എലികളിൽ നടത്തിയ പഠനത്തിൽ അവയ്ക്ക് ക്യൂൻ, ലേഡി ഗാഗ, മൊസാർട്ട്, മൈക്കിൾ ജാക്സൺ എന്നിവരുടെ സംഗീതം ആസ്വദിക്കാനും താളാത്മകമായി അവയുടെ തല ചലിപ്പിക്കാനും സാധിച്ചു എന്നാണ് പഠന റിപ്പോർട്ട് പറയുന്നത്.

സംഗീതം ആസ്വദിക്കാനും അതിനനുസരിച്ച് താളം പിടിക്കാനും ഒക്കെ മനുഷ്യർക്ക് മാത്രമേ സാധിക്കൂ എന്നായിരുന്നു ഇതുവരെയുള്ള പൊതു ധാരണ. എന്നാൽ, ആ ധാരണ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പുതിയ പഠനം. താളാത്മകത മനുഷ്യസഹജമായ ഒരു കഴിവ് മാത്രമായി കണക്കാക്കാൻ സാധിക്കില്ലെന്നും എലികൾക്കും സമാനമായ കഴിവുണ്ടെന്നുമാണ് പുതിയ പഠനത്തിൽ തെളിഞ്ഞതെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

എലികളിൽ നടത്തിയ പഠനത്തിൽ അവയ്ക്ക് ക്യൂൻ, ലേഡി ഗാഗ, മൊസാർട്ട്, മൈക്കിൾ ജാക്സൺ എന്നിവരുടെ സംഗീതം ആസ്വദിക്കാനും താളാത്മകമായി അവയുടെ തല ചലിപ്പിക്കാനും സാധിച്ചു എന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. സയൻസ് അഡ്വാൻസസ് ജേണലിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ടോക്കിയോ സർവകലാശാലയിലെ ഗവേഷകർ പത്ത് എലികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

നിരീക്ഷണത്തിന് യോഗ്യമായ വിധത്തിൽ ഒരു പ്രത്യേക സംവിധാനത്തിൽ എലികളെ സൂക്ഷിച്ചതിനുശേഷം തുടർച്ചയായി അവയെ സംഗീതം കേൾപ്പിച്ചാണ് ഗവേഷകർ ഈ നിഗമനത്തിയത്. സംഗീതം കേൾക്കുമ്പോൾ
അവയുടെ തലയുടെ ചലനം അളക്കാൻ വയർലെസ് ആക്‌സിലറോമീറ്ററുകൾ ഘടിപ്പിച്ചിരുന്നു. ലേഡി ഗാഗയുടെ ബോൺ ദിസ് വേ, ക്വീൻസ് അനദർ വൺ ബൈറ്റ്സ് ദ ഡസ്റ്റ്, മൊസാർട്ടിന്റെ സൊണാറ്റ, മൈക്കൽ ജാക്സന്റെ ബീറ്റ് ഇറ്റ്, മറൂൺ 5-ന്റെ ഷുഗർ എന്നിവ എലികളെ കേൾപ്പിച്ച സംഗീതത്തിൽ ഉൾപ്പെടുന്നു.

മിനിറ്റിൽ 132 ബീറ്റിൽ ഉള്ള സംഗീതമാണ് എലികളെ കേൾപ്പിച്ചത്. 132 ബീറ്റിൽ താഴെയോ മുകളിലോ ഉള്ള സംഗീതം കേൾപ്പിച്ചപ്പോൾ അവയോട് എലികൾ പൊസിറ്റീവായി പ്രതികരിച്ചില്ല എന്നാണ് ഗവേഷകർ പറയുന്നത്. എലികളുടെ താളാത്മകതയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി കൂടുതൽ പഠനങ്ങൾ നടത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ.