ആശുപത്രിയിൽ 533 അത്യാധുനിക ഉപകരണങ്ങളുണ്ട്. അതിൽ 322 എണ്ണവും തകരാറിലാണ്. വെന്റിലേറ്ററുകൾ, നെബുലൈസറുകൾ, റീസസിറ്റേറ്ററുകൾ, ഇൻഫ്യൂഷൻ യന്ത്രങ്ങൾ, ഹീറ്ററുകൾ എന്നിങ്ങനെ ഒരു ആശുപത്രി നടത്തിക്കൊണ്ടു പോകാൻ അത്യന്താപേക്ഷിതമായ യന്ത്രങ്ങളാണ് ഇവയെന്ന് ഓർക്കുക.
രണ്ടു വർഷം മുമ്പ് ഉത്തർപ്രദേശിലെ ബിആർഡി മെഡിക്കൽ കോളേജിൽ നിന്നുള്ള ശിശുമരണ വാർത്തകൾ കേട്ട് രാജ്യം നടുങ്ങിയതാണ്. അതുപോലുള്ള കൂട്ടമരണ വാർത്തകൾ ഇക്കൊല്ലവും പുറത്തുവന്നിരിക്കുകയാണ്, ഇത്തവണ അത് രാജസ്ഥാനിലെ ജെകെ ലോൺ സർക്കാർ ആശുപത്രിയിൽ നിന്നാണ് എന്നുമാത്രം. കഴിഞ്ഞാഴ്ച വെറും രണ്ടു ദിവസത്തിനിടെ മരിച്ചത് പത്തു കുട്ടികളാണ്. അതോടെ ഡിസംബറിൽ മാത്രം 77 കുഞ്ഞുങ്ങൾ മരിച്ചിരിക്കുകയാണ് ഈ ആശുപത്രിയിൽ. നവംബറിൽ അത് 101 ആയിരുന്നു. 2019 -ൽ മാത്രം മരിച്ചത് 940 കുഞ്ഞുങ്ങളായിരുന്നു.
കോട്ടയിൽ നിന്നുള്ള ലോക്‌സഭംഗമായ ഓം ബിർള വിവരം ട്വീറ്റ് ചെയ്തതോടെയാണ് മാധ്യമങ്ങളിൽ ഈ വാർത്ത ഒരു ചർച്ചയാകുന്നത്. "നാല്പത്തെട്ടുമണിക്കൂറിനുള്ളിൽ എന്റെ മണ്ഡലത്തിലെ ജെകെ ലോൺ ആശുപത്രിയിൽ 10 കുഞ്ഞുങ്ങൾ മരിച്ചിരിക്കുന്നു എന്നത് വളരെ ആപത്ശങ്കയുണർത്തുന്ന ഒരു കാര്യമാണ്. സംസ്ഥാന സർക്കാർ അടിയന്തരമായി കാര്യത്തിൽ ഇടപെടേണ്ടതുണ്ട്" എന്നായിരുന്നു എംപിയുടെ ട്വീറ്റ്.
ട്വീറ്റ് വന്നതോടെ, അതിനോട് പ്രതികരിച്ചു കൊണ്ട് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തിന്റെ മറുപടിയും വന്നു. മരണങ്ങളെ നിസ്സാരവത്കരിച്ചുകൊണ്ടുള്ള ആ പ്രതികരണം നിശിതമായ വിമർശനങ്ങൾക്ക് കാരണമായി. "ഒരു കുഞ്ഞിന്റെ മരണം പോലും ഏറെ നിർഭാഗ്യകരമാണ്. എന്നാലും പറയട്ടെ, കഴിഞ്ഞ വർഷങ്ങളിൽ 1500 -1400 ഒക്കെ ആയിരുന്നു ഇവിടത്തെ ശിശുമരണനിരക്ക്. ഇന്നത് 900 അല്ലെ ഉള്ളൂ. ദിവസേന ഇവിടെ പല ആശുപത്രികളിലായി ഒറ്റപ്പെട്ട പല മരണങ്ങളും നടക്കുന്നുണ്ട്. അതൊക്കെ സ്വാഭാവികമാണ്. എന്തായാലും വേണ്ട നടപടി എടുക്കുന്നതാണ്." ഇങ്ങനെയായിരുന്നു ഗെഹ്‌ലോത്തിന്റെ ആ വിവാദമറുപടി. മുഖ്യമന്ത്രിയുടെ ഈ മറുപടി ഏറെ നിസ്സംഗമായ ഒന്നാണ് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം. എന്നാൽ തന്റെ പ്രസ്താവനയെ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിക്കൊണ്ടുള്ള ദുർവ്യാഖ്യാനങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്നായിരുന്നു ഗെഹ്‌ലോത്ത് പിന്നീട് ഇതേപ്പറ്റി പറഞ്ഞത്.
എന്താണ് ശിശുമരണങ്ങൾക്കുള്ള കാരണം?
