ആകെ ശമ്പളം കിട്ടുന്നത് 28,000 രൂപ. മാനേജരാണെങ്കില്‍ ബാത്ത്റൂമില്‍ പോകാനെടുക്കുന്ന സമയം പോലും എത്രയാണെന്ന് നിരീക്ഷിക്കും. അനുഭവം പങ്കുവച്ച്  ഡിജിറ്റൽ ഏജൻസിയിലെ ജീവനക്കാരൻ.

മാസം ശമ്പളം വെറും 28,000 രൂപ. എന്നാൽ, അനുഭവിക്കുന്ന മാനസികപീ‍ഡനങ്ങൾക്കോ കണക്കില്ല. അത്തരത്തിൽ അനുഭവമുള്ള ഒരുപാടാളുകൾ നമുക്ക് ചുറ്റുമുണ്ടാകും. മാനേജർമാരുടെയോ അതുപോലെ ഉന്നതസ്ഥാനത്തിരിക്കുന്നവരുടെയോ പല നടപടികളും പെരുമാറ്റങ്ങളും കാരണം കഷ്ടപ്പാടനുഭവിക്കുന്നവരുമുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരു ഡിജിറ്റൽ ഏജൻസി ജീവനക്കാരനായ യുവാവാണ് ജോലിസ്ഥലത്തെ കടുത്ത മാനസിക പീഡനങ്ങളെയും മൈക്രോമാനേജ്‌മെന്റിനെയും കുറിച്ച് റെഡ്ഡിറ്റിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. കമ്പനിയിലെ മോശം സാഹചര്യങ്ങളെക്കുറിച്ച് സഹപ്രവർത്തകരുമായി യുവാവ് ചാറ്റ് ചെയ്തിരുന്നു. പിന്നാലെ, ഇയാളെ പിരിച്ചുവിടുമെന്നായി ഭീഷണി.

ഓഫീസിലെ സാഹചര്യങ്ങൾ കാരണമുണ്ടായ ആരോഗ്യപ്രശ്നങ്ങൾക്ക് സ്വന്തം കയ്യിൽ നിന്ന് 5,000 രൂപ മുടക്കി ഇ.എൻ.ടി ഡോക്ടറെ കാണേണ്ടി വന്നതിനെക്കുറിച്ചാണ് യുവാവ് സഹപ്രവർത്തകനോട് ചാറ്റ് ചെയ്തത്. ഇത് മാനേജരെ പ്രകോപിപ്പിക്കുകയായിരുന്നു. 'ഇന്ന് അപമാനം, നാളെ ജോലിയിൽ നിന്ന് പുറത്താക്കിയേക്കാം' എന്നും പറഞ്ഞാണ് യുവാവ് അനുഭവം വിവരിച്ചത്. 'ഇന്ന് മാനേജർ എന്നെ ടീംസ് ചാറ്റിന്റെ പേരിൽ എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിച്ചു. ഞാൻ ഓഫീസിൽ വരുന്നത് ജോലി ചെയ്യാനാണോ അതോ തമാശ കളിക്കാനാണോ എന്ന് ചോദിച്ചു. എന്റെ സ്വകാര്യ ചാറ്റുകൾ പരിശോധിച്ചതിലുള്ള വിയോജിപ്പ് ഞാൻ പ്രകടിപ്പിച്ചപ്പോൾ അദ്ദേഹം കൂടുതൽ ദേഷ്യപ്പെട്ടു. ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ ഉടമസ്ഥന് അയക്കുമെന്നും എന്നെ പുറത്താക്കുമെന്നുമാണ് ഭീഷണി' എന്ന് യുവാവ് കുറിക്കുന്നു.

കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു എച്ച്.ആർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ജീവനക്കാരുടെ ലോഗ്-ഇൻ സമയവും, ബാത്ത്‍റൂമിൽ പോകുന്ന സമയം പോലും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് പോസ്റ്റിൽ പറയുന്നു. കമ്പനിയിലെ അമിത ടോക്സിസിറ്റി കാരണം എച്ച്.ആർ മാനേജർ പോലും ജോലി രാജിവെച്ചുപോയ സാഹചര്യമാണുള്ളത്. മാസം 28,000 രൂപയാണ് ശമ്പളം. പെർഫോമൻസ് അനുസരിച്ച് 0 മുതൽ 12,000 രൂപ വരെ ഇൻസെന്റീവ് ലഭിക്കാം. ഇൻഷുറൻസോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല. എന്നാൽ, ഓഫീസിൽ ലോഗ്-ഇൻ ചെയ്യാൻ വൈകുന്ന ഓരോ മിനിറ്റും ലീവ് ആയി കണക്കാക്കും.

കണ്ടന്റ് റൈറ്റിംഗ് മേഖലയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ജീവനക്കാരൻ നിരാശയോടെ പറയുന്നുണ്ട്. പല കമ്പനികളും ഫ്രഷേഴ്സിനെ 12,000 രൂപയ്ക്ക് എടുത്ത് AI ടൂളുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന കണ്ടന്റുകൾ വിദേശ ക്ലയന്റുകൾക്ക് നൽകി പറ്റിക്കുകയാണെന്നും യുവാവ് ആരോപിച്ചു. നിരവധിപ്പേർ പോസ്റ്റിന് കമന്റുകൾ നൽകി. എത്രയും പെട്ടെന്ന് പുതിയൊരു ജോലി കണ്ടുപിടിച്ച് ഇതുപേക്ഷിക്കാനാണ് പലരും പറഞ്ഞത്.