ആദിത്യ അഗർവാൾ, അനീഷ് ലോഹാരുക. രണ്ടുപേരും കൊൽക്കത്തയിലെ അറിയപ്പെടുന്ന ബിസിനസ് കുടുംബങ്ങളിലെ ഇളമുറക്കാർ. 'പ്രാപ്തി' എന്നപേരിൽ ബുട്ടീക്കുകളുടെ ഒരു ശൃംഖല തന്നെയുണ്ട് നഗരത്തിൽ ആദിത്യയുടെ അച്ഛന്. അനീഷിന്റെ അച്ഛനോ  O2 എന്നപേരിൽ ലക്ഷ്വറി ഹോട്ടൽ ചെയിനും. വീട്ടിൽ പണത്തിനൊന്നും യാതൊരു പഞ്ഞവുമില്ല. എന്നാൽ, ഇരുവരും അവരുടെ കോളേജ് കാലത്തെ ഒരു വിനോദത്തിന്റെ പേരിൽ ഇന്ന് ചെന്നെത്തിയിരിക്കുന്നത് ക്രിമിനൽ കേസിൽ, പൊലീസ് കസ്റ്റഡിയിലാണ്. ചുരുങ്ങിയത് പത്തുവർഷമെങ്കിലും അകത്തുകിടക്കാവുന്ന കുറ്റമാണ് ഇരുവരും ചെയ്തിരിക്കുന്നത്. എന്തെന്നോ?  ഇവരോടൊപ്പമുള്ള ശാരീരിക ബന്ധത്തിന്റെ രഹസ്യ ക്യാമറാ ക്ലിപ്പുകൾ ഉപയോഗിച്ച് യുവതികളെ ഭീഷണിപ്പെടുത്തി പണം തട്ടുക. 

വളരെ യാദൃച്ഛികമായിട്ടാണ് പൊലീസ് ഇവരിലേക്ക് എത്തിപ്പെടുന്നത്. ഒരു കാരണവശാലും പിടിക്കപ്പെടാതിരിക്കാൻ പോന്നത്ര കരുതലോടെയാണ് ഇവർ തങ്ങളുടെ പദ്ധതികൾ നടപ്പിൽ വരുത്തിയിരുന്നത്. ആദ്യമൊക്കെ വെറുമൊരു രസത്തിനു ഷൂട്ട് ചെയ്തിരുന്ന ഈ ചൂടൻരംഗങ്ങൾ അവർ തങ്ങളുടെ ഒരു സീക്രട്ട് പോൺ ഷെയറിങ് ഗ്രൂപ്പിൽ മാത്രമാണ് പങ്കിട്ടിരുന്നതെങ്കിൽ രണ്ടുകൊല്ലം മുമ്പ് ആ ദൃശ്യങ്ങൾ ഉപയോഗിച്ച് പണം സമ്പാദിക്കാനും അവർ ഒരുങ്ങി. ഒന്നും രണ്ടും യുവതികളല്ല ഇവരുടെ കെണിയിൽ ഇങ്ങനെ കുടുങ്ങിയിരിക്കുന്നത്. 187 പേരാണ്..!

2013 -ൽ തങ്ങളുടെ പതിനേഴാം വയസ്സിൽ, കോളേജിൽ പഠിക്കുന്നകാലത്താണ് അവർ ഈ വിനോദത്തിലേക്ക് എത്തിപ്പെടുന്നത്.  ആദ്യം അവരുടെ സമ്പത്തും ശാരീരിക സൗന്ദര്യവും ഒക്കെ കാണിച്ച് കൂടെ പടിക്കുന്നവരെയും സോഷ്യൽ മീഡിയയിൽ പരിചയപ്പെടുന്നവരെയും ഒക്കെ കേറി പ്രേമിക്കും. അത് പതുക്കെ ശാരീരിക ബന്ധത്തിലേക്ക് നീട്ടും. യുവതികളുടെ ബന്ധപ്പെട്ട് ക്ലിപ്പ് എടുത്തുകഴിഞ്ഞാൽ, അധികം താമസിയാതെ അവരുമായി ബ്രേക്ക് അപ്പ് ആകും. എന്നിട്ട് കുറേക്കാലം ആ ക്ലിപ്പ് വളരെ പ്രൊഫഷണലായി സൂക്ഷിച്ചുവെക്കും. ആവശ്യത്തിന് സമയം പിന്നിട്ടു കഴിഞ്ഞാൽ, ആ ക്ലിപ്പ് അയച്ചു കൊടുക്കേണ്ടതും, യുവതികളെ വിളിക്കേണ്ടതും ഒക്കെ അനീഷിന്റെ കുക്കായ കൈലാഷ് യാദവ് എന്നയാളുടെ ചുമതലയാണ്. അയാൾ പിടിയിലായപ്പോൾ ലഭിച്ച ഒരൊറ്റ തെളിവിന്മേൽ പിടിച്ചു കയറിയാണ് പൊലീസ് ഈ യുവാക്കളുടെ അറസ്റ്റിലേക്ക് എത്തിയത്.

സ്വന്തം അശ്‌ളീല ക്ലിപ്പ് കൈയിലുണ്ട് എന്നും പറഞ്ഞ് അജ്ഞാതന്റെ ഫോൺവിളിവരുമ്പോൾ, ക്ലിപ്പിന്റെ സാമ്പിൾ വാട്ട്സാപ്പിൽ അയച്ചു കിട്ടുമ്പോൾ ഈ പെൺകുട്ടികൾ ആദ്യം തന്നെ വിളിക്കുന്നത് സ്വന്തം കാമുകന്മാരെത്തന്നെയാണ്. അവർ അങ്ങനെ ഒരു ക്ലിപ്പ് എടുത്തതായി അറിയില്ല എന്ന് നടിക്കും. ഈ പെൺകുട്ടിയുമായി ബ്രേക്ക് അപ്പ് ആയി മറ്റേതെങ്കിലും ബന്ധത്തിൽ ആയിട്ടുമുണ്ടാവും അപ്പോഴേക്കും അവർ. താമസിച്ച ഹോട്ടലിലോ മറ്റോ വെച്ച് മറ്റേതെങ്കിലും ആളുകൾ എടുത്തതാവും എന്ന് കരുതി ആ പെൺകുട്ടികൾ മാനഹാനി ഭയന്ന് ബ്ലാക്ക് മെയിലർ  ചോദിക്കുന്ന കാശുകൊടുത്തു ഒഴിവാക്കുകയായിരുന്നു ഇതുവരെ.  ഇങ്ങനെ ബ്ലാക്ക് മെയിൽ ചെയ്ത് ഓരോ യുവതികളിലും നിന്ന്, രണ്ടു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വാങ്ങിയിട്ടുണ്ട് കൈലാഷ് യാദവ് വഴി  ഇരുവരും.

കളി തുടങ്ങി ആറു വർഷങ്ങൾക്ക് ശേഷമാണ് പിടിവീഴുന്നത്. നവംബർ 2019 -ലാണ് ആദ്യമായി, ഒരു യുവതി തനിക്ക് ബ്ലാക്ക് മെയിൽ കോൾ വന്നപ്പോൾ ചെന്ന് പൊലീസിൽ പരാതിപ്പെടാൻ ധൈര്യം കാണിക്കുന്നത്. ആദിത്യയുടെ കാമുകിയായിരുന്നു ആ യുവതി. ആറുവർഷം മുമ്പ് ബ്രേക്ക് അപ്പ് ആയ ബന്ധമാണത്. അവരുടെ പരാതിയിന്മേൽ അന്വേഷണം തുടങ്ങിയ പൊലീസ് ഒടുവിൽ വാട്ട്സാപ്പ് സന്ദേശം വന്ന നമ്പർ ട്രേസ് ചെയ്തു. അപ്പോൾ അത് കൊൽക്കത്തയിൽ തന്നെ പലയിടത്തും ആക്റ്റീവ് ആയിരുന്നു. പരാതിപ്പെട്ട ഉടനെ തന്നെ പൊലീസ് യുവതിയെക്കൊണ്ട് ആദിത്യയെ വിളിച്ച് ഇതേപ്പറ്റി ചോദിപ്പിച്ചു. തനിക്ക് അങ്ങനെയൊരു ക്ലിപ്പിനെപ്പറ്റി അറിയില്ല എന്നയാൾ അപ്പോൾ തന്നെ മറുപടിയും പറഞ്ഞു.

