Ukraine Crisis : യുദ്ധത്തിനു തൊട്ടുമുമ്പായി സൈബീരിയയിലെ ഒരു ഭൂഗര്‍ഭ അറയിലേക്ക് പുടിന്‍ കുടുംബത്തെ മാറ്റിയെന്നാണ് മോസ്‌കോ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ മുന്‍ അധ്യാപകനായ പ്രാഫ. വലേറി ഒരു യൂ ട്യൂബ് വീഡിയോയില്‍ അവകാശപ്പെട്ടത്.
റഷ്യയും (Russia) യുക്രൈനും (Ukraine) തമ്മിലുള്ള യുദ്ധം ദിവസം ചെല്ലുംതോറും കനക്കുകയാണ്. അങ്ങേയറ്റം അരക്ഷിതാവസ്ഥയിലാണ് യുക്രൈനിലെ കുടുംബങ്ങള്‍. എന്നാല്‍, ആ യുദ്ധത്തിന് ചുക്കാന്‍ പിടിക്കുന്ന റഷ്യന്‍ പ്രസിഡന്റ് പുടിനാവട്ടെ (Vladimir Putin) സ്വന്തം കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് യുദ്ധത്തിനിറങ്ങിയത് എന്നാണ് വാര്‍ത്ത. റഷ്യയിലെ പ്രമുഖനായ രാഷ്ട്രീയ നിരീക്ഷകനും മുതിര്‍ന്ന അക്കാദമിക് പണ്ഡിതനുമായ ഡോ. വലേറി സൊളോവിയെ (Valery Solovey) ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ഡെയിലിമെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യുദ്ധത്തിനു തൊട്ടുമുമ്പായി സൈബീരിയയിലെ ഒരു ഭൂഗര്‍ഭ അറയിലേക്ക് പുടിന്‍ കുടുംബത്തെ മാറ്റിയെന്നാണ് മോസ്‌കോ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ മുന്‍ അധ്യാപകനായ പ്രാഫ. വലേറി ഒരു യൂ ട്യൂബ് വീഡിയോയില്‍ അവകാശപ്പെട്ടത്. പുടിന്റെ കുടുംബം ഇപ്പോള്‍ ആണവ വ്യാപനം ഏശാത്ത ബങ്കറില്‍സുരക്ഷിതരായി കഴിയുകയാണെന്നാണ് പ്രൊഫ. വലേറി പറയുന്നത്.
സൈബീരിയയിലെ അല്‍തായ് പര്‍വതനിരകളിലാണ് ഈ ആഡംബര ഹൈടെക് ബങ്കര്‍ സ്ഥിതി ചെയ്യുന്നതെന്ന് പ്രൊഫ. വലേറി പറയുന്നു. ആണവയുദ്ധം ഉണ്ടാകുമ്പോള്‍ സുരക്ഷിതമായി കഴിയുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തതാണ് ഈ ബങ്കര്‍. യുദ്ധം പൊട്ടിപുറപ്പെടുന്നതിന് മുന്നോടിയായാണ് സ്വന്തം കുടുംബത്തെ സുരക്ഷിതമാക്കാനായി പുടിന്‍ പ്രത്യേക ബങ്കറിലേക്ക് കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചത്. വാസ്തവത്തില്‍, ഇതൊരു ബങ്കറല്ല, മറിച്ച് അത്യാധുനിക സജ്ജീകരണങ്ങളുള്ള ഒരു ഭൂഗര്‍ഭ നഗരമാണ്.'-പ്രൊഫ. വലേറി വീഡിയോയില്‍ പറഞ്ഞു.
മള്‍ട്ടിനാഷണല്‍ എനര്‍ജി കോര്‍പ്പറേഷനായ ഗാസ്പ്രോം ഏതാണ്ട് ഒരു ദശാബ്ദം മുമ്പ് നിര്‍മ്മിച്ച വിശാലമായ പര്‍വത വേനല്‍കാല വസതിയിലാണ് ഈ ആണവ ബങ്കര്‍ സ്ഥിതി ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍. അല്‍തായ് റിപ്പബ്ലിക്കിലെ ഒംഗുഡേസ്‌കി ജില്ലയിലാണ് ഇതുള്ളത്. ഈ ഒളിത്താവളത്തിന് ചുറ്റും ഒന്നിലധികം വെന്റിലേഷന്‍ പോയിന്റുകളും, ഉയര്‍ന്ന വോള്‍ട്ടേജില്‍ വൈദ്യുതി എത്തിക്കാനുള്ള പ്രത്യേക ലൈനുമുണ്ടെന്ന് പറയുന്നു. 110 കിലോവാട്ടോളം ഊര്‍ജം ഉല്‍പാദിക്കുന്ന ഒരു സബ്സ്റ്റേഷനാണ് ഇവിടേക്ക് വൈദ്യുതി എത്തിക്കുന്നത്. ഒരു ചെറിയ നഗരത്തിന് ഊര്‍ജം പകരാന്‍ പര്യാപ്തമാണ് ഇതെന്നാണ് പറയപ്പെടുന്നത്.

പ്രൊഫ. വലേറി
പുടിന്റെ ശത്രുവായി അറിയപ്പെടുന്ന പ്രൊഫ. വലേറി നേരത്തെ പുടിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ആരോപിച്ചിരുന്നു. പ്രസിഡന്റിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി കറുത്ത ചെന്നായയെ ബലിയര്‍പ്പിക്കുന്ന മന്ത്രവാദ ചടങ്ങ് പ്രതിരോധ മന്ത്രി ഷൊയ്ഗു സജ്ജീകരിച്ചതായും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു.
ഇതിനെതിരെ പ്രൊഫ. വലേറിക്കെതിരെ സര്‍ക്കാര്‍ നടപടി ഉണ്ടായിരുന്നു. വെറുമൊരു തട്ടിപ്പുകാരനാണ് ഇദ്ദേഹം എന്നാണ് അന്ന് സര്‍ക്കാര്‍ പ്രതികരിച്ചിരുന്നത്. മാത്രമല്ല, പുടിന്റെ ആരോഗ്യാവസ്ഥയെയും കുറിച്ച് ഉന്നയിച്ച ആരോപണങ്ങളെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച റഷ്യന്‍ അധികാരികള്‍ അദ്ദേഹത്തെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ നിരവധി ഇലക്ട്രോണിക് സാധനങ്ങള്‍ പിടിച്ചെടുക്കുകയുണ്ടായി. സോളോവിയെ പിന്നീട് വിട്ടയച്ചെങ്കിലും, കേസ് ഇതുവരെ അവസാനിപ്പിച്ചില്ല.
