ദുർഗ്ഗാ പൂജ ആഘോഷങ്ങൾക്കിടെ ബെംഗളൂരുവിൽ സ്കൂട്ടറിലെ പെട്രോൾ തീർന്ന് വഴിയിൽ കുടുങ്ങിയ ഒരു ടെക്കിയെ റാപ്പിഡോ ഡ്രൈവർ സഹായിച്ചു. പെട്രോൾ പമ്പിൽ നിന്ന് കുപ്പിയിൽ ഇന്ധനം ലഭിക്കാതെ വന്നപ്പോൾ, ഡ്രൈവർ സ്വന്തം ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റി നൽകുകയായിരുന്നു.
ബെംഗളൂരുവിലെ തിരക്കിട്ട ദുർഗ്ഗാ പൂജ ആഘോഷങ്ങൾക്കിടയിൽ, ഒരു റാപ്പിഡോ ഡ്രൈവറുടെ ചെറിയൊരു നന്മ സമൂഹ മാധ്യമങ്ങളിൽ ഹൃദയസ്പർശിയായ കഥയായി മാറി. വാടകയ്‌ക്കെടുത്ത സ്കൂട്ടറിൽ പെട്ടെന്ന് ഇന്ധനം തീർന്ന് വഴിയിൽ കുടുങ്ങിയ ഒരു യുവ ടെക്കിക്ക് വേണ്ടിയാണ് റാപ്പിഡോ ഡ്രൈവർ തന്‍റെ സ്വന്തം ബൈക്കിൽ നിന്ന് പെട്രോൾ പങ്കുവെച്ച് സഹായിച്ചത്.
പെട്രോൾ തീർന്നു
ദുർഗ്ഗാ പൂജ ആഘോഷങ്ങൾക്കിടെ നഗരത്തിൽ കറങ്ങാൻ ഒരു ടെക് പ്രൊഫഷണലും സുഹൃത്തുക്കളും സ്കൂട്ടർ വാടകയ്‌ക്കെടുത്തപ്പോഴായിരുന്നു സംഭവം. യാത്രയ്ക്കിടെ പെട്രോൾ പമ്പിൽ എത്തുന്നതിന് മുൻപേ ഇവരുടെ സ്കൂട്ടറിന്‍റെ പെട്രോൾ പൂർണ്ണമായും തീർന്ന് വാഹനം നിന്നുപോയി. തിരക്കേറിയ റോഡിൽ കുടുങ്ങിയ ഇവർ ആദ്യം വാഹനം ഏറ്റവും അടുത്ത പമ്പിലേക്ക് തള്ളി നീക്കാൻ ആലോചിച്ചു. എന്നാൽ, ബെംഗളൂരുവിലെ കനത്ത ട്രാഫിക്കിലും, ഏറ്റവും അടുത്ത തുറന്ന പമ്പ് എവിടെയാണെന്ന് കൃത്യമായി അറിയാത്തതിനാലും അത് പ്രായോഗികമല്ലായിരുന്നു.
പെട്രോൾ പാഴ്സൽ നല്‍കില്ല
ഒടുവില്‍ മറ്റ് വഴികളില്ലാതെ, ഇവർ ഒരു റാപ്പിഡോ ബുക്ക് ചെയ്തു. റാപ്പിഡോ ഡ്രൈവർ എത്തിയപ്പോൾ, ടെക്കി തന്‍റെ പ്രശ്നം അവതരിപ്പിച്ചു. സ്കൂട്ടറിൽ പെട്രോൾ ഇല്ല, കുറച്ച് ഇന്ധനം കൊണ്ടുവരാൻ സഹായം വേണം. അവർ ഒരുമിച്ച് അടുത്തുള്ള പെട്രോൾ സ്റ്റേഷനിലേക്ക് പോയെങ്കിലും, ഈസമയം മറ്റൊരു വെല്ലുവിളി നേരിട്ടു. ബെംഗളൂരുവിലെ പല പമ്പുകളും കുപ്പികളിലോ കാനുകളിലോ പെട്രോൾ നൽകില്ല. അപ്പോൾ, റാപ്പിഡോ ഡ്രൈവർ വ്യത്യസ്തമായ ഒരു പരിഹാരം കണ്ടെത്തി. സ്വന്തം മോട്ടോർ ബൈക്കിന്‍റെ ടാങ്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത് വഴിൽ കുടുങ്ങിയ സ്കൂട്ടറിലേക്ക് പകർത്തി.
അഭിനന്ദന പ്രവാഹം
പിന്നീട്, ഈ സംഭവം ടെക്കി തന്‍റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെ, ഡ്രൈവറുടെ നിസ്വാർത്ഥതയ്ക്ക് സമൂഹ മാധ്യമ ഉപയോക്താക്കൾ നന്ദി രേഖപ്പെടുത്തി. ഇതാണ് യഥാർത്ഥ ബെംഗളൂരു സ്പിരിറ്റ്. ഒന്നും പ്രതീക്ഷിക്കാതെ പരസ്പരം സഹായിക്കുകയെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. എന്‍റെ വാഹനം ഇന്ധനം തീർന്ന് കുടുങ്ങിയ സമാനമായ ഒരു അവസ്ഥയിൽ അപരിചിതർ സഹായിക്കാൻ മുന്നോട്ട് വന്നു. ഇതുപോലുള്ള കഥകൾ ആളുകളിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നുവെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്.


