ലോകത്ത് എത്ര രാജ്യങ്ങളുണ്ട്? പിഎസ്‌സിയുടെ പരീക്ഷകൾക്കായി ഈ ചോദ്യത്തിനുത്തരം 193 + 2 എന്ന് പഠിച്ചുവെച്ചവർ ആരെങ്കിലുമുണ്ടെങ്കിൽ, അടുത്ത രണ്ടാഴ്ചത്തേക്ക് പത്രം ഒന്ന് ഇരുത്തി വായിക്കുന്നത് നല്ലതാണ്. കാരണം, കഴിഞ്ഞ ഇരുപതു വർഷങ്ങളായി പാപ്പുവ ന്യൂഗിനി എന്ന രാജ്യത്ത് പുകഞ്ഞുകൊണ്ടിരുന്ന ഒരു ചോദ്യം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുന്ന ഹിതപരിശോധനയിൽ തീർപ്പാകും. പാപ്പുവ ന്യൂഗിനിയുടെ തീരത്തുനിന്ന് 700 കിലോമീറ്റർ അകലെയായി സോളമൻ സിയിൽ 'ബോഗെയ്ൻവില്ല' എന്ന പേരിൽ ഒരു ദ്വീപസമൂഹമുണ്ട്.  അവിടെ അധിവസിക്കുന്ന ജനത ഈ ശനിയാഴ്ച ഒരു ഹിതപരിശോധനയിലൂടെ കടന്നുപോകും. പാപ്പുവ ന്യൂഗിനിയിൽ നിന്ന് വേർപെട്ട്, ലോകത്തിലെ ഏറ്റവും പുതിയ രാജ്യമായി മാറേണ്ടതുണ്ടോ, ഇല്ലയോ എന്നതാണ് ചോദ്യം.


കഴിഞ്ഞ ഇരുപതു വർഷത്തോളമായി ബോഗെയ്ൻവിൽ ദീപുകളിൽ ആഭ്യന്തരയുദ്ധങ്ങളാണ്. പതിനെട്ടുവർഷം മുമ്പ് പാപ്പുവ ന്യൂഗിനി എന്ന രാജ്യം, അന്ന് രണ്ടുലക്ഷത്തോളം പേരുണ്ടായിരുന്ന ബോഗെയ്ൻവില്ലിന് ഒരു വാഗ്ദാനം നൽകുകയുണ്ടായി. ബോഗെയ്ൻവില്ലയുടെ ഭാവി എന്തെന്ന് അവിടെ താമസിക്കുന്നവർക്ക് ഹിതപരിശോധനയിലൂടെ തീരുമാനിക്കാമെന്ന്. അതിനുശേഷം നിരവധി വർഷങ്ങൾ കടന്നുപോയി. ആ വാക്കുമാത്രം നിറവേറപ്പെട്ടില്ല. ഹിതപരിശോധനയുടെ ഫലം പ്രഖ്യാപിക്കപ്പെടുക ഡിസംബർ ആദ്യവാരത്തോടെ ആയിരിക്കുമെങ്കിലും, അതെന്തായിരിക്കും എന്ന കാര്യത്തിൽ ആർക്കും ഒരു തരിപോലും സംശയമില്ല. തൊണ്ണൂറുശതമാനത്തിലധികം പേരും പുതിയൊരു രാജ്യം വേണം എന്നാണ് പറഞ്ഞിരിക്കുന്നതത്രെ.

വിവാദത്തിന് കാരണം സ്വർണ്ണം, ചെമ്പ്, അതിന്റെ പേരിൽ നടന്ന യുദ്ധങ്ങൾ

ദ്വീപസമൂഹത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഖനിയാണ് ഇവിടത്തെ സകല പ്രശ്നങ്ങൾക്കും കാരണം. പാൻഗുന ഖനി എന്നാണ് അതിന്റെ പേര്. സ്വർണത്തിന്റെയും ചെമ്പിന്റെയും ഒരു അക്ഷയശേഖരം തന്നെ അവിടെയുണ്ട്. പാപ്പുവ ന്യൂഗിനി എന്ന സംസ്ഥാനത്തിന്റെ കയറ്റുമതിവരുമാനത്തിന്റെ 45 ശതമാനവും 1972 -ൽ പ്രവർത്തനമാരംഭിച്ച ഈ ഖനിയിൽ നിന്നാണ് വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, ബോഗെയ്ൻവിൽ പുതിയൊരു രാജ്യമായാൽ, അത് സാമ്പത്തികമായി പാപ്പുവ ന്യൂഗിനിക്ക് ഏൽപ്പിക്കാൻ പോകുന്നത് വൻ ആഘാതമായിരിക്കും. 1975 -ൽ പാപ്പുവാ ന്യൂഗിനി ഓസ്‌ട്രേലിയയിൽ നിന്ന് വേർപെട്ട അന്നുതൊട്ടേ തന്നെ ബോഗെയ്ൻവിൽ നിവാസികൾ അവനവനോട് തന്നെ ചോദിക്കുന്ന ചോദ്യം ഇതായിരുന്നു, "പാപ്പുവ ന്യൂഗിനിയുടെ കൂടെ പോകാതെ വേറിട്ടുതന്നെ നിന്നുകൂടെ..? " കാരണം, അവിടെ നിന്ന് കുഴിച്ചെടുക്കുന്ന സമ്പത്തത്രയും ചെലവിട്ടിരുന്നത് അങ്ങ് പാപ്പുവ ന്യൂഗിനിയുടെ ക്ഷേമത്തിനായിരുന്നു. കോടികൾ വിലവരുന്ന ലോഹ അയിരുകൾ കുഴിച്ചെടുത്ത് കൊടുത്തയച്ചുകൊണ്ടിരുന്നിട്ടും, അവഗണനയുടെ പടുകുഴിയിലാണ് ഇത്രയും കാലം ബോഗെയ്ൻവിൽ നിവാസികൾ കഴിഞ്ഞുകൂടിയിരുന്നത്.

1988 -ലാണ് ആദ്യമായി പ്രശ്നങ്ങൾ പുകഞ്ഞുതുടങ്ങുന്നത്. ബോഗെയ്ൻവില്ലയിൽ നിന്ന് ബോഗെയ്ൻവിൽ റെവലൂഷണറി ആർമി(BRA)യുടെ നേതൃത്വത്തിൽ വിമതസ്വരങ്ങൾ ഉയർന്നതോടെ പാപ്പുവയിൽ നിന്നുള്ള പട്ടാളം അതിനെ അടിച്ചമർത്താൻ വന്നിറങ്ങി. അവർക്കിടയിലെ ഉരസലുകൾ തുറന്ന യുദ്ധത്തിലേക്ക് വഴിമാറി. അന്ന് ദ്വീപിലെ പത്തുശതമാനം പേരും കൊല്ലപ്പെട്ടു. 1997 -ൽ യുദ്ധത്തിന് വിരാമമായി. താമസിയാതെ ബോഗെയ്ൻവിൽ പീസ് എഗ്രിമെന്റ് എന്ന  പേരിൽ ഒരു ഉടമ്പടി ഒപ്പുവെക്കപ്പെട്ടു. 2020 -ൽ ആദ്യത്തെ പരമാധികാര ബോഗെയ്ൻവില്ലൻ ഗവണ്മെന്റ് നിലവിൽ വരും എന്നാണ് കരുതപ്പെടുന്നത്.


ഇത്തരത്തിൽ ഒരു ഹിത പരിശോധന നടത്തുക എന്നത് ഏറെ ദുഷ്കരമായ ഒരു ജോലിയാണ്. ബോഗെയ്ൻവില്ലിലേക്ക് കാടും മേടും കയറിയിറങ്ങി ഏറെക്കുറെ കുറ്റമറ്റ ഒരു വോട്ടേഴ്‌സ് ലിസ്റ്റ് ഉണ്ടാക്കി. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഹിതപരിശോധനയ്ക്ക് ശനിയാഴ്ച തുടക്കമാകും. ആകെ 829 വോട്ടിങ് കേന്ദ്രങ്ങളാണ് ഉണ്ടാവുക. കൂടുതൽ  സ്വയംഭരണാവകാശം വേണോ അതോ പാപ്പുവാ ന്യൂഗിനിയയിൽ നിന്ന് വേറിട്ട് മറ്റൊരു രാജ്യം തന്നെ ആവേണ്ടതുണ്ടോ എന്നതാണ് ഹിതപരിശോധനയിൽ ചോദ്യം.നാട്ടിൽ സംഘർഷാവസ്ഥയായപ്പോൾ പൂട്ടിയിട്ടതാണ് പാൻഗുന ഖനി. ബോഗെയ്ൻവില്ലയിൽ പറയത്തക്ക മറ്റു വരുമാനസ്രോതസ്സുകളൊന്നും തൽക്കാലമില്ല. അതുകൊണ്ടുതന്നെ, പാപ്പുവാ ന്യൂ ഗിനിയിൽ നിന്ന് വേർപെട്ടുകഴിഞ്ഞാൽ പിന്നെ എങ്ങനെ ബോഗെയ്ൻവിൽ എന്ന പുത്തൻ രാജ്യം പിച്ചവെച്ചു തുടങ്ങും എന്നാണ് ചിലരെങ്കിലും ചോദിക്കുന്നത്.ഹിതപരിശോധനയുടെ ഫലം പാപ്പുവാ ന്യൂ ഗിനിക്ക് എതിരാണെങ്കിൽ അവർ എങ്ങനെ പ്രതികരിക്കും എന്ന കാര്യത്തിലും ആശങ്കകളുണ്ട്. എന്നിരുന്നാലും, ഹിതപരിശോധന പുതിയ രാജ്യത്തിൻറെ രൂപീകരണത്തിന് അനുകൂലമായാൽ, അതോടെ വഴി തുറക്കാൻ പോകുന്നത് ഈ ലോകത്തിലേക്ക് പുതിയൊരു രാജ്യത്തിൻറെ കടന്നുവരവിലേക്കാകും.