നല്ല ശമ്പളം കിട്ടുന്ന, ബഹുമാനിക്കപ്പെടുന്ന ഒരു ജോലി കിട്ടുക എന്നാല്‍ എളുപ്പമല്ല. അങ്ങനെ ഒരു ജോലി കിട്ടിയിട്ട് അതുപേക്ഷിച്ച് വരികയെന്നാലോ ഒട്ടും എളുപ്പമല്ല. അധികമാരും ആ റിസ്ക് ഏറ്റെടുക്കാറില്ല. എന്നാല്‍, 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗായത്രി ഭാട്ട്യ ചെയ്തത് അതാണ്. ബോസ്റ്റണില്‍, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്‍വയോണ്‍മെന്‍റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയില്‍ എന്‍വയോണ്‍മെന്‍റല്‍ അനലിസ്റ്റായിരുന്നു ഗായത്രി. 

ഇന്ന്, അവള്‍ ഒരു മുഴുവന്‍ സമയ ജൈവകര്‍ഷകയും സംരംഭകയുമാണ്. മുംബൈയില്‍ നിന്നും മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ വൃന്ദാവനിലെ ഗായത്രിയുടെ 10 ഏക്കര്‍ കൃഷിസ്ഥലത്തെത്താം. 

എന്‍വയോണ്‍മെന്‍റല്‍ അനലിസ്റ്റായി ജോലി നോക്കുമ്പോഴാണ് ഗായത്രിക്ക് താനടക്കമുള്ളവര്‍ പരിസ്ഥിതിയോട് ചെയ്യുന്നതില്‍ മാറ്റമുണ്ടാകേണ്ടത് അനിവാര്യമാണ് എന്ന ചിന്തയുണ്ടാകുന്നത്. ഭൂമിയോട് മനുഷ്യര്‍ നടത്തുന്ന ക്രൂരതയുടേയും ചൂഷണത്തിന്‍റേയും ഫലമായി ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും ബോധ്യമുണ്ടായിരുന്നു ഗായത്രിക്ക്. മാത്രവുമല്ല, ജോലി ചെയ്യുന്ന സമയത്തു തന്നെ താനെന്തോ മിസ് ചെയ്യുന്നുണ്ട് എന്നും അവള്‍ക്ക് തോന്നിയിരുന്നു. അങ്ങനെയാണ് കാര്‍ഷികരംഗത്തേക്കുള്ള ഗായത്രിയുടെ ചുവടുവെപ്പ്.

 

ഗായത്രി എത്തുന്ന സമയത്ത് പിതാവിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കുറച്ച് മാവ്, തെങ്ങ്, കശുവണ്ടി, കുരുമുളക് എന്നിവ മാത്രമാണ് ഉണ്ടായിരുന്നത്. കൃഷി ചെയ്ത് യാതൊരു പരിചയവുമില്ലാത്ത ഗായത്രി ആദ്യം ചെയ്തത് കര്‍ഷകര്‍ ചെയ്യുന്നത് കണ്ട് പഠിക്കുക എന്നതാണ്. പിന്നീട് നൂതനമായ മാര്‍ഗങ്ങളുപയോഗിച്ച് കൃഷിയിടത്തെ അവള്‍ മെച്ചപ്പെടുത്തി. ഇന്ന് മാവിനൊപ്പം, വാഴ, പ്ലാവ്, പപ്പായ, മള്‍ബറി, പൈനാപ്പിള്‍ തുടങ്ങി ഒരുപാട് മരങ്ങളും ചെടികളും പച്ചക്കറികളുമുണ്ട്. വിവിധ ഉത്പന്നങ്ങളും സീഡ് ബാങ്കുമുണ്ട്. ചെറിയ തുകയ്ക്കു സമീപത്തുള്ള കര്‍ഷകര്‍ക്ക് ഈ വിത്തുകള്‍ നല്‍കും. 

ആയിരക്കണക്കിന് കിലോ മാങ്ങയാണ് മുംബൈയിലെ പ്രമുഖ റെസ്റ്റോറന്‍റുകളിലേക്ക് ഗായത്രിയുടെ ഫാമില്‍ നിന്ന് പോകുന്നത്. റെസ്റ്റോറന്‍റുകളിലേക്ക് മാത്രമല്ല ആവശ്യക്കാര്‍ക്കും ന്യായമായ വിലയില്‍ ഗായത്രി പച്ചക്കറിയും പഴങ്ങളുമെല്ലാം നല്‍കുന്നു. ജൈവകൃഷി മാത്രമാണ് ഗായത്രി പ്രോത്സാഹിപ്പിക്കുന്നത്. കാര്‍ഷികരംഗം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട് ഗായത്രിക്ക്. പുതിയ മാര്‍ഗങ്ങളിലൂടെ അവയെ തരണം ചെയ്യുകയും ഭൂമിയെ ചൂഷണം ചെയ്യുന്നതിന് പകരം അവയെ സ്നേഹിക്കുകയും ചെയ്യണമെന്നതാണ് ഗായത്രിയുടെ പോളിസി. 

ഈ കൃഷി കൂടാതെ നാല് പശുക്കള്‍ കൂടിയുണ്ട് ഗായത്രിക്ക്. എട്ട് പേര്‍ ഫാമില്‍ ഗായത്രിക്കൊപ്പം ജോലി ചെയ്യുന്നു. എല്ലാവരും ആ ഗ്രാമത്തില്‍ നിന്നുള്ളവര്‍ തന്നെയാണ്. രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെയാണ് അവര്‍ ഫാമിലുണ്ടാവുക. ബാക്കി സമയത്തെ കാര്യങ്ങള്‍ ഗായത്രി തനിച്ച് നോക്കും. മണ്ണിലേക്കും വിത്തുകളിലേക്കും തിരികെ വരിക എന്നത് സന്തോഷം തരുന്ന കാര്യമാണ്. മണ്ണിനെ തൊടുന്നു, ഒരു ചെടിയുടെ വളര്‍ച്ച കാണുന്നു ഇവയെല്ലാം വളരെയധികം സന്തോഷം തരുന്നുവെന്ന് ഗായത്രി പറയുന്നു. 

കര്‍ഷക മാത്രമല്ല, ട്രക്കിങ് ഇന്‍സ്ട്രക്ടറും സമുദ്രത്തില്‍ നീന്താനിഷ്ടപ്പെടുന്ന ആളുമാണ് ഗായത്രി. കാട്, കടല്‍, ഭൂമി എല്ലാത്തിനേയും നാം സ്നേഹിച്ചുകൊണ്ട് മാത്രം ഇടപെടണം എന്ന് കരുതുന്ന ഒരാള്‍. 

ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ മാത്രം ചെയ്യേണ്ടുന്ന, നല്ല ശമ്പളം ലഭിക്കുന്ന ഒരു ജോലി ഉപേക്ഷിച്ചാണ് ഗായത്രി സ്വന്തമായി ഫാം നടത്താനെത്തിയതെങ്കിലും അത് അവള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നു. അതിന് കാരണമായി ഗായത്രി പറയുന്നത്, 'നമുക്കെല്ലാം തരുന്ന ഈ ഭൂമിയെ ഞാന്‍ സ്നേഹിക്കുന്നു' എന്നാണ്.