പ്രസവത്തെത്തുടർന്നുണ്ടാകുന്ന ശ്വാസതടസ്സം, പ്രസവിക്കുമ്പോൾ ഉണ്ടാകുന്ന ഭാരക്കുറവ്, അണുബാധ തുടങ്ങിയവയാണ് ശിശുമരണത്തിനുള്ള പ്രധാനകാരണങ്ങൾ.രാജസ്ഥാൻ ഗവൺമെന്റ് ആശുപത്രിയിലെ ശിശുമരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. ജെകെ ലോൺ ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയ ആരോഗ്യവകുപ്പ് സെക്രട്ടറി വൈഭവ് ഗാൽറിയ, ആശുപത്രിയിൽ ഗുരുതരമായ പല നടത്തിപ്പുവീഴ്ചകളും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. വേണ്ടത്ര ഓക്സിജൻ ലൈനുകളോ, മറ്റു സൗകര്യങ്ങളോ ഒന്നും ആശുപത്രിയിൽ ഇല്ലെന്ന് അദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ത്യൻ എക്സ്പ്രസിൽ വന്ന റിപ്പോർട്ട് പ്രകാരം അദ്ദേഹം തന്റെ സന്ദർശനത്തിന് ശേഷം പറഞ്ഞത് ഇപ്രകാരമായിരുന്നു, " ആശുപത്രിയിലെ ഉപകരണങ്ങൾ യഥാവിധി നന്നാക്കണം എന്ന് അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിയോനേറ്റൽ ഐസിയുവിൽ വേണ്ടത്ര ഓക്സിജൻ ലൈനുകൾ ഇല്ല എന്നത് വ്യക്തമാണ്. ഇപ്പോൾ രോഗികൾ തന്നെയാണ് ഓക്സിജൻ സിലിണ്ടർ കൊണ്ടുവരുന്നത്. അത് അണുബാധയ്ക്ക് കാരണമാകാം സാധ്യത ഏറെയാണ്. അതുമാത്രമല്ല, ജെകെ ലോൺ ആശുപത്രിയിലെ പീഡിയാട്രിക്സ് വിഭാഗം തലവനും, അവിടത്തെ സൂപ്രണ്ടും തമ്മിലുള്ള സഹകരണമില്ലായ്കയും പരിഹരിക്കപ്പെടേണ്ടതുണ്ട്. സൂപ്രണ്ടിന്റെ ഭാഗത്തുനിന്ന് കൃത്യവിലോപമുണ്ടായതായി കണ്ടെത്തുകയും, അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്."
ആശുപത്രിയിൽ നിന്നുണ്ടാകുന്ന അണുബാധകൾ
ജെകെ ലോൺ ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് രാജ്യത്തെ പൊതുആരോഗ്യരംഗത്തിന്റെ ശോചനീയാവസ്ഥ കൂടിയാണ്. ഉദാഹരണത്തിന് ആശുപത്രിയുടെ അണുബാധാ നിരീക്ഷണ റിപ്പോർട്ടിന്റെ കാര്യം തന്നെ എടുക്കാം. പരിശോധനകളുടെ ഭാഗമായി ആശുപത്രിയുടെ പതിനാല് വ്യത്യസ്തഭാഗങ്ങളിൽ നിന്ന് എടുത്ത സാമ്പിളുകൾ എല്ലാം തന്നെ അസുഖത്തിന് കാരണമാകുന്ന ബാക്ടീരിയകളാലും ഫംഗസുകളാലും അണുബാധിതമായിരുന്നു. ഈ പതിനാല് ലൊക്കേഷനുകളിൽ NICU, ഓപ്പറേഷൻ തിയേറ്റർ, പീഡിയാട്രിക് ഐസിയു എന്നിവയും ഉൾപ്പെടും. ആശുപത്രിയിലെ ശുചിത്വമില്ലായ്ക കൊണ്ട്, അഡ്മിറ്റ് ചെയ്യപ്പെട്ട ശേഷമുണ്ടാകുന്ന ഇത്തരം അണുബാധകളാണ് ശിശുമരണ നിരക്ക് കൂടാനുള്ള ഏറ്റവും പ്രധാനമായ കാരണം. ആശുപത്രിയിൽ 533 അത്യാധുനിക ഉപകരണങ്ങളുണ്ട്. അതിൽ 322 എണ്ണവും തകരാറിലാണ്.

വെന്റിലേറ്ററുകൾ, നെബുലൈസറുകൾ, റീസസിറ്റേറ്ററുകൾ, സ്ലീപ് അപ്നിയ മെഷീനുകൾ, സ്പൈറോമീറ്ററുകൾ, ഇൻഫ്യൂഷൻ യന്ത്രങ്ങൾ, ഹീറ്ററുകൾ എന്നിങ്ങനെ ഒരു ആശുപത്രി നടത്തിക്കൊണ്ടു പോകാൻ അത്യന്താപേക്ഷിതമായ യന്ത്രങ്ങളാണ് ഇവയെന്ന് ഓർക്കുക. 20 വെന്റിലേറ്ററുകളിൽ 14 എണ്ണവും തകരാറിലാണ്. 71 വാർമറുകളിൽ 44 എണ്ണവും പണിമുടക്കിയിരിക്കുകയാണ്. 28 നെബുലൈസറുകൾ ഉള്ളതിൽ 22 എണ്ണവും പ്രവർത്തനരഹിതമാണ്. CPAP, BiPAP തുടങ്ങിയ ശ്വസനസഹായീയന്ത്രങ്ങളിൽ ഒന്നുപോലും അവിടെ പ്രവർത്തിക്കുന്നില്ല. ആശുപത്രിയിൽ ആകെയുള്ള റീസസിറ്റേഷൻ യന്ത്രവും കേടായിരിക്കുകയാണ്.

രാജസ്ഥാനിൽ പുതുതായി സ്ഥാനമേറ്റെടുത്ത അശോക് ഗെഹ്‌ലോത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ഒരു വർഷം തികയ്ക്കുന്ന വേളയിൽ സർക്കാർ 'രോഗമുക്തമായ രാജസ്ഥാൻ' എന്നൊരു പദ്ധതിക്ക് തുടക്കമിടുന്ന വേളയിൽ തന്നെയാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
