'മഴയെക്കുറിച്ചുള്ള ഒരു തമാശയായാണ് ഞങ്ങൾ കാർസ്24 ബോട്ട് വെള്ളത്തിലിറക്കിയത്. എന്നാൽ, നിമിഷങ്ങൾക്കകം പിഴയെത്തി. വർഷങ്ങളായി ഇവിടെ വെള്ളക്കെട്ട് ഉണ്ടാകാറുണ്ടെങ്കിലും അതുകാരണം ഇതുവരെ ആർക്കും യാതൊരു ചെലവും വന്നിട്ടില്ല' എന്നും അവർ കൂട്ടിച്ചേർത്തു.
ഗുരുഗ്രാമിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ബോട്ടിറക്കിയ ഓൺലൈൻ യൂസ്ഡ് കാർ മാർക്കറ്റ്‌പ്ലേസായ 'കാർസ്24' -ന് 50,000 രൂപ പിഴ! കാർസ്24 എക്സിക്യൂട്ടീവായ പ്രാചി ശർമ്മയാണ് ലിങ്ക്ഡ്ഇൻ കുറിപ്പിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ തമാശയായി സ്ഥാപിച്ച ബോട്ട് പിന്നീട് യാത്രക്കാരുടെ യഥാർത്ഥ യാത്രാമാർഗ്ഗമായി മാറുകയായിരുന്നുവെന്ന് അവർ പറഞ്ഞു. 'നിയമം ലംഘിച്ചതിന് ഗുരുഗ്രാമിൽ കഴിഞ്ഞാഴ്ച ഞങ്ങൾക്ക് വന്ന ചെലവ് 50,000 രൂപയാണ്. കുറ്റം: ഒരു ബോട്ട്. സ്ഥലം: ഒരു റോഡ്. റോഡ്: ഒരു നദി' പ്രാചി ശർമ്മ ലിങ്ക്ഡ്ഇനിൽ കുറിച്ചു. 'കാർസ്24' എന്നെഴുതിയ നീല ബോട്ട് വെള്ളക്കെട്ടിലൂടെ നാല് പേർ തുഴഞ്ഞുപോകുന്ന ചിത്രവും അവർ പങ്കുവെച്ചിട്ടുണ്ട്.
'മഴയെക്കുറിച്ചുള്ള ഒരു തമാശയായാണ് ഞങ്ങൾ കാർസ്24 ബോട്ട് വെള്ളത്തിലിറക്കിയത്. എന്നാൽ, നിമിഷങ്ങൾക്കകം പിഴയെത്തി. വർഷങ്ങളായി ഇവിടെ വെള്ളക്കെട്ട് ഉണ്ടാകാറുണ്ടെങ്കിലും അതുകാരണം ഇതുവരെ ആർക്കും യാതൊരു ചെലവും വന്നിട്ടില്ല' എന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, ബോട്ട് ആളുകൾ യാത്രയ്ക്കായി ഉപയോഗിക്കാൻ തുടങ്ങിയതോടെ സ്ഥിതി മാറി. 'അക്കരെയെത്താനുള്ള ഏറ്റവും എളുപ്പവഴിയായതിനാൽ ആളുകൾ വീട്ടിലെത്താനായി ബോട്ടിൽ കയറാൻ തുടങ്ങി. ഒരു തമാശ അത് യാത്രാമാർഗ്ഗമായി മാറുന്ന നിമിഷം മുതൽ തമാശയായിരിക്കില്ല. ഞങ്ങൾ ബോട്ടിന്റെ പണം നൽകി. ഈ ആഴ്ചയും ആളുകളെ സഹായിക്കാനായി ബോട്ട് വീണ്ടും ഇറക്കേണ്ടി വന്നാൽ ഞങ്ങൾ വീണ്ടും പിഴയടക്കും. വെള്ളക്കെട്ടിന് കാരണക്കാരായവരിൽ നിന്ന് ആരെങ്കിലും പിഴ ഈടാക്കുന്നത് കാണാൻ കാത്തിരിക്കുന്നു, ഇത് അധികാരികളുടെ കണ്ണുതുറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്നും അവർ കുറിച്ചു.
കനത്ത മഴയെത്തുടർന്ന് ഗുരുഗ്രാമിൽ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം കടുത്ത വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. ദുരിതത്തിലായ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയാണ് വീടുകളിലെത്തിയത്. രൂക്ഷമായ വെള്ളക്കെട്ടിനെ തുടർന്ന് ഈ മാസം ആദ്യം പ്രാദേശിക അധികാരികൾ താൽക്കാലിക വർക്ക് ഫ്രം ഹോം നിർദ്ദേശം പുറപ്പെടുവിക്കാൻ പോലും നിർബന്ധിതരായിരുന്നു.
