ക്രമസമാധാനപാലനത്തിനായി ലഹളകളും മറ്റും നിയന്ത്രിക്കാൻ നിയോഗിക്കപ്പെടുന്ന പൊലീസ് സേനയെ തങ്ങളുടെ പട്ടാള യൂണിഫോമിന് സമാനമായ യൂണിഫോം ധരിക്കുന്നതിൽ നിന്ന് വിലക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കരസേന ഇന്നലെ ആഭ്യന്തര/പ്രതിരോധ മന്ത്രാലയങ്ങൾക്ക് കത്തെഴുതിയിരുന്നു. ഇന്നലെ ജാഫറാബാദിൽ, കലാപനിയന്ത്രണത്തിനിറങ്ങിയ ദില്ലിപോലീസിലെ പല ഓഫീസർമാരും ധരിച്ചിരുന്നത് മിലിട്ടറി സ്ഥിരമായി ഉപയോഗിക്കുന്ന 'കാമോഫ്‌ളാഷ്‌' അഥവാ 'ഡിസ്‌റപ്റ്റീവ്' യൂണിഫോം ആയിരുന്നു. ഇനിമുതൽ അത്  ഉപയോഗിക്കുന്നതിൽ നിന്ന് സ്റ്റേറ്റ് പൊലീസിനെയും അർധസൈനിക വിഭാഗങ്ങളെയും വിലക്കണം എന്നതായിരുന്നു കത്തിലെ ആവശ്യം. ഇതിന്റെ ഉപയോഗം മാവോയിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കാടുകൾക്കുള്ളിൽ നിയോഗിക്കപ്പെടുമ്പോൾ മാത്രമായി ചുരുക്കണം എന്നും പട്ടാളം ആവശ്യപ്പെട്ടു.
 
നഗരപ്രദേശങ്ങളിൽ ക്രമസമാധാന പാലനത്തിന് ഇറങ്ങുമ്പോൾ അത്തരം ഒരു വസ്ത്രധാരണത്തിന്റെ ആവശ്യമില്ലെന്നും, അത് ജനങ്ങളിൽ അനാവശ്യമായി ' പട്ടാളം ഇറങ്ങി 'എന്ന തെറ്റിദ്ധാരണ പടർത്തും എന്നുമാണ് സൈന്യത്തിന്റെ ആക്ഷേപം. പൊലീസും പാരാമിലിട്ടറി ഫോഴ്‌സുകളും ഒക്കെ ഉപയോഗിക്കുന്ന യൂണിഫോമുകളും പട്ടാള യൂണിഫോമുകളും തമ്മിൽ പാറ്റേർണിൽ ചെറിയ വ്യത്യാസം ഇപ്പോഴും ഉണ്ടെങ്കിലും, അത് തിരിച്ചറിയാനുള്ള ജ്ഞാനം പൊതുജനത്തിനില്ല എന്നാണ് കരസേന പറയുന്നത്. ആർമി പാറ്റേൺ യൂണിഫോമുകളുടെ വില്പന പൊതു വിപണിയിലും അനുവദിച്ചുകൂടാ എന്നാണ് കത്തിൽ സൈന്യം ആവശ്യാപ്പെട്ടിരിക്കുന്നത്.ഈ ആവശ്യം പട്ടാളം ഉന്നയിക്കാൻ തുടങ്ങിയിട്ട് വർഷം ഒരുപാടാകുന്നു. ഇതിനു മുമ്പ് 2004, 2012, 2013 and 2015 എന്നീ വർഷങ്ങളിലും പട്ടാളം ഇതേ ആവശ്യം മുന്നോട്ടു വെച്ചിരുന്നു. 2016 -ലാണ് ഏറ്റവും ഒടുവിലായി ഈ വിഷയം വീണ്ടും പൊന്തി വന്നത്. അന്ന് ഇത് സംബന്ധിച്ച ചർച്ചകളും നടന്നിരുന്നു എങ്കിലും തീരുമാനങ്ങൾ ഒന്നും നടപ്പിലായില്ല. ഇപ്പോൾ ജാഫറാബാദ് വിഷയത്തിൽ പട്ടാളം വീണ്ടും അതേ വിഷയം ഉയർത്തിക്കൊണ്ടു വന്നിരിക്കയാണ്.