അവിടെയാണ് പൊലീസിന്റെ അന്വേഷണ ബുദ്ധി പ്രവർത്തിക്കുന്നത്. ആ ദിവസങ്ങളിൽ കൊൽക്കത്തയിൽ ആക്റ്റീവ് ആയിരുന്ന നമ്പർ, അടുത്ത ദിവസം മുതൽ അവിടത്തെ ടവറുകളിൽ വരാതെയായി. പിന്നീട് ഒരു ദിവസത്തേക്ക് ഝാര്‍ഖണ്ഡിലെ ദിയോഗഡിൽ വെച്ചും ഒരിക്കൽ ആക്റ്റീവ് ആയി. അതോടെ ആദിത്യ ഇക്കാര്യത്തിൽ നിരപരാധിയല്ല എന്ന സംശയം പൊലീസിന് ശക്തമായി. എന്നാൽ ആദിത്യയുടെ അച്ഛന്റെ ബിസിനസ് ബന്ധങ്ങൾ കാരണം അത്ര എളുപ്പത്തിൽ കസ്റ്റഡിയിൽ എടുത്ത് അയാളെ ചോദ്യം ചെയ്യാനും പറ്റില്ലായിരുന്നു. അതുകൊണ്ട് കൂടുതൽ തെളിവുകൾക്കായി പൊലീസ് കാത്തു. 

ഏൽപ്പിച്ച ജോലിയോട് കുക്ക് യാദവ് കാണിച്ച ആത്മാർത്ഥതയും, അതിൽ പാലിച്ച തികഞ്ഞ പ്രൊഫഷണലിസവുമാണ് ഒടുവിൽ മുതലാളിമാർക്ക് വിനയായത്. ആ വാട്ട്സാപ്പ് നമ്പർ ട്രേസ് ചെയ്തു ചെന്ന പൊലീസ് താമസിയാതെ കൈലാഷ്‌ യാദവിനെ അയാളുടെ  ഝാര്‍ഖണ്ഡിലെ വീട്ടിൽ വെച്ച് പൊക്കി. അവിടെ വെച്ച്  കണ്ടെടുത്ത ഹാർഡ് ഡിസ്‌കിൽ കഴിഞ്ഞ ഏഴുകൊല്ലത്തെ ആദിത്യയുടേയും അനീഷിന്റെയും ലീലാവിലാസങ്ങളുടെ ക്ലിപ്പുകൾ നല്ല വൃത്തിക്ക് ആർക്കൈവ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. രണ്ടേ രണ്ടു ഫോൾഡറുകളാണ് ആ ഹാർഡ് ഡിസ്‌കിൽ ഉണ്ടായിരുന്നത്. ഒന്നിന്റെ പേര്, ആദിത്യയുടെ ഗേൾഫ്രണ്ട്സ് എന്നായിരുന്നു. രണ്ടാമത്തേതിന്റെ പേരോ അനീഷിന്റെ ഗേൾഫ്രണ്ട്സ്  എന്നും. രണ്ടിലും, ശേഖരിച്ചിരുന്ന വിവരങ്ങൾ കണ്ട പൊലീസ് ആകെ ഞെട്ടിത്തരിച്ചിരുന്നു പോയി.  ഓരോ ഫോൾഡറിലും പിന്നീട് യുവതികളുടെ പേരുകളിലാണ് സബ് ഫോൾഡറുകൾ. അതിനുള്ളിൽ അവരുടെ പ്രായം, അവരുമായി നടത്തിയ സംഭാഷണങ്ങളുടെ സ്റ്റാറ്റസ്. വാട്ട്സ്ആപ്പ് സ്‌ക്രീൻ ഷോട്ടുകൾ, സാമ്പത്തിക കൈമാറ്റങ്ങളുടെ വിവരങ്ങൾ. അവരുമായുള്ള ലൈംഗിക ബന്ധങ്ങളുടെ ലഭ്യമായ ക്ലിപ്പിംഗുകൾ ഒക്കെ നല്ല വൃത്തിക്ക് അടുക്കിയടുക്കി സൂക്ഷിച്ചിരിക്കുന്നു. 

അതോടെ യാദവും, ബിസിനസ് കുമാരന്മാരുമായുള്ള ബന്ധം പോലീസിനുമുന്നിൽ തെളിവുസഹിതം തുറന്നുകിട്ടി. യുവതിയോട് പരാതിപ്പെടാൻ പൊലീസ് പറഞ്ഞെങ്കിലും, അവർ അതിന് ആദ്യം തയ്യാറായിരുന്നില്ല. കാരണം, ആദിത്യയുമായി ബന്ധപ്പെട്ട കാലത്ത് യുവതിക്ക് പ്രായപൂർത്തി ആയിരുന്നില്ല. ഇപ്പോൾ, അവർ മറ്റൊരാളുമായി വിവാഹിതയുമാണ്. അതിനാൽ, ഈ കേസിന്റെ പേരിൽ തന്റെ ബന്ധം തകരുമോ എന്ന ഭയത്താൽ അവർ പരാതിപ്പെടാൻ തയ്യാറായില്ല. എന്നാൽ, പൊലീസ് ഇരുവരും നടത്തിയ റാക്കറ്റിന്റെ വിശദവിവരങ്ങൾ ബോധ്യപ്പെടുത്തി, ഇനിയെങ്കിലും ഔപചാരികമായ ഒരു പരാതിയിന്മേൽ നടപടി എടുത്തില്ലെങ്കിൽ, ഭാവിയിൽ ഇനിയും തുലയാൻ പോകുന്ന ജീവിതങ്ങളെപ്പറ്റി അവരെ പറഞ്ഞു മനസ്സിലാക്കിയപ്പോൾ യുവതി വഴങ്ങി. അങ്ങനെ രേഖാമൂലം ആദിത്യക്കെതിരായ പരാതി പൊലീസിന് കിട്ടി. അതിന്മേൽ അന്വേഷണം നടത്തി, തെളിവുസഹിതം നടപടി എടുത്ത പൊലീസ് രണ്ടു യുവാക്കളെയും പൂട്ടി. 

രണ്ടു യുവാക്കളുടെയും ധനികരായ മാതാപിതാക്കൾ തങ്ങളുടെ മക്കളെ കേസിൽ നിന്ന് ഊരിയെടുക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കേസ് കോടതി കയറുക തന്നെ ചെയ്തു. ഇന്ന്, ഇരുവർക്കും വേണ്ടി കോടതിയിൽ എല്ലാ ലൂപ്പ്ഹോൾസും പയറ്റുന്നതിനായി രംഗത്തുള്ളത് 22 പ്രഗത്ഭരായ ക്രിമിനൽ അഭിഭാഷകരടങ്ങുന്ന ഒരു പാനൽ തന്നെയാണ്. എന്നാലും, ഐടി ആക്ട്, ഇന്ത്യൻ പീനൽ കോഡിലെ ബ്ലാക്ക്‌മെയിലിങ്, ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, സൈബർ ക്രൈം വകുപ്പുകൾ തുടങ്ങി സാധ്യമായ എല്ലാ വകുപ്പുകളും ചാർത്തിക്കൊണ്ട്, തങ്ങളുടെ പക്കലുള്ള ശക്തമായ തെളിവുകൾ നിരത്തി, പഴുതടച്ചുള്ള ഒരു കുറ്റപത്രം തന്നെ സമർപ്പിച്ചിട്ടുള്ളതിനാൽ അങ്ങനെ എളുപ്പത്തിൽ കേസിനെ അട്ടിമറിക്കാൻ സാധിക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത പൊലീസ്.