ഊബര്‍ ജോലിക്ക് നിര്‍ത്തുന്നവരില്‍ എല്ലാതരം ആളുകളുമുണ്ട്. അവിടെ ലിംഗ വ്യത്യാസങ്ങളോ, നിറ വ്യത്യാസമോ ഒന്നുമില്ല. അതവരുടെ പോളിസിയുടെ ഭാഗമാണ്. ഊബറില്‍ ജോലി ചെയ്യുന്ന രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളാണ് റാണിയും ആരവും. 

ഭുവനേശ്വറില്‍ ഊബറോടിക്കുന്ന ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയാണ് റാണി. ഇന്നും ഈ സമൂഹത്തില്‍ ട്രാന്‍സ് ആയി നിലനില്‍ക്കുക എന്നത് കഠിനമായ ഒരു പരീക്ഷണം തന്നെയാണ്. എന്നാല്‍, ആ സാമൂഹിക സാഹചര്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് റാണി തന്‍റെ ജോലി തെരഞ്ഞെടുക്കുകയും അതില്‍ തുടരുകയും ചെയ്തു. 

ഒരു ചെറിയ ഇടത്ത് ട്രാന്‍സ്ജഡെന്‍ഡര്‍ കമ്മ്യൂണിറ്റിയിലുള്ള 30 പേരോടൊന്നിച്ചാണ് റാണിയുടെ താമസം. മറ്റുള്ളവര്‍ക്ക് അമ്മയെ പോലെയാണ് റാണി. അതില്‍ മിക്കവരും വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ്. അവര്‍ക്ക് പിന്തുണ നല്‍കുന്നു റാണി. 

ഒരുപാട് ഉയര്‍ച്ചകളിലൂടെയും താഴ്ചകളിലൂടെയും കടന്നുപോയവളാണ് റാണി. ആദ്യം ഒരു ഓട്ടോറിക്ഷാ ഡ്രൈവറായിട്ടായിരുന്നു റാണിയുടെ തുടക്കം. പക്ഷെ, മറ്റുള്ളവരില്‍ നിന്നും അവഗണനയായിരുന്നു കൂടുതല്‍ കിട്ടിയത്. പിന്നീട്, അവര്‍ വോളന്‍റീര്‍ ആംബുലന്‍സിന്‍റെ ഡ്രൈവറാവുകയും പാവപ്പെട്ട കാന്‍സര്‍ രോഗികളെ ട്രീറ്റ്മെന്‍റ് സെന്‍ററിലെത്തിക്കുകയും ചെയ്തു. 

ഊബറില്‍ ജോലിയില്‍ പ്രവേശിച്ചത് റാണിയുടെ ജീവിതത്തിലെ പ്രധാന സംഭവമായി മാറി. റാണിയുടെ ജോലിയോടുള്ള ആത്മാര്‍ത്ഥതയും, യാത്രക്കാരോടുള്ള പെരുമാറ്റവും ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് കിട്ടുന്നതിന് കാരണമായിത്തീര്‍ന്നു. അപ്പോഴും സ്വന്തമായി ഒരു വാഹനമെന്നത് അവള്‍ക്ക് അസാധ്യമായിരുന്നു. ഇതിനെ കുറിച്ച് ബോധ്യപ്പെട്ട ഊബര്‍ ഫണ്ട് റൈസിങ്ങിലൂടെ 1,86000 രൂപ സംഘടിപ്പിച്ചു. അവസാനം റാണിയുടെ സ്വന്തം വാഹനമെന്ന സ്വപ്നം പൂവണിഞ്ഞു. ഒരാള്‍ കൂടിയുണ്ട് വാഹനമോടിക്കാന്‍. 50 ട്രിപ്പ് തികച്ചു കഴിഞ്ഞു റാണി. 

ആരവിന്‍റെ ജീവിതം

ദില്ലി സ്വദേശിയാണ് ആരവ്.. താമസം മുത്തശ്ശിക്കൊപ്പം.. ഒരു ട്രാന്‍സ് വ്യക്തിക്ക് ഇന്ത്യയിലെന്തൊക്കെ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമോ അതെല്ലാം നേരിട്ടാണ് ആരവ് ജീവിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ ജി ഒയില്‍ പ്രോഗ്രാം മാനേജറായി ജോലി ചെയ്യുകയായിരുന്നു സ്കൂള്‍ പഠനത്തിനു ശേഷം ആരവ്. 

2018 നവംബര്‍ 28 നാണ് ആദ്യമായി ആരവ് തന്‍റെ ഊബര്‍ ട്രിപ്പ് പൂര്‍ത്തിയാക്കുന്നത്. ഇപ്പോള്‍ പൂര്‍ണമായും ജോലിയില്‍ ഇല്ല ആരവ്. തന്‍റെ മുത്തശ്ശിക്ക് സഹായകമായി നില്‍ക്കുകയാണ്. പെട്ടെന്ന് തന്നെ തിരികെ ജോലിയില്‍ പ്രവേശിക്കാനാകുമെന്നും സ്വന്തമായി ഒരു കാര്‍ വാങ്ങാന്‍ കഴിയുമെന്നും ആരവിന് പ്രതീക്ഷയുണ്ട്. 

റാണിയും ആരവും പ്രതീക്ഷയാണ്. നിലനിന്നു പോരുന്ന എല്ലാ തടസ്സങ്ങളേയും അതിജീവിച്ച് തങ്ങളുടെ തൊഴിലിടത്തില്‍ സ്വന്തമായി ഇടം കണ്ടെത്തിയവര്‍..