത് വയസുകാരി പുനിതമലർ രാജശേഖർ. എന്നാൽ, പുനിതമലർ ഇപ്പോൾ ലോകത്തിന്റെയാകെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത് ചെസ് കളിച്ചല്ല. മറിച്ച്, മറ്റൊരു കാര്യത്തിലൂടെയാണ്. 

45.72 സെക്കന്റ് കൊണ്ട് കണ്ണ് കെട്ടി ചെസ്സ് ബോർഡ് ക്രമീകരിച്ചതിനാണ് അവൾ ഇപ്പോൾ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുന്നത്. അങ്ങനെ, ഏറ്റവും വേ​ഗത്തിൽ കണ്ണ് കെട്ടി ചെസ്സ്ബോർഡ് ക്രമീകരിക്കുന്ന ആൾക്കുള്ള ​ഗിന്നസ് വേൾഡ് റെക്കോർഡ് അവളെ തേടി എത്തിയിരിക്കുകയാണ്. 

പുനിതമലറിന്റെ സ്കൂളിൽ വച്ച് തന്നെയാണ് റെക്കോർഡ് നേട്ടത്തിന് വേണ്ടിയുള്ള ഈ പ്രകടനം നടന്നത്. അധ്യാപക- രക്ഷാകർതൃ സംഘടനകളിലെ അം​ഗങ്ങളും മാനേജ്മെന്റ് അം​ഗങ്ങളുമെല്ലാം ഈ കൊച്ചുമിടുക്കിയുടെ പ്രകടനത്തിന് സാക്ഷികളായിരുന്നു. 'എന്റെ അച്ഛനാണ് എന്റെ കോച്ച്, മിക്കവാറും എല്ലാ ദിവസങ്ങളിലും ഞങ്ങൾ ചെസ്സ് കളിക്കാറുണ്ട്' എന്ന് ​ഗിന്നസ് വേൾഡ് റെക്കോർഡിനോട് പുനിതമലർ പറഞ്ഞു. 

YouTube video player

ലോക റെക്കോർഡ് സ്വന്തമാക്കിയത് തന്റെ ജീവിതത്തിൽ വലിയ നേട്ടമാണ് ഉണ്ടാക്കിയത് എന്ന് അവൾ പറയുന്നു. തനിക്ക് ഏറെ അഭിമാനം തോന്നി, തന്റെ വ്യക്തിത്വത്തിൽ വിശ്വാസം തോന്നി എന്നും ഈ പത്ത് വയസുകാരി പറയുന്നു. തന്റെ ഈ നേട്ടം മറ്റുള്ളവർക്കും ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യാനുള്ള പ്രേരണയാവട്ടെ എന്നും അവൾ കൂട്ടിച്ചേർത്തു. 

ഇതുപോലെ അസാധാരണമായ കാര്യങ്ങൾ ചെയ്യുന്നതും അതിൽ വിജയം നേടുന്നതും കാണിക്കുന്ന ഒരു പ്രോ​ഗ്രാം കണ്ടതാണ് തനിക്ക് ഇത് ചെയ്യാനുള്ള പ്രേരണയായി തീർന്നത് എന്നാണ് ഇങ്ങനെ ഒരു കാര്യം ചെയ്യാനുള്ള കാരണമായി പുനിതമലർ പറയുന്നത്. 

'കിഡ്‍സ് ​ഗോട്ട് ടാലന്റ്' അടക്കമുള്ള ഇതുപോലെയുള്ള അനേകം പരിപാടികളിൽ ഈ മിടുക്കി നേരത്തെയും പങ്കെടുത്തിട്ടുണ്ട്. 

YouTube video player