Asianet News MalayalamAsianet News Malayalam

Netherlands : പുതിയ ഡച്ച് മന്ത്രിസഭയില്‍ പകുതിയും സ്ത്രീകള്‍

മാര്‍ച്ചിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട് നാലാമതും അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 247 ദിവസത്തിനു ശേഷമാണ്, പുതിയ മന്ത്രിസഭയെക്കുറിച്ച് ധാരണയായത്. ഡസിംബറിലാണ് നാല് പാര്‍ട്ടികളുടെ സഖ്യം ഒന്നിച്ചു ഭരിക്കാനുള്ള തീരുമാനം എടുത്തത്.  ജനുവരി പത്തിനായിരിക്കും പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുക. 

record number of women in new Dutch council of ministers
Author
Netherlands, First Published Jan 3, 2022, 6:05 PM IST

പുതിയ ഡച്ച് മന്ത്രിസഭയില്‍ പകുതിയും സ്ത്രീകള്‍. തെരഞ്ഞെടുപ്പിനു ശേഷം രൂപം കൊണ്ട പുതിയ സഖ്യകക്ഷികള്‍ പുറത്തിറക്കിയ മന്ത്രിമാരുടെയും സ്‌റ്റേറ്റ് സെക്രട്ടറിമാരുടെയും പട്ടികയിലാണ് മുമ്പൊന്നുമില്ലാത്ത വിധമുള്ള സ്ത്രീകളുടെ സാന്നിധ്യം. ആകെ പുറത്തിറക്കിയ 29 പേരുടെ പട്ടികയില്‍ 14 പേരും സ്ത്രീകളാണ്.  20 മന്ത്രിമാരില്‍ 10 പേര്‍ സ്ത്രീകള്‍. 

മാര്‍ച്ചിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട് നാലാമതും അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 247 ദിവസത്തിനു ശേഷമാണ്, പുതിയ മന്ത്രിസഭയെക്കുറിച്ച് ധാരണയായത്. ഡസിംബറിലാണ് നാല് പാര്‍ട്ടികളുടെ സഖ്യം ഒന്നിച്ചു ഭരിക്കാനുള്ള തീരുമാനം എടുത്തത്.  ജനുവരി പത്തിനായിരിക്കും പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുക. 

ടര്‍ക്കിയിലെ അങ്കാറയില്‍ ജനിച്ച ഡിലന്‍ യെസില്‍ഗോസ് സെഗെരിയസ് ആണ് സുരക്ഷാ, നീതിന്യായ ചുമതലയുള്ള മന്ത്രിയാവുക. പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടിന്റെ പാര്‍ട്ടിക്കാരിയായ ഡിലന്‍ കുട്ടിക്കാലത്തേ നെതര്‍ലാന്റ്‌സില്‍ എത്തിയതാണ്. 

നിലവിലെ ആഭ്യന്തര മന്ത്രി കജ്‌സ ഒലോംഗാരനാണ് പുതിയ പ്രതിരോധ മന്ത്രി. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നുള്ള വോപ്‌കെ ഹോക്‌സ്ട്രയായിരിക്കും പുതിയ വിദേശകാര്യ മന്ത്രി. മുന്‍ ധനകാര്യമന്ത്രിയാണ് ഇവര്‍. 

അറബ് വംശജയായ മുന്‍ വിദേശകാര്യ മന്ത്രി സിഗ്‌രിദ് കാഗ് ആയിരിക്കും പുതിയ ധനകാര്യ മന്ത്രി. വിദേശ രാജ്യങ്ങളില്‍ അറിയപ്പെടുന്ന കാഗ് നേരത്തെ യു എന്നിന്റെ വിവിധ സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതാണ് പുതിയ സര്‍ക്കാറിന്റെ മുന്നിലുള്ള പ്രധാന കര്‍ത്തവ്യമെന്ന് നാലു പാര്‍ട്ടികളുടെ മുന്നണി പ്രസ്താവനയില്‍ വ്യക്തമാക്കി. സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കുക, ഭവനപദ്ധതികള്‍ പരിഷ്‌കരിക്കുക തുടങ്ങിയവയാണ് പുതിയ മന്ത്രിസഭയുടെ മുഖ്യപരിഗണനകളിലുള്ളത്. 

Follow Us:
Download App:
  • android
  • ios