ബെംഗളൂരുവിൽ നാല് ദിവസം പാർട് ടൈം റാപ്പിഡോ ഡ്രൈവറായി ജോലി ചെയ്ത യുവാവ് അനുഭവം പങ്കുവയ്ക്കുന്നു. 17 മണിക്കൂർ കൊണ്ട് എത്ര രൂപ സമ്പാദിച്ചു, ഏത് നേരത്ത് ഓടുന്നതാണ് നല്ലത് തുടങ്ങിയ വിവരങ്ങളാണ് യുവാവ് ഷെയര്‍ ചെയ്യുന്നത്.
ബെംഗളൂരുവിൽ ഒരു റാപ്പിഡോ ഡ്രൈവറായി ജോലി ചെയ്താൽ എത്ര രൂപ സമ്പാദിക്കാം? അങ്ങനെ ജോലി ചെയ്യുന്ന ഒരു യുവാവിന്റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. നാല് ദിവസം റാപ്പിഡോ ഡ്രൈവറായി ജോലി ചെയ്ത് എത്ര രൂപ കിട്ടി എന്നാണ് യുവാവ് തന്റെ പോസ്റ്റിൽ പറയുന്നത്. പാർട് ടൈം ആയിട്ടാണ് വണ്ടി ഓടിയത്. അതും കൂടുതലും രാത്രിയാത്രകളായിരുന്നു എന്നും യുവാവ് പറയുന്നു. കുറച്ചുകാലത്തേക്ക് എന്തെങ്കിലും ഒരു ജോലി വേണം, അല്ലെങ്കിൽ പെട്ടെന്ന് കുറച്ച് പണം കണ്ടെത്തേണ്ടതുണ്ട് എന്നുള്ളവർക്ക് ഈ മാർഗം പരീക്ഷിക്കാവുന്നതാണ് എന്നും യുവാവ് പറയുന്നു.
'ഞാൻ ബാംഗ്ലൂരിൽ റാപ്പിഡോ ബൈക്ക് ക്യാപ്റ്റനായി 4 ദിവസം ജോലി ചെയ്തു, പൂർണ്ണമായും പാർട്ട് ടൈം ആയിട്ടായിരുന്നു ജോലി ചെയ്തത്. വരുമാനത്തെ കുറിച്ച് അറിയാൻ താല്പര്യമുള്ളവർക്ക് വേണ്ടി ആ വിവരം പങ്കിടാമെന്ന് ഞാൻ കരുതി' എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ ചെലവിനെയും വരുമാനത്തെയും കുറിച്ച് യുവാവ് പറഞ്ഞിരിക്കുന്നത്. ലിറ്ററിന് 45 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന ഒരു സൂപ്പർ സ്പ്ലെൻഡർ ബൈക്കാണ് യുവാവിന്റേത്. രാത്രി 10 മണിക്ക് ശേഷമാണ് ഓട്ടം ആരംഭിച്ചത്. രാത്രി വൈകിയാണ് എപ്പോഴും നല്ല ആനുകൂല്ല്യം നേടാനാവുക എന്നും യുവാവ് പറയുന്നു. നാല് ദിവസങ്ങളിലായി ആകെ 17 മണിക്കൂർ ജോലി ചെയ്തതായും ഏകദേശം 200 കിലോമീറ്റർ ബൈക്ക് ഓടിയതായും പോസ്റ്റിൽ പറയുന്നു. രണ്ടാമത്തെ ദിവസമാണ് ഏറ്റവും കൂടുതൽ പണം കിട്ടിയത്. അഞ്ച് മണിക്കൂർ ഷിഫ്റ്റിന് 750 രൂപ കിട്ടി.
ഇങ്ങനെയാണ് യുവാവ് സമ്പാദിച്ച തുക:
ആകെ വരുമാനം: 2,220 രൂപ
ആകെ പെട്രോൾ ചെലവ്: ഏകദേശം 400 രൂപ
അറ്റാദായം: ഏകദേശം 1,820 രൂപ
ആകെ യാത്ര ചെയ്ത സമയം: ഏകദേശം 17 മണിക്കൂർ
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇങ്ങനെ ജോലി ചെയ്യുന്ന ഒരുപാടുപേരുണ്ട് എന്ന് കമന്റ്ബോക്സിൽ നിന്നും മനസിലാക്കാം. എന്നാൽ, രാത്രികളിൽ ഉറങ്ങാതിരുന്നു ജോലി ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും പലരും നൽകുന്നുണ്ട്.