ഫെബ്രുവരി 23 -ന് സിഎഎ അനുകൂലികളും പ്രതിഷേധക്കാരും തമ്മിൽ പൊട്ടിപ്പുറപ്പെട്ട അക്രമം thadayan വേണ്ടി പൊലീസ് രംഗത്തിറങ്ങിയത് കാമോഫ്‌ളാഷ്‌ യൂണിഫോമിൽ ആയിരുന്നു. അതോടെ പ്രദേശത്ത് പട്ടാളമിറങ്ങി എന്ന തരത്തിലുള്ള പ്രചാരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ സജീവമായി. അതിനു ശേഷമാണ് അനധികൃതമായി തങ്ങളുടെ യൂണിഫോം ധരിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ചില സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എഎൻഐ റിപ്പോർട്ട് ചെയ്തത്. ജാമിയ മിലിയയിലെ സെക്യൂരിറ്റി ഗാർഡുമാർ വരെ ധരിച്ചിരുന്നത് പട്ടാളത്തിന്റെ കുപ്പായത്തോട് സാമ്യം തോന്നുന്ന യൂണിഫോമാണ് എന്ന് അവിടെ അക്രമമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട അന്ന് ചിലർ സാമൂഹ്യമാധ്യമങ്ങളിൽ ചൂണ്ടിക്കാണിക്കുകയുണ്ടായി.

'കലാപം അടിച്ചമർത്താൻ പട്ടാളത്തെ ഇറക്കി'എന്ന തരത്തിലുള്ള പ്രചാരണം ഉണ്ടായപ്പോൾ, അടുത്ത ദിവസം തന്നെ സൈന്യം പ്രസ്താവനയിറക്കി അത് നിഷേധിച്ചിരുന്നു. ഭാവിയിൽ അങ്ങനെ ഉണ്ടാകാതിരിക്കാനുള്ള ഒരു മുൻകരുതൽ എന്ന നിലയ്ക്കാണ് സേന ഇപ്പോൾ സർക്കാരിന്റെ രണ്ടു മന്ത്രാലയങ്ങൾക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി, തിരുത്തൽ നടപടി ആവശ്യപ്പെട്ട് കത്തെഴുതിയത്.

 


ഏതെങ്കിലും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നം പരിഹരിക്കാൻ പട്ടാളത്തെ ഇറക്കുന്നത് സ്ഥിതിഗതികൾ പൊലീസിന്റെ കയ്യിൽ ഒതുങ്ങാത്തത്ര വഷളാകുമ്പോഴാണ്. അതുകൊണ്ടുതന്നെ പട്ടാളം ഇറങ്ങി എന്ന പ്രതീതി സ്വാഭാവികമായും ജനങ്ങളിൽ ആശങ്കയുണർത്തും. സ്റ്റേറ്റ് പൊലീസ്/അർധസൈനിക വിഭാഗങ്ങൾ സമാനമായ യൂണിഫോം ധരിക്കുന്നത് പലപ്പോഴും പട്ടാളത്തെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. 2016 -ൽ ജാട്ട് സമരം നിയന്ത്രണാതീതമായപ്പോൾ പട്ടാളത്തെ ഇറക്കി എങ്കിലും, അത് പട്ടാളമാണ് എന്ന് പലർക്കും മനസ്സിലായില്ല. ഒടുവിൽ ARMY എന്ന ബോർഡും പിടിച്ചു പോകേണ്ട ഗതികേടുവരെ അന്നവർക്കുണ്ടായി. എന്തിനുമേതിനും എടുത്തണിയാവുന്ന ഒരു യൂണിഫോമായി കാമോഫ്‌ളാഷ്‌ മാറുന്നത് അതിന്റെ നിലയ്ക്കും വിലയ്ക്കും ഇടിവുണ്ടാക്കും എന്നതാണ് സൈന്യത്തിന്റെ എതിർപ്പിന് പ്രധാന കാരണം.

യൂണിഫോം ധരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ ഏതൊക്കെ ?

1860 -ൽ നിലവിൽ വന്ന ഇന്ത്യൻ പീനൽ കോഡിന്റെ സെക്ഷൻ 171 പ്രകാരം ഒരു പ്രത്യേക വിഭാഗം സർക്കാർ സേവകരുടെ വസ്ത്രമോ, അവരുടെ ബാഡ്‌ജോ, ചിഹ്നങ്ങളോ ഒക്കെ ആ സർവീസുമായി ബന്ധമില്ലാത്ത മറ്റാരെങ്കിലും ധരിക്കുന്നത് ക്രിമിനൽ കുറ്റമാണ്. മൂന്നുമാസം വരെ തടവോ ഇരുനൂറുരൂപ പിഴയോ കിട്ടാവുന്ന കുറ്റമാണത്. അതിനു പുറമെ 2005 -ലെ പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസിസ്‌ ആക്റ്റ് പ്രകാരം ഏതെങ്കിലും സെക്യൂരിറ്റി ഏജൻസിയിലെ ജീവനക്കാരോ സൂപ്പർവൈസർമാരോ ഒക്കെ പട്ടാളത്തിന്റെയോ പൊലീസിന്റെയോ യൂണിഫോമിനോട് സാമ്യമുള്ള  യൂണിഫോം ധരിച്ചതായി കണ്ടെത്തിയാൽ അതിന്റെ നടത്തിപ്പുകാരന് പരമാവധി ഒരു വർഷം വരെ തടവുശിക്ഷയും അയ്യായിരം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്.

എന്നുമുതലാണ് ഇന്ത്യൻ ആർമി കാമോഫ്‌ളാഷ്‌ ധരിച്ചു തുടങ്ങുന്നത് ?

1947 -ന് മുമ്പ് ഇന്ത്യൻ സൈന്യം ധരിച്ചിരുന്നത് കാക്കി നിറത്തിലുള്ള ഡിസൈൻ ഒന്നുമില്ലാത്ത യൂണിഫോം ആയിരുന്നു.  സ്വാതന്ത്ര്യാനന്തരം അത് രണ്ടാം ലോക മഹായുദ്ധകാലത്ത് നോർത്ത് ഈസ്റ്റിലെയും ബർമയിലെ കാടുകളിൽ ധരിച്ചിരുന്ന ഒലിവ് ഗ്രീൻ ആയി മാറി. ജർമൻ, അമേരിക്കൻ സൈനികർ ധരിച്ചിരുന്ന കാമോഫ്‌ളാഷ്‌, ഡിസ്‌റപ്റ്റീവ് യൂണിഫോമുകൾ ഇന്ത്യൻ ആർമിയിലേക്ക് എത്തുന്നത് ഇന്ത്യൻ സമാധാന സംരക്ഷണ സേന (IPKF) വടക്കൻ ശ്രീലങ്കയിലെ കാടുകളിലേക്ക് പുലികൾക്കെതിരെ പോരാട്ടത്തിനുപോയ എൺപതുകളിൽ മാത്രമാണ്. ഈ കാമോഫ്‌ളാഷ്‌ പാറ്റേൺ പോലും പിന്നീട് പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്. 2005 -ൽ ജനറൽ ജെജെ സിംഗ് ആണ് അവസാനമായി ആർമി യൂണിഫോമിനെ നമ്മൾ ഇന്നുകാണുന്ന രൂപത്തിലേക്ക് മാറ്റിയെടുത്തത്. ഇന്ത്യൻ കരസേനയുടെ 'കുറുകെ വെച്ച രണ്ടു വാളുകൾ' ചിഹ്നത്തിന്റെയും 'INDIAN ARMY' എന്ന എഴുത്തിന്റെയും വാട്ടർമാർക്കും ഈ യൂണിഫോമിന്റെ ഭാഗമാണ്. മറ്റുള്ളവർ അനുകരിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ പരിഷ്‌കാരം.