കഴിഞ്ഞ ജൂലൈ മാസം മുതലാണ് പ്രദേശവാസികള്‍ ഈ പെരുമ്പാമ്പിനെ കാണാന്‍ തുടങ്ങിയത്. ആരും അന്വേഷിച്ച് വന്നില്ലെങ്കില്‍ പെരുമ്പാമ്പിലെ മൃഗശാലയിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലായിരുന്നു സംരക്ഷണ കേന്ദ്രം നടത്തിപ്പുകാര്‍
ടെക്സാസ് : മാസങ്ങളോളം അലഞ്ഞ് നടന്ന് ഒരു പ്രദേശത്തെ മുഴുവന്‍ ഭയപ്പെടുത്തിയ പെരുമ്പാമ്പിനെ തേടി ഒടുവില്‍ ഉടമയെത്തി. ടെക്സാസിലും പരിസരത്തുമാണ് പെരുമ്പാമ്പ് അലഞ്ഞ് നടന്നത്. കഴിഞ്ഞ ആഴ്ചയാണ് ഈ പാമ്പിനെ പ്രദേശവാസികള്‍ക്ക് പിടികൂടാനായത്. മൃഗസംരക്ഷണ കേന്ദ്രമായ ഓസ്റ്റിനില്‍ പെരുമ്പാമ്പിനെ സംരക്ഷിച്ചിരിക്കുകയായിരുന്നു. ഇവിടേക്കാണ് കഴിഞ്ഞ ദിവസം ഉടമ പാമ്പിനെ തേടിയെത്തിയത്.
ആൽബിനോ റെറ്റിക്യുലേറ്റഡ് വിഭാഗത്തിലുള്ള പെരുമ്പാമ്പിന്റെ പേര് സ്നോ എന്നാണ്. കഴിഞ്ഞ വേനല്‍ക്കാലം മുതല്‍ പാമ്പിനെ കാണാനില്ലെന്നാണ് ഉടമ വ്യക്തമാക്കിയത്. പിടികൂടുന്ന സമയത്ത് മഞ്ഞില്‍ കുടുങ്ങിയതിന്‍റെ ക്ഷീണത്തിലായിരുന്നു പെരുമ്പാമ്പ് ഉണ്ടായിരുന്നത്. കഴിഞ്ഞ ജൂലൈ മാസം മുതലാണ് പ്രദേശവാസികള്‍ ഈ പെരുമ്പാമ്പിനെ കാണാന്‍ തുടങ്ങിയത്. ആരും അന്വേഷിച്ച് വന്നില്ലെങ്കില്‍ പെരുമ്പാമ്പിലെ മൃഗശാലയിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലായിരുന്നു സംരക്ഷണ കേന്ദ്രം നടത്തിപ്പുകാര്‍.
അതിനിടയിലാണ് സംരക്ഷണ കേന്ദ്രം നടത്തിപ്പുകാര്‍ സമാനമായ ഒരു പാമ്പിനെ കാണാനില്ലെന്ന പരസ്യം കണ്ടത് ഓര്‍മ്മിച്ചത്. ഇതോടെ ഇയാളെ വിവരം അറിയിക്കുകയായിരുന്നു. കാറിനുള്ളില്‍ സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന പെരുമ്പാമ്പിനെ ബാഗ് അടക്കമാണ് കാണാതായത്. മോഷ്ടാക്കള്‍ എടുത്ത് കൊണ്ട് പോയ ശേഷം ബാഗ് തുറന്ന് നോക്കിയപ്പോള്‍ പാമ്പിനെ കണ്ട് ഉപേക്ഷിച്ചതാകാമെന്നാണ് സംരക്ഷണ കേന്ദ്രം വിശദമാക്കുന്നത്.
പതിനാറ് അടിയോളം നീളമാണ് സ്നോയ്ക്കുള്ളത്. എന്തായാലും ദല്ലാസില്‍ നിന്ന് 289 കിലോമീറ്റര്‍ അകലെയുള്ള സംരക്ഷണ കേന്ദ്രത്തിലെത്തി ഉടമ സ്നോയെ തിരികെ കൊണ്ടു പോവുകയായിരുന്നു. എന്തായാലും കാര്യമായി ബാഗ് മോഷ്ടിച്ച മോഷ്ടാവിന്‍റെ ബാഗ് തുറന്നപ്പോഴത്തെ പ്രതികരണം ഓര്‍ത്താണ് ഉടമയ്ക്ക് ചിരി പൊട്ടുന്നത്.
