Asianet News MalayalamAsianet News Malayalam

പുടിൻ വിമർശകൻ നവാൽനിയുടെ ജീവൻ അപകടത്തിൽ, എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാമെന്ന് ഡോക്ടർമാർ

പ്രശസ്തരായ അക്കാദമിക് വിദഗ്ദ്ധരും എഴുത്തുകാരും കലാകാരന്മാരും അടങ്ങുന്ന 70 പേര്‍ എത്രയും പെട്ടെന്ന് നവാല്‍നിക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പുടിന് കത്തെഴുതിയിട്ടുണ്ട്. 

Putin critic Navalny's life in danger says doctors
Author
Russia, First Published Apr 18, 2021, 10:55 AM IST

പ്രധാന പുടിന്‍ വിമര്‍ശകനും പ്രതിപക്ഷ പ്രവർത്തകനും ആയ അലക്സി നവാല്‍നിയുടെ ആരോഗ്യസ്ഥിതി വളരെ ദയനീയമാണ് എന്നും അദ്ദേഹം എപ്പോള്‍ വേണമെങ്കിലും മരിക്കാമെന്ന അവസ്ഥയിലാണ് എന്നും ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. എത്രയും പെട്ടെന്ന് കൃത്യമായ ചികിത്സ ഉറപ്പ് വരുത്തിയില്ലെങ്കില്‍ നവാല്‍നിയുടെ ജീവന്‍ അപകടത്തിലാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അടുത്തിടെ നടന്ന രക്തപരിശോധനാഫലം കാണിക്കുന്നത് ഏത് നേരം വേണമെങ്കിലും നവാല്‍നിക്ക് ഹൃദയ സ്‍തംഭനമോ, വൃക്ക തകരാറോ ഉണ്ടാകാം എന്നാണ്. 

Putin critic Navalny's life in danger says doctors

കടുത്ത നടുവേദനയ്ക്കും കാലിലെ മരവിപ്പിനും ശരിയായ ചികിത്സ ആവശ്യപ്പെട്ട് നവാൽനി 18 ദിവസമായി ജയിലിൽ നിരാഹാര സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് വ്‌ളാദിമിർ പുടിന്‍റെ പ്രമുഖ വിമർശകനായ അദ്ദേഹം പഴയ ചില തട്ടിപ്പുകള്‍ ആരോപിക്കപ്പെട്ട് ഫെബ്രുവരി മുതല്‍ തടവിലാണ്. അദ്ദേഹത്തിന്‍റെ സ്വകാര്യ ഡോക്ടറായ അനസ്തേഷ്യ വാസിലിയേവ അടക്കമുള്ളവര്‍ എത്രയും പെട്ടെന്ന് നവാല്‍നിയെ കാണാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജയില്‍ അധികൃതര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ഡോ. വാസിലിയേവ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കത്തിൽ, അലക്സി നവാൽനിയുടെ പൊട്ടാസ്യം നിർണായക തലത്തിലെത്തിയതായി പറയുന്നു. രക്തത്തിലെ പൊട്ടാസ്യം അളവ് ലിറ്ററിന് 6.0 മില്ലിമീറ്ററിൽ (മില്ലിമോളിൽ) കൂടുതലാണെങ്കിൽ സാധാരണയായി അടിയന്തിര ചികിത്സ ആവശ്യമാണ്. നവാൽനിയുടെ രക്തപരിശോധന ഫലങ്ങൾ കാണിക്കുന്നത് ഇത് 7.1 ആണെന്നാണ് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പറയുന്നു. 

രക്തപരിശോധനയുടെ ഫലവും അടുത്തിടെ ശരീരത്തില്‍ ചെന്ന വിഷവും കണക്കിലെടുത്ത് നവാൽനിയെ ഉടൻ പരിശോധിക്കാൻ അനുവദിക്കണമെന്ന് ഡോക്ടർമാർ ജയിൽ അധികൃതരോട് അഭ്യർത്ഥിച്ചു. 44 -കാരനായ അലക്സി നവാല്‍നി 2020 ആഗസ്തില്‍ വിഷം ഉള്ളിൽ ചെന്നതിനെ തുടര്‍ന്ന് മരണത്തിന്‍റെ വക്കുവരെ എത്തിയിരുന്നു. വ്ളാദിമിര്‍ പുടിനാണ് തനിക്ക് വിഷം നല്‍കിയതിന് പിന്നില്‍ എന്ന് നവാല്‍നി ആരോപിച്ചിരുന്നു. എന്നാല്‍, ക്രെംലിന്‍ അത് നിഷേധിക്കുകയായിരുന്നു. 

തന്‍റെ ഭര്‍ത്താവ് ഇപ്പോള്‍ 76 കിലോ മാത്രമേ ഉള്ളൂവെന്നും നിരാഹാര സമരം തുടങ്ങിയ ശേഷം അദ്ദേഹം ഒമ്പത് കിലോ കുറഞ്ഞുവെന്നും നവാല്‍നിയുടെ ഭാര്യ യൂലിയ പറഞ്ഞതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷം ശരീരത്തില്‍ ചെന്നതിന് പിന്നാലെ നവാല്‍നിയെ ചികിത്സിച്ച ഡോക്ടര്‍മാരിലൊരാളായ അലക്സാണ്ടര്‍ പോലൂപാന്‍ നവാല്‍നിയുടെ രക്തപരിശോധനാഫലത്തിന്‍റെ ചിത്രം ഓണ്‍ലൈനില്‍ പങ്കുവയ്ക്കുകയുണ്ടായി. എത്രയും പെട്ടെന്ന് നവാല്‍നിക്ക് വിദഗ്ദ്ധചികിത്സ നല്‍കിയില്ലെങ്കില്‍ ഏത് നിമിഷവും അദ്ദേഹം മരണപ്പെട്ടേക്കാം എന്നും ഡോ. അലക്സാണ്ടര്‍ പറയുന്നു. 

പ്രശസ്തരായ അക്കാദമിക് വിദഗ്ദ്ധരും എഴുത്തുകാരും കലാകാരന്മാരും അടങ്ങുന്ന 70 പേര്‍ എത്രയും പെട്ടെന്ന് നവാല്‍നിക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പുടിന് കത്തെഴുതിയിട്ടുണ്ട്. ഹോളിവുഡ് അഭിനേതാക്കളായ ജൂഡ് ലോ, റാൽഫ് ഫിയന്നസ്, ബെനഡിക്റ്റ് കംബർബാച്ച്, ഹാരി പോട്ടർ എഴുത്തുകാരൻ ജെ കെ റൗളിംഗ്, സംവിധായകൻ കെൻ ബേൺസ് എന്നിവരൊക്കെ ഇതില്‍ പെടുന്നു. കത്ത് എക്കണോമിസ്റ്റ്, ലോ മോണ്ടേ ന്യൂസ് പേപ്പര്‍ എന്നിവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവാല്‍നിക്ക് വേണ്ടവിധത്തിലുള്ള ചികിത്സ കിട്ടുന്നില്ലെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡനും പ്രതികരിക്കുകയുണ്ടായി. നവാൽനിയുടെ കാര്യത്തിൽ വളരെ നിരുത്തരവാദപരമായും അവഗണനാപരമായുമാണ് കാര്യങ്ങൾ നടക്കുന്നത് എന്നും ബൈഡൻ ആരോപിക്കുകയുണ്ടായി.

Putin critic Navalny's life in danger says doctors

കടുത്ത നടുവേദനയും വലതുകാലിൽ മരവിപ്പും അനുഭവപ്പെടുന്നതായി നവാൽനി പറയുന്നു. ഈ മാസമാദ്യം, തുടർച്ചയായ ചുമയും പനിയും ഉള്ളതായി പരാതിപ്പെട്ടിരുന്ന അദ്ദേഹത്തെ പോക്രോവ് പട്ടണത്തിലെ ജയിലിലെ രോഗികളുടെ വാർഡിലേക്ക് മാറ്റിയിരുന്നു. തന്‍റെ തന്നെ മെഡിക്കല്‍ ടീമിന്‍റെ ചികിത്സ ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് അദ്ദേഹം പിന്നീട് നിരാഹാര സമരത്തിലേക്ക് തിരിയുകയായിരുന്നു. നവാല്‍നിയുടെ അഭിഭാഷകര്‍ പറയുന്നത് അവിടെ ഡോക്ടര്‍മാരുടെ ശരിയായ സേവനം ലഭ്യമാകുന്നില്ല, ആകെയുള്ളത് ഒരു പാരാമെഡിക് മാത്രമാണ് എന്നാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരും ആംനെസ്റ്റി ഇന്‍റര്‍നാഷണലും അടക്കം നവാല്‍നിയുടെ കാര്യത്തില്‍ പ്രതികരിച്ചുകൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട്. എത്രയും പെട്ടെന്ന് ശരിയായ ചികിത്സ ഉറപ്പാക്കുകയും നവാൽനിയുടെ ജീവൻ രക്ഷിക്കുകയും ചെയ്യണമെന്ന ആവശ്യം ലോകത്തിന്റെ പല കോണുകളഇൽ നിന്നും ഉയർന്ന് കഴിഞ്ഞു. 
 

Follow Us:
Download App:
  • android
  • ios