Asianet News MalayalamAsianet News Malayalam

ജ്യേഷ്‍ഠനൊപ്പം ചേര്‍ന്ന് രണ്ടാനച്ഛനെ കൊന്നു; കോടതിക്ക് മുന്നില്‍ ഒരു 14 വയസ്സുകാരന്‍ കൊടുംകുറ്റവാളിയാകുമോ?

കൊലപാതകം എന്താണെന്ന് പോലും മനസ്സിലാക്കാൻ ഒരു പത്തുവയസ്സുകാരന് കഴിയുമോ? അവരുടെ പ്രവൃത്തിയെ കുറിച്ച് വിലയിരുത്താൻ മാത്രം തിരിച്ചറിവ് അവർക്കായോ? ഒരു കുഞ്ഞായ അവനെ മുതിർന്നൊരാളെ പോലെ ശിക്ഷിച്ചാൽ പിന്നീടുള്ള അവന്‍റെ ജീവിതം എന്താകും? ചെറുപ്രായത്തിൽ തന്നെ അവൻ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് വഴുതിവീഴാനും, പിന്നീടുള്ള അവന്‍റെ ജീവിതം ദുഷ്‍കരമാക്കാനും ഇത് വഴിവെക്കില്ലേ?

responsible child in BBC about a ten year old boy who killed his step father
Author
England, First Published Dec 20, 2019, 1:43 PM IST

പത്തുവയസ്സുള്ള ഒരു കുഞ്ഞിന് നിയമപരമായി മദ്യപിക്കാനോ പുകവലിക്കാനോ വോട്ടുചെയ്യാനോ വിവാഹം കഴിക്കാനോ കഴിയില്ലെന്ന് നമുക്കറിയാം. വെറും അഞ്ചാംക്ലാസ്സിൽ പഠിക്കുന്ന അവൻ നിയമപരമായി ഒരു കുട്ടിയാണ്. എന്നാൽ, അവൻ ഒരു കുറ്റകൃത്യം ചെയ്‍താലോ? ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഒരാളെ ഒരു മുതിർന്ന കുറ്റവാളിയായി കോടതി വിചാരണ ചെയ്യാൻ ചുരുങ്ങിയത് അയാൾക്ക് പതിനെട്ട് വയസ്സെങ്കിലുമാകണം. കൊലപാതകം പോലുള്ള കുറ്റങ്ങളാണെങ്കിലും അവന് വയസ്സിന്‍റെ ഇളവ് നമ്മുടെ നാട്ടിൽ ലഭിക്കും. എന്നാൽ ഇംഗ്ലണ്ടിലും വെയിൽസിലും ഒക്കെ സ്ഥിതി വ്യത്യസ്‍തമാണ്. ക്രിമിനൽ ഉത്തരവാദിത്തത്തിന്‍റെ ഏറ്റവും കുറഞ്ഞ പ്രായം അവിടെ പത്തുവയസ്സാണ്. അതായത് ഒരാളെ കൊന്ന കുറ്റത്തിന് ഒരു 10 വയസുകാരനെ കോടതി ഒരു പ്രായപൂർത്തിയായ വ്യക്തിയെ വിചാരണ ചെയ്യുന്നപോലെ വിചാരണ ