Asianet News MalayalamAsianet News Malayalam

കര്‍ഷകന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നു ഈ രാജ്യത്ത്!

ദേശീയ കര്‍ഷക ദിനം ഓര്‍മിപ്പിക്കുന്നത്...

remembering former PM Chaudhary Charan Singh on National farmers day
Author
Thiruvananthapuram, First Published Dec 23, 2019, 4:45 PM IST

കര്‍ഷകര്‍ക്കായി ദേശീയതലത്തില്‍ ഒരു ദിവസമുണ്ട്. അതാണ് ഡിസംബര്‍ 23. കര്‍ഷക കുടുംബത്തില്‍ ജനിച്ച് മുഖ്യമന്ത്രിയായും പിന്നീട് ആഭ്യന്തര മന്ത്രിയായും ധനമന്ത്രിയായും ഉപപ്രധാനമന്ത്രിയായും ഒടുവില്‍ പ്രധാനമന്ത്രിപദം വരെയും അലങ്കരിച്ച സാധാരണക്കാരനായ ചൗധരി ചരണ്‍ സിങ്ങിന്റെ ജന്മദിനമാണ് ദേശീയ കര്‍ഷക ദിനമായി ആചരിക്കുന്നത്.

1902 ഡിസംബര്‍ 23 ന് ഉത്തര്‍പ്രദേശിലെ ബുലുന്ദ് ശഹര്‍ (ഇപ്പോള്‍ ഗാസിയാബാദ്) എന്ന ജില്ലയിലെ നൂപുര്‍ പട്ടണത്തിലാണ് ഇദ്ദേഹം ജനിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരായിരുന്നു ഇദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍.

ആരായിരുന്നു ചൗധരി ചരണ്‍സിങ്ങ്?

കര്‍ഷക നേതാവായിരുന്നു ചൗധരി. വളരെക്കുറഞ്ഞ കാലത്തേക്ക് മാത്രം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. കൃത്യമായി പറഞ്ഞാല്‍ ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി. 1979 ജൂലൈ 28 മുതല്‍ 1980 ജനുവരി 14 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലം.

കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കായി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. അവരുടെ അവകാശങ്ങള്‍ക്കായി പോരാടുകയും ചെയ്തു. ചോട്ടു രാം എന്ന കര്‍ഷക നേതാവിന്റെ ആശയങ്ങളുടെ ചുവടുപിടിച്ച് 1978 ഡിസംബര്‍ 23 ന് അദ്ദേഹം തന്റെ എഴുപത്തിയാറാമത്തെ വയസില്‍ കിസാന്‍ ട്രസ്റ്റ് രൂപവത്കരിച്ചു.

ഗ്രാമീണജനങ്ങള്‍ക്കിടയില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പറ്റി ബോധവത്ക്കരണം നടത്താനായിരുന്നു ഇത്തരം ഒരു സഭയ്ക്ക് രൂപം നല്‍കിയത്.

ഇത്തരം ഒരു ദിവസമാണ് ചൗധരി ചരണ്‍ സിങ്ങ് രാജ്യത്തിന് നല്‍കിയ രണ്ടു പ്രധാനപ്പെട്ട സംഭാവനകള്‍ ഓര്‍ക്കാന്‍ അനുയോജ്യമായത്. ഗാന്ധിജിയുടെ ആശയങ്ങളാല്‍ പ്രചോദിതനായി രാജ്യത്തിന്റെ വികസനത്തിന് വേണ്ടി പുതിയ മോഡല്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ജവഹര്‍ ലാല്‍ നെഹ്റുവിന്റെയും ആദ്യത്തെ ആസൂത്രണ കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന മഹലനോബിസിന്റെയും തീരുമാനങ്ങളെ ചോദ്യം ചെയ്തായിരുന്നു ഇത്തരം വികസനരൂപരേഖയുണ്ടാക്കാന്‍ ചരണ്‍ സിങ്ങ് ശ്രമിച്ചത്. അതുപോലെ തന്നെ രാജ്യത്തിലെ തിരഞ്ഞെടുപ്പ് നയങ്ങളുടെ ഭാഗമായി കര്‍ഷകരുടെ പ്രശ്നങ്ങളും ഉള്‍പ്പെടുത്താന്‍ തുടങ്ങിയത് ഇദ്ദേഹത്തിന്റെ പോരാട്ടത്തിലൂടെയാണ്.

കര്‍ഷകന്‍ എന്നറിയപ്പെടാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. ജാതിയേക്കാള്‍ കര്‍ഷകസമൂഹത്തിനായിരുന്ന പ്രാധാന്യം നല്‍കിയത്. പലതരത്തിലും കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാനും സ്വയം പര്യാപ്തരാക്കാനും അദ്ദേഹം ശ്രമിച്ചു.

കര്‍ഷകരുടെ പ്രശ്നങ്ങളെപ്പറ്റിയും അവരുടെ ജീവിതമാര്‍ഗം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് ചരണ്‍ സിങ്ങ് നിരവധി പുസ്തകങ്ങള്‍ എഴുതി. 1979 ലെ ബജറ്റില്‍ കര്‍ഷകര്‍ക്കായുള്ള നിരവധി സംരംഭങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. സമീന്ദാരി ഉന്‍മൂലന നിയമംഅദ്ദേഹം നടപ്പിലാക്കുകയും ചെയ്തു.

നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്ത അദ്ദേഹം ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. നെഹ്റുവിന്റെ കാര്‍ഷികനയങ്ങളെ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്.റഷ്യയിലെ കൂട്ടുകൃഷി സമ്പ്രദായം ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത് ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു. എന്നാല്‍ ചരണ്‍സിങ്ങ് ഈ നടപടിക്ക് എതിരായി പ്രവര്‍ത്തിച്ചു. 1960 ല്‍ അദ്ദേഹം രൂപം നല്‍കിയതാണ് ജാട്ട്-മുസ്ലീം കര്‍ഷക മുന്നണി. പിന്നീട് ഭാരതീയ ക്രാന്തി ദളായി രൂപാന്തരം പ്രാപിച്ചത് ഈ മുന്നണിയാണ്. 1967 ല്‍ അദ്ദേഹം ഉത്തരേന്ത്യയില്‍ അധികാരത്തിലെത്തി. 1970 ലും ഉത്തര്‍പ്രദേശില്‍  മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസമനുഭവിച്ചു. കലപ്പയേന്തിയ കര്‍ഷകന്‍ ഇദ്ദേഹത്തിന് അനുഭാവമുള്ള പാര്‍ട്ടിയുടെ ചിഹ്നമായിരുന്നു.1979ല്‍ ജനതാപാര്‍ട്ടി പിളര്‍ന്നപ്പോള്‍ രൂപീകൃതമായതാണ് ജനതാപാര്‍ട്ടി (സെക്കുലര്‍). ഈ പാര്‍ട്ടിയുടെ പ്രതിനിധിയായാണ് അദ്ദേഹം പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നത്.

കാര്‍ഷികം, ഗ്രാമീണജനതയുടെ സാമ്പത്തിക ശാസ്ത്രം എന്നിവയെക്കുറിച്ച് ധാരാളം വായിച്ചറിഞ്ഞും അനുഭവത്തിലൂടെയും ഉണ്ടാക്കിയ അറിവാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്ക് ആധാരം.

കര്‍ഷക ദിനാചാരണം

കര്‍ഷക ദിനത്തില്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ്,ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലുള്ള കര്‍ഷകര്‍ക്കായി നിരവധി ചര്‍ച്ചകളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരുമായി കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും നിര്‍ദേശങ്ങളും പരിഹാരമാര്‍ഗങ്ങളും കണ്ടെത്താനുമുള്ള വേദിയാണ് കര്‍ഷകദിനത്തില്‍ നല്‍കുന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കേണ്ട വിധത്തെക്കുറിച്ചും ശാസ്ത്രീയമായ കൃഷിരീതികളെക്കുറിച്ചുമുള്ള അറിവ് കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നു.

രാജ്യത്തിന്റെ നട്ടെല്ല് തന്നെ കര്‍ഷകരാണ്. നാടിന്റെ സാമ്പത്തിക പുരോഗതിക്കായി സംഭാവന നല്‍കുന്നവരാണ് കര്‍ഷകര്‍. അതുകൊണ്ടുതന്നെ ദേശീയ കര്‍ഷക ദിനാചരണം രാജ്യത്തെ മുഴുവന്‍ കര്‍ഷകരെയും കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കണമെന്ന ഓര്‍മപ്പെടുത്തലാണ് നല്‍കുന്നത്. നിരവധി കഷ്ടപ്പാടുകള്‍ സഹിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷിക്കാനാവശ്യമായ വിളകളുണ്ടാക്കുന്ന കര്‍ഷകരെ സഹായിക്കാനും അഭിനന്ദിക്കാനും നാം മറക്കരുത്.

Follow Us:
Download App:
  • android
  • ios