ദില്ലി: പ്രമുഖ വാര്‍ത്താ അവതാരകന്‍ അര്‍ണബ് ഗോസ്വാമിയുടെ പ്രശസ്തമായ പ്രയോഗം 'നാഷന്‍ വാണ്ട്‌സ് റ്റു നോ' അദ്ദേഹത്തിനും റിപ്പബ്‌ളിക് ടിവിക്കും ഉപയോഗിക്കാമെന്ന് കോടതി. തങ്ങളുടെ ടാഗ് ലൈന്‍ ഉപയോഗിക്കുന്നതില്‍നിന്നും റിപ്പബ്‌ളിക് ടി വിയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ടൈംസ് ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദില്ലി ഹൈക്കോടതിയുടെ വിധി. ടൈംസ് നൗ ഉടമകളായ ബെന്നറ്റ് കോള്‍മാന്‍ ആന്റ് കമ്പനിയുടെ ആവശ്യം തള്ളിയ ജസ്‌ററിസ് ജയന്ത് നാഥിന്റെ ബെഞ്ച് 'നാഷന്‍ വാണ്ട്‌സ് റ്റു നോ' എന്ന ടാഗ്‌ലൈന്‍ അര്‍ണാബിന് ഉപയോഗിക്കാമെന്ന് വ്യക്തമാക്കി. 

തങ്ങളുടെ വാര്‍ത്താപരിപാടിയുടെ പേരായ 'ന്യൂസ് അവര്‍', ടാഗ് ലൈനായ നാഷന്‍ വാണ്ട്‌സ് റ്റു നോ എന്നിവ ഉപയോഗിക്കുന്നതില്‍നിന്ന് റിപ്പബ്ലിക് ചാനലിനെയും അര്‍ണാബിനെയും സ്ഥിരമായി തടഞ്ഞ് ഉത്തരവ് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ടാണ് ടൈംസ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഇക്കാര്യം പരിശോധിച്ച കോടതി 'ന്യൂസ് അവര്‍'എന്ന പേരോ സമാനമായ പേരുകളോ ഉപയോഗിക്കുന്നതില്‍നിന്നും റിപ്പബ്ലിക് ടിവിയെ വിലക്കി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍, 'നാഷന്‍ വാണ്ട്‌സ് റ്റു നോ' എന്ന ടാഗ്‌ലൈന്‍ റിപ്പബ്ലിക് ടിവിക്കും അര്‍ണാബിനും ഉപയോഗിക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തു.  'നാഷന്‍ വാണ്ട്‌സ് റ്റു നോ' എന്ന ടാഗ്‌ലൈനിന്റെ കാര്യത്തില്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നതിന് വിശദമായ പരിശോധന ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.  

ടൈംസ് നൗ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന അര്‍ണബ് 2016-ല്‍ അവിടെനിന്നും രാജിവെച്ച് റിപ്പബ്ലിക് ടി വി ആരംഭിച്ചതിനെ തുടര്‍ന്നാണ് ഇരു ചാനലുകളും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. അര്‍ണബ് വാര്‍ത്താ മേധാവി ആയിരിക്കെ, 2006-ലാണ് ടൈംസ് നൗവില്‍ ന്യൂസ് അവര്‍ പരിപാടി ആരംഭിച്ചത്. അന്നു മുതല്‍ 
പരിപാടിയുടെ ടാഗ്ലൈന്‍ നാഷന്‍ വാണ്ട്‌സ് റ്റു നോ എന്നതായിരുന്നു. 2014-ല്‍ ന്യൂസ് അവര്‍ എന്ന പരിപാടിയുടെ പേര് ടൈംസ് നൗ കോപ്പി റൈറ്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു. 

റിപ്പബ്ലിക് ചാനല്‍ അര്‍ണബ് ന്യൂസ് അവര്‍ എന്ന പേരില്‍ വാര്‍ത്താ പരിപാടി ആരംഭിക്കുകയും നാഷന്‍ വാണ്ട്‌സ് റ്റു നോ എന്ന ടാഗ് ലൈന്‍ ഉപയോഗിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ടൈംസ് ഗ്രൂപ്പ് കോടതിയെ സമീപിച്ചത്. 

ന്യൂസ് അവര്‍ എന്ന പേരും 'നാഷന്‍ വാണ്ട്‌സ് റ്റു നോ' എന്ന ടാഗ് ലൈനും തങ്ങളുടെ എഡിറ്റോറിയല്‍ ടീം ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനിച്ചതാണെന്നും ന്യൂസ് അവറിന്റെെ തുടക്കം മുതല്‍ ടാഗ് ലൈന്‍ ഉപയോഗിച്ചു വരുന്നതാണെന്നും ടൈംസ് നൗ കോടതിയില്‍ പറഞ്ഞു. തങ്ങളുടെ പ്രേക്ഷകരെ വഴിതെറ്റിക്കുന്നതാണ് റിപ്പബ്്‌ളിക് ടിവിയുടെ നടപടിയെന്നും ടൈംസ് ഗ്രൂപ്പ് അഭിഭാഷകന്‍ വ്യക്തമാക്കി. 

എന്നാല്‍, ഇരു ചാനലുകളുടെയും പ്രേക്ഷകര്‍ കാര്യങ്ങള്‍ അറിയാവുന്നവരും സാക്ഷരരുമാണെന്നും ഈ പേരിനെയും വാചനകത്തെയും കുറിച്ച് ഒരു ആശയക്കുഴപ്പവും അവര്‍ക്കുണ്ടാവാന്‍ സാദ്ധ്യതയില്ലെന്നും റിപ്പബ്ലിക് ടി വി അഭിഭാഷകന്‍ ബോധിപ്പിച്ചു. 'നാഷന്‍ വാണ്ട്‌സ് റ്റു നോ' എന്ന ടാഗ് ലൈന്‍ കോപ്പി റൈറ്് ഉല്‍പ്പന്നമല്ലെന്നും സാധാരണ പ്രയോഗമാണെന്നും റിപ്പബ്ലിക് ടി വി അഭിഭാഷകന്‍ പറഞ്ഞു.