സ്പെയിനിൽ സ്ഥിരമായി ജോലിക്ക് 40 മിനിറ്റ് നേരത്തെ എത്തിയതിന് ജീവനക്കാരിയെ പിരിച്ചുവിട്ട് കമ്പനി. കമ്പനിയുടെ നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ജീവനക്കാരി കോടതിയെ സമീപിച്ചെങ്കിലും നടപടി ശരിയാണെന്ന് കോടതി വിധി.
ഓഫീസിൽ നേരത്തെ ജോലിക്ക് വന്ന് വൈകിപ്പോകുന്ന ആളുകളെ വളരെ നല്ല ജോലിക്കാരായിട്ടാണ് പല ഇന്ത്യൻ കമ്പനികളും കാണുന്നത്. എന്നാൽ, സ്പെയിനിൽ സ്ഥിരമായി ജോലിക്ക് നേരത്തെ എത്തുന്നതിന്റെ പേരിൽ ഒരു ജോലിക്കാരിയെ പിരിച്ചുവിട്ടതാണ് ഇപ്പോൾ വാർത്തയാവുന്നത്. എല്ലാ ദിവസവും രാവിലെ ഇവർ 40 മിനിറ്റ് നേരത്തെ ഓഫീസിൽ എത്തുമത്രെ. ഇങ്ങനെ, ഏകദേശം രണ്ട് വർഷത്തോളമാണ് യുവതി 40 മിനിറ്റ് നേരത്തെ ഓഫീസിൽ എത്തിക്കൊണ്ടിരുന്നത്.
പിന്നാലെ, ഈ ജീവനക്കാരിയെ കമ്പനി ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. എന്നാൽ, ജീവനക്കാരി തന്നെ പിരിച്ചുവിട്ട നടപടിയെ ചോദ്യം ചെയ്ത് കമ്പനിക്കെതിരെ കോടതിയിൽ പോയി. പക്ഷേ, കോടതി പറഞ്ഞത് തൊഴിലുടമ തെറ്റുകാരല്ല എന്നും യുവതിയെ പിരിച്ചുവിട്ട നടപടിയിൽ യാതൊരു പ്രശ്നവും ഇല്ല എന്നുമാണ്. 22 -കാരിയായ ജീവനക്കാരി ഏകദേശം രണ്ട് വർഷമായി 40 മിനിറ്റ് നേരത്തെ, അതായത് രാവിലെ 6.45 നും 7 -നും ഇടയിൽ, പലതവണ ഓഫീസിൽ എത്തിയിരുന്നു. രാവിലെ 7:30 -നാണ് ഇവരുടെ ഷിഫ്റ്റ് ആരംഭിക്കുന്നത്. അതിന് മുമ്പ് എത്തരുതെന്ന് അവരോട് പലതവണ ആവശ്യപ്പെട്ടിരുന്നു. നേരത്തെ എത്തിയാലും അവർക്ക് ഓഫീസിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നും ഉടമ പറയുന്നു.
പലതവണ, വാക്കാലും രേഖാമൂലവും യുവതിക്ക് കമ്പനിയിൽ നിന്നും മുന്നറിയിപ്പ് നൽകി. നേരത്തെ ഓഫീസിൽ എത്തരുത് എന്ന് എത്ര പറഞ്ഞിട്ടും യുവതി അതിന് തയ്യാറായില്ല. ചില ദിവസങ്ങളിൽ ഓഫീസിൽ എത്തുന്നതിന് മുമ്പ് തന്നെ കമ്പനി ആപ്പ് വഴി ലോഗിൻ ചെയ്യാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ഇങ്ങനെ കമ്പനിയുടെ നിയമങ്ങൾ ഒന്നും പാലിക്കാത്തതിനാലാണ് ജീവനക്കാരിയെ പിരിച്ചുവിടേണ്ടി വന്നത് എന്നാണ് തൊഴിലുടമ പറയുന്നത്. മറ്റ് ജീവനക്കാരും പറയുന്നത് സ്ഥിരമായി നേരത്തെ വന്ന് അവർ ടീം കോർഡിനേഷനെ ഇല്ലാതാക്കി എന്നാണ്. എന്തായാലും, സ്പെയിനിലെ അലികാന്റെ സോഷ്യൽ കോർട്ടിനെയാണ് ജീവനക്കാരി പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്തുകൊണ്ട് സമീപിച്ചത്. കോടതിയും പറഞ്ഞത് ജീവനക്കാരി നേരത്തെ വന്നത് സ്പാനിഷ് തൊഴിലാളി നിയമത്തിലെ ആർട്ടിക്കിൾ 54 -ന്റെ ലംഘനമാണ്, അതിനാൽ പിരിച്ചുവിട്ട നടപടിയിൽ തെറ്റില്ല എന്നാണ്.


