റേഡിയോയോട് അടങ്ങാത്ത പ്രണയമുള്ള ഒരാൾ, സ്വന്തമായി റേഡിയോ മ്യൂസിയം, 1500 -ലധികം റേഡിയോകൾ
വിരമിച്ച് കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹം സ്വന്തമായി ഒരു റേഡിയോ മ്യൂസിയം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ തന്നെക്കൊണ്ട് കഴിയുന്ന എല്ലാം അദ്ദേഹം ആ മ്യൂസിയത്തിന് വേണ്ടി ചെയ്തു.

രാവിലെ ഉണർന്നാലുടൻ തന്നെ റേഡിയോ പ്രവർത്തിപ്പിക്കുന്ന വീടുകൾ ഒരുകാലത്ത് നമുക്ക് ചിരപരിചിതമായിരുന്നു. അതുപോലെ തന്നെ ഒട്ടുമിക്ക വീടുകളിലും റേഡിയോ ഉണ്ടായിരുന്ന കാലവും ഉണ്ടായിരുന്നു. എന്നാൽ, കാലവും ലോകവും മാറുന്നത് പോലെ തന്നെ ഇക്കാര്യത്തിലും മാറ്റം സംഭവിച്ചു. ഇന്ന് റേഡിയോ വളരെ വിരളമാണ് എന്ന് പറയേണ്ടി വരും. എന്നാൽ, ഉത്തർ പ്രദേശിൽ നിന്നുള്ള രാം സിംഗ് ബുദ്ധ് എന്ന 67 -കാരനായ മനുഷ്യനും റേഡിയോയും തമ്മിലുള്ള ബന്ധം, അതൊന്ന് വേറെ തന്നെയാണ്.
ഗജ്രൗളയിൽ നിന്നുള്ള അദ്ദേഹം 1500 -ലധികം വിന്റേജ് റേഡിയോ റിസീവറുകളാണ് ശേഖരിച്ച് വച്ചിരിക്കുന്നത്. അങ്ങനെ അദ്ദേഹത്തിന് ഒരു റേഡിയോ മ്യൂസിയം തന്നെയുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന് റേഡിയോയോടുള്ള ആവേശം ആരംഭിച്ചിരുന്നു. പിന്നീടൊരിക്കലും ആ ആവേശം കെട്ടടങ്ങിയില്ല. ജോലി ചെയ്യുമ്പോൾ പോലും അദ്ദേഹം റേഡിയോ കേട്ടുകൊണ്ടിരിക്കുമായിരുന്നു. മൊഹല്ല നായ്പുരയിൽ താമസിക്കുന്ന അദ്ദേഹം ഉത്തർപ്രദേശ് വെയർഹൗസിംഗ് കോർപ്പറേഷൻ ഡിപ്പാർട്ട്‌മെന്റിൽ സീനിയർ സൂപ്രണ്ടായിരുന്നു. 2016 -ൽ അദ്ദേഹം അവിടെ നിന്നും വിരമിച്ചു. തുടർന്ന് അഞ്ച് വർഷം ഉപഭോക്തൃ കോടതി സെക്രട്ടറിയായും പ്രവർത്തിച്ചു.
വിരമിച്ച് കുറച്ച് വർഷങ്ങൾക്ക് ശേഷം അദ്ദേഹം സ്വന്തമായി ഒരു റേഡിയോ മ്യൂസിയം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ തന്നെക്കൊണ്ട് കഴിയുന്ന എല്ലാം അദ്ദേഹം ആ മ്യൂസിയത്തിന് വേണ്ടി ചെയ്തു. റേഡിയോയും റേഡിയോയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും എല്ലാം ശേഖരിച്ചു. നയ്പുരയിലെ സിദ്ധാർത്ഥ് ഇന്റർ കോളേജിന്റെ രണ്ടാം നിലയാണ് അദ്ദേഹം തന്റെ മ്യൂസിയമാക്കി നവീകരിച്ചത്. അതിൽ, ഇന്ന് 1500 -ലധികം റേഡിയോ റിസീവറുകൾ ഉണ്ട്. 1900 -ലെ ആന്റിക് റേഡിയോ വരെ അതിൽ പെടുന്നു.
ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡ് നേടാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം.