Asianet News MalayalamAsianet News Malayalam

ചത്തൊടുങ്ങി മനാറ്റികൾ, കാരണം ജലമലിനീകരണവും പട്ടിണിയും?

ഫെഡറൽ സർക്കാർ മനാറ്റിയുടെ നില 2017 -ൽ വംശനാശഭീഷണിയിൽ നിന്ന് ഭീഷണി നേരിടുന്നവയുടെ പട്ടികയിലേക്ക് മാറ്റിയിട്ടുണ്ട്. പക്ഷേ, കൂടുതൽ സംരക്ഷണം വീണ്ടും ആവശ്യമാണെന്ന് സംരക്ഷകർ പറയുന്നു. 

record number of manatees died
Author
Florida, First Published Jul 13, 2021, 10:09 AM IST

യുഎസ് സംസ്ഥാനമായ ഫ്ലോറിഡയില്‍ ഈ വര്‍ഷം ചത്തൊടുങ്ങിയത് ഡസന്‍ കണക്കിന് മനാറ്റികള്‍. പട്ടിണി മൂലമാണ് ഇവ മരിച്ചതെന്ന് വൈല്‍ഡ് ലൈഫ് അധികൃതര്‍ പറയുന്നു. ഈ സമുദ്ര സസ്തനികളിൽ 841 എണ്ണമെങ്കിലും കിഴക്കൻ സംസ്ഥാനത്തിനടുത്തുള്ള ജലത്തില്‍ ജനുവരി 1 -നും ജൂലൈ 2 -നും ഇടയിൽ മരിച്ചിട്ടുണ്ട്. അതിന് മുമ്പത്തെ വർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണിത്. 2013 -ലെ കണക്കനുസരിച്ച് 830 മനാറ്റികളാണ് ഇല്ലാതായത്. അപകടകരമായ ആൽഗകളുമായി സമ്പർക്കം പുലർത്തിയതാണ് ഇവയുടെ മരണത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്നു. 

record number of manatees died

ജലമലിനീകരണത്തെ തുടര്‍ന്ന് ഇവയുടെ ഭക്ഷണത്തിനായി ആശ്രയിക്കുന്ന സസ്യങ്ങളും മലിനീകരിക്കപ്പെട്ടു. ഇതാണ് പ്രധാനമായും ഇവയുടെ മരണത്തിന് കാരണമായത്. മലിനീകരണം ആൽഗകള്‍ വര്‍ധിക്കാനും ഭക്ഷണത്തിനായി ഇവ ആശ്രയിക്കുന്ന സസ്യങ്ങളില്ലാതെയാവാനും കടൽക്ഷോഭത്തിനും കാരണമായി. ഫ്ലോറിഡയിലെ ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞത്, തണുപ്പുള്ള മാസങ്ങളിലാണ് ഇവ കൂടുതലായും മരണമടഞ്ഞത്, ആ സമയത്താണ് ഇവ ഇന്ത്യന്‍ നദിയായ ലഗൂണിലേക്ക് കുടിയേറിയത് എന്നാണ്. ചൂട് കൂടിയ സമയത്ത് ഇവ അറ്റ്ലാന്‍റിക് തീരത്തേക്ക് പോയി. അതോടെ ബോട്ടുകളിലിടിച്ചതും ഇവയുടെ മരണത്തിന് കാരണമായി. ഈ വര്‍ഷം തന്നെ 63 മനാറ്റികളെങ്കിലും ബോട്ടിലിടിച്ച് മരിച്ചിട്ടുണ്ട്. 

ഫെഡറൽ സർക്കാർ മനാറ്റിയുടെ നില 2017 -ൽ വംശനാശഭീഷണിയിൽ നിന്ന് ഭീഷണി നേരിടുന്നവയുടെ പട്ടികയിലേക്ക് മാറ്റിയിട്ടുണ്ട്. പക്ഷേ, കൂടുതൽ സംരക്ഷണം വീണ്ടും ആവശ്യമാണെന്ന് സംരക്ഷകർ പറയുന്നു. ഫ്ലോറിഡയിലെ വെള്ളത്തില്‍ മാത്രം നിലവില്‍ 6300 മനാറ്റികള്‍ വസിക്കുന്നുണ്ട് എന്നാണ് കരുതുന്നത്. അടുത്തിടെ മറൈന്‍ ബയോളജിസ്റ്റുകളും നിയമനിര്‍മ്മാതാക്കളും മനാറ്റികളുടെ മരണത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും അവയ്ക്ക് കൂടുതൽ ശ്രദ്ധ നൽകുകയും ചെയ്യുന്നുണ്ട്. മാർച്ചിൽ വന്യജീവി ഉദ്യോഗസ്ഥർ അസാധാരണമാം വിധം ഇവ മരിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചു. ശേഷം സംസ്ഥാനവുമായി സഹകരിച്ച് മരണകാരണം അന്വേഷിക്കാൻ ഫെഡറൽ സർക്കാര്‍ പദ്ധതിയിടുന്നുണ്ട്. 

record number of manatees died

മനാറ്റികളുടെ അതിജീവനവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പരിസ്ഥിതി ഗ്രൂപ്പുകളുടെയും പ്രാദേശിക ബിസിനസുകളുടെയും ഒരു കൂട്ടായ്മ കഴിഞ്ഞ മാസം റിപ്പബ്ലിക്കൻ ഗവർണർ റോൺ ഡിസാന്റിസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആവശ്യമായ വിഭവങ്ങൾ ഇതിനകം തന്നെ ഉള്ളതിനാൽ ഇത്തരം ഉത്തരവ് അനാവശ്യമാണെന്ന് സംസ്ഥാന പരിസ്ഥിതി ഉദ്യോഗസ്ഥർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios