സോഷ്യൽ മീഡിയയിൽ എഴുതുന്നതിൽ നിങ്ങൾക്ക് വൈദഗ്ധ്യമുണ്ടോ..? എങ്കിൽ നിങ്ങൾക്ക് പറ്റിയ ഒരു ജോലി ഒഴിവു വന്നിട്ടുണ്ട്. ബ്രിട്ടീഷ് റോയൽ കമ്യൂണിക്കേഷൻസ് ആണ് ഈ തൊഴിലവസരത്തിന്റെ പരസ്യം തങ്ങളുടെ വെബ്‌സൈറ്റിലൂടെ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ രാജ്ഞി തനിക്ക് ഒരു 'സോഷ്യൽ മീഡിയാ മാനേജരെ' തേടുന്നു. റോയൽ ഹൗസ്‌ഹോൾഡ് വെബ്‌സൈറ്റിൽ ഈ ജോലിയ്ക്ക് കൊടുത്തിരിക്കുന്ന ഔദ്യോഗികമായ പേര് ,  'ഡിജിറ്റൽ കമ്യൂണിക്കേഷൻസ് ഓഫീസർ' എന്നതാണ്. 

വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ പ്രകാരം എലിസബത്ത് രാജ്ഞിയുടെ സോഷ്യൽ മീഡിയാ മാനേജർ എന്ന തസ്തികയിൽ ജോലി ചെയ്യുന്ന വ്യക്തി, " പൊതുജനദൃഷ്ടിയിൽ രാജ്ഞിയുടെ സാന്നിദ്ധ്യം ആഗോളതലത്തിൽ സജീവവും സർഗാത്മകവുമായി നിലനിർത്താൻ" കഴിയുന്ന ആളായിരിക്കണം. ഇതൊരു സ്ഥിരം 'ഗവണ്മെന്റ്' ജോലിയാണ്.   പോരാത്തതിന് രാജസേവനവും. നമ്മുടെ നാട്ടിൽ പത്മനാഭന്റെ 'തൃച്ചക്രം'  വാങ്ങുന്ന അതേ ഗമ.  ആഴ്ചയിൽ 40  മണിക്കൂറിൽ കുറവായിരിക്കും ജോലിസമയം എന്നും പരസ്യത്തിൽ പറയുന്നുണ്ട്. 

റോയൽ ഹൗസ്‌ഹോൾഡിലെ സോഷ്യൽ മീഡിയാ മാനേജരുടെ ഓഫീസ് വിശാലമായ ബക്കിങ്ങ് ഹാം പാലസിനുള്ളിലായിരിക്കും സ്ഥിതി ചെയ്യുക. വർഷത്തിൽ ഏകദേശം 30,000 പൗണ്ട്‌സ് ( 26  ലക്ഷം രൂപ) ആണ്‌  അടിസ്ഥാനശമ്പളം.  അതിനു പുറമെ വളരെ ഉദാരമായ ബെനിഫിറ്റ്‌സ് പാക്കേജ് വേറെയുമുണ്ട്. ആറുമാസത്തെ പ്രൊബേഷൻ കാലാവധിക്ക് ശേഷം  15  ശതമാനം എംപ്ലോയറെ കോൺട്രിപ്റ്റഡ് ആയ ഒരു പെൻഷൻ സ്കീമിന് നിങ്ങൾ അര്ഹനാവും.  33 ദിവസമാണ് വാർഷിക അവധി. പക്ഷേ, അതിൽ ബാങ്ക് അവധി ദിനങ്ങളും ഉൾപ്പെടും എന്നുമാത്രം. ജോലിയ്ക്കായി പാലസിൽ വരുന്ന ദിവസങ്ങളിൽ ഉച്ചഭക്ഷണം സൗജന്യമായിരിക്കും. 

ഈ ജോലി വളരെ ശ്രദ്ധയോടും അർപ്പണമനോഭാവത്തോടും കൂടി മാത്രം ചെയ്യേണ്ടുന്ന ഒന്നാണ്. റോയൽ ഹൗസ്‌ഹോൾഡിന്റെ സൽപ്പേര് നിങ്ങളുടെ കയ്യിലാകയാൽ നിങ്ങൾ തൊഴിലിനെ അതീവഗൗരവത്തോടെ കാണേണ്ടതുണ്ട് എന്ന് പരസ്യം പ്രത്യേകം ഓർമ്മിപ്പിക്കുന്നുണ്ട്. 

എത്രയോ പേർ ഈ ലോകത്ത് നേടാൻ ആഗ്രഹിക്കുന്ന ഒരു ഹൈ പ്രൊഫൈൽ ജോബ് ഓപ്പർച്യുണിറ്റി ആണിത്. അതുകൊണ്ടു തന്നെ യോഗ്യതാ മാനദണ്ഡങ്ങളും കടുപ്പം തന്നെ. ഡിജിറ്റൽ കമ്യൂണിക്കേഷൻസിൽ അടിസ്ഥാനപരമായ പശ്ചാത്തലം ആവശ്യമാണ്. വെബ്‌സൈറ്റുകളും, സോഷ്യൽ മീഡിയാ കണ്ടന്റും മാനേജ് ചെയ്ത് നല്ല പരിചയം അത്യാവശ്യമാണ്. 

theroyalhousehold.tal.net  എന്ന വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന ജോബ് ഡിസ്‌ക്രിപ്‌ഷൻ പ്രകാരം, " ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ എല്ലാ വിധ നൂതനസങ്കേതങ്ങളിലും അറിവുണ്ടാവണം. പുതിയ ആശയങ്ങൾ കൊണ്ടുവരാനും, പ്രചരിപ്പിക്കാനും ഒക്കെ താത്പര്യമുണ്ടാവണം. എഴുതാനും, എഡിറ്റ് ചെയ്യാനും അസാമാന്യമായ കഴിവുണ്ടാവണം.." 

മാനേജ്‌മന്റ് സ്കില്ലുകൾക്കു പുറമെ, ഫോട്ടോഗ്രാഫിയിലും, ഉയർന്നഗുണനിലവാരമുള്ള വീഡിയോകൾ എടുക്കുന്നതിലും വൈദഗദ്യം അഭികാമ്യം. തികഞ്ഞ പ്ലാനിങ് സ്കിൽ, മാറുന്ന സാഹചര്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാനുള്ള കഴിവ് എന്നിവയും വേണമെന്നാണ് പരസ്യം പറയുന്നത്. 

ഈ ജോലിയ്ക്ക് അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് theroyalhousehold.tal.net എന്ന വെബ്‌സൈറ്റിൽ കേറി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.