Asianet News MalayalamAsianet News Malayalam

നിറം പച്ച, സൂര്യന്‍ തൊട്ടാല്‍ ചുവപ്പാവും, 'മഞ്ഞുരക്തം' ആല്‍പ്‌സിലെ മഞ്ഞുരുക്കം കൂട്ടുമോ?

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അരിസ്റ്റോട്ടിലാണ് ഈ ആല്‍ഗെയെ ആദ്യമായി കണ്ടെത്തിയത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള മഞ്ഞുരുക്കത്തെ തുടര്‍ന്ന് സ്‌നോ ബ്ലഡ്  വ്യാപകമാകുന്നതിനെ ഭയക്കുകയാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍

research on the link between snow blood and climate change
Author
Thiruvananthapuram, First Published Jun 21, 2022, 5:32 PM IST

സ്‌നോ ബ്ലഡ് എന്നതിനെ മഞ്ഞുരക്തമെന്ന് പദാനുപദ തര്‍ജ്ജമ ചെയ്യാം. മഞ്ഞില്‍ രക്തത്തിന് സമാനമായ രീതിയില്‍ പടരുന്ന ഒരു തരം ആല്‍ഗെയാണ് സ്‌നോ ബ്ലഡ്. ചുവന്ന നിറം കാരണം ഇതിന് വാട്ടര്‍ മെലന്‍ സ്‌നോ എന്നും റാസ്‌ബെറി സ്‌നോ എന്നും വിളിപ്പേരുണ്ട്.  

ക്ലാമിഡോമൊണാസ് നിവാലിസ് (Chlamydomonas nivalis) എന്നാണ് ശാസ്ത്രീയനാമം. ആല്‍പ്‌സ് പര്‍വതനിരകള്‍ മുതല്‍ അന്റാര്‍ട്ടിക്ക വരെ മഞ്ഞ് മൂടിയ നിരവധി സ്ഥലങ്ങളില്‍ സ്‌നോ ബ്ലഡ് കണ്ടു വരുന്നു. പച്ച നിറത്തിലുള്ള പിഗ്‌മെന്റുകളാണ് ആല്‍ഗെയില്‍ കൂടുതലെങ്കിലും ചുവപ്പ് നിറമുള്ള രണ്ടാമതൊരു പിഗ്‌മെന്റുമുണ്ട്. ആല്‍ഗെയിലുള്ള കരോട്ടിനോയിഡുകളാണ് ചുവപ്പ് നിറത്തിന് കാരണം. 

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നടക്കം ആല്‍ഗെയെ സംരക്ഷിച്ചുനിര്‍ത്തുന്നതും ഈ ചുവന്ന പിഗ്‌മെന്റുകളാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അരിസ്റ്റോട്ടിലാണ് ഈ ആല്‍ഗെയെ ആദ്യമായി കണ്ടെത്തിയത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള മഞ്ഞുരുക്കത്തെ തുടര്‍ന്ന് സ്‌നോ ബ്ലഡ്  വ്യാപകമാകുന്നതിനെ ഭയക്കുകയാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍. സൂര്യ രശ്മികളെ ആഗിരണം ചെയ്യുന്ന ഈ ആല്‍ഗെകള്‍ മഞ്ഞുരുക്കത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നുണ്ടോ എന്ന കാര്യമാണ് പ്രധാനമായി പഠിക്കുന്നതെന്ന് ഗവേഷകനായ ആര്‍ല്‍ബര്‍ട്ടോ അമാറ്റോ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

 

research on the link between snow blood and climate change

 

മഞ്ഞുരുക്കുന്ന സ്‌നോ ബ്ലഡ്

തണുപ്പ് കൂടിയ കാലാവസ്ഥയില്‍ ആല്‍ഗെ മഞ്ഞില്‍ തന്നെ നിര്‍ജീവമായി തുടരും. തണുപ്പ് കുറഞ്ഞ് മഞ്ഞുരുകാന്‍ തുടങ്ങുമ്പോള്‍ പതിയെ പച്ച നിറത്തിലുള്ള ആല്‍ഗെ 'തനിനിറം' പുറത്തെടുക്കും. പിന്നെ മഞ്ഞിന്‍പാളികള്‍ ചുവപ്പണിയും. ആല്‍ഗെ പരക്കുന്നതോടെ സൂര്യപ്രകാശം പ്രതിഫലിപ്പിക്കാനുള്ള മഞ്ഞിന്റെ ശേഷി കുറയും. ഇതോടെ മഞ്ഞുരുകുന്നതും കൂടും. മഞ്ഞുരുകുമ്പോള്‍ ആല്‍ഗെയുടെ വളര്‍ച്ചയും വ്യാപനവും കൂടും. ഈ പ്രക്രിയ ഇങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതാണ് കാാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരെ ഇപ്പോള്‍ ആശങ്കാകുലരാക്കുന്നത്.

 

research on the link between snow blood and climate change

 

ആല്‍പ്‌സില്‍ പരീക്ഷണം

ആല്‍പ്‌സ് പര്‍വതനിരകളില്‍ ആല്‍ഗെ വ്യാപിക്കാന്‍ തുടങ്ങിയതോടെ ഇതേക്കുറിച്ച് കൂടുതല്‍ പഠനം നടത്തുകയാണ് ഫ്രാന്‍സിലെ ശാസ്ത്രജ്ഞര്‍. മഞ്ഞില്‍ നിന്ന് ആല്‍ഗെ സാംപിളുകള്‍ ശേഖരിച്ച് പരീക്ഷണശാലകളിലെത്തിക്കുകയാണ്.  ആഗോള താപനത്തെ തുടര്‍ന്ന് ആല്‍പ്‌സില്‍ മഞ്ഞുരുകുന്നതിന്റെ തോത് വര്‍ധിച്ചതോടെയാണ് അടിയന്തരമായി പഠനം നടത്താന്‍ തീരുമാനിച്ചത്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടുന്നതും ആല്‍ഗെയുടെ വളര്‍ച്ച കൂടാന്‍ സഹായകമാകുന്നുവെന്നാണ് കരുതുന്നത്. പഠനത്തിലൂടെ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.

Follow Us:
Download App:
  • android
  • ios