'പല കെട്ടിടം ഉടമകൾക്കും മറ്റൊരു വരുമാനത്തിന്റെ ആവശ്യം പോലും ഇല്ല. എന്നിട്ടും ഇങ്ങനെ വാടക കൂട്ടിക്കൊണ്ടിരിക്കുകയാണ്.'
ബെംഗളൂരു അതിവേഗത്തിൽ തിരക്കുള്ളൊരു നഗരമായി മാറിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ ഇവിടെ വാടകയും കുതിക്കുകയാണ്. ഈ വാടകയെ വിമർശിച്ചുകൊണ്ട് അനേകം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ കാണാം. അങ്ങനെയുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. റെഡ്ഡിറ്റിൽ വൈറലായി കൊണ്ടിരിക്കുന്ന പോസ്റ്റിൽ കൊവിഡിന് ശേഷം വാടക കുത്തനെ ഉയർന്നിരിക്കുകയാണ് എന്നും അത്യാഗ്രഹികളായ വീട്ടുടമകളാണ് ഇതിന് കാരണം എന്നുമാണ് പറയുന്നത്.
'ബാംഗ്ലൂരിലെ ഫ്ലാറ്റുടമകൾ അത്യാഗ്രഹികളാണ്' എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്നത്. താൻ 2012 മുതൽ ബെംഗളൂരുവിൽ താമസിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യം മാത്രമുള്ള അപ്പാർട്ടുമെന്റുകൾക്ക് പോലും ഇപ്പോൾ 50,000 വരെയാണ് വാടക നൽകേണ്ടി വരുന്നത് എന്നാണ് യുവാവ് പറയുന്നത്.
'ഡിമാൻഡും സപ്ലൈയും എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് തനിക്ക് മനസ്സിലാകും. പക്ഷേ, തനിക്ക് ശരിക്കും നിരാശ തോന്നുന്നു. ഏറ്റവും അടിസ്ഥാനസൗകര്യങ്ങൾ മാത്രമുള്ള വീടിന് പോലും 50,000 രൂപയാണ് വാടക, എന്തിന്' എന്നാണ് യുവാവിന്റെ ചോദ്യം.
'പല കെട്ടിടം ഉടമകൾക്കും മറ്റൊരു വരുമാനത്തിന്റെ ആവശ്യം പോലും ഇല്ല. എന്നിട്ടും ഇങ്ങനെ വാടക കൂട്ടിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും ഇത്രയും വാടക ഈടാക്കുന്നുണ്ട്. വാടകക്കാർ അത് നൽകാനൊരുക്കവുമാണ്. പിന്നെ ഞാനായിട്ടെന്തിന് കുറഞ്ഞ വാടക ഈടാക്കണം' എന്നാണ് കെട്ടിടം ഉടമകൾ ചോദിക്കുന്നത് എന്നും യുവാവ് പറയുന്നു.
പണപ്പെരുപ്പത്തെ കുറിച്ച് ഒരേ സമയം പരാതി പറയുകയും അതേസമയം തന്നെ അതിന്റെ ഫലം നേടുകയും ചെയ്യുന്ന വിരോധാഭാസമായിട്ടാണ് യുവാവ് ഇതിനെ ചൂണ്ടിക്കാണിക്കുന്നത്. 'ആരും തങ്ങളുടെ ശമ്പളത്തിന്റെ പകുതിയും വാടകയ്ക്ക് നൽകാനോ അല്ലെങ്കിൽ നഗരത്തിൽ നിന്നും മാറി നാല് മണിക്കൂർ ദിവസവും താമസസ്ഥലത്തേക്ക് യാത്ര ചെയ്യാനോ ആഗ്രഹിക്കുന്നില്ല. മറ്റ് മാർഗങ്ങളില്ലാഞ്ഞിട്ടാണ് ഇത് ചെയ്യേണ്ടി വരുന്നത്' എന്നും യുവാവ് കുറിച്ചു. നിരവധിപ്പേരാണ് യുവാവ് പറഞ്ഞത് സത്യമാണ് എന്ന് സമ്മതിച്ചിരിക്കുന്നത്.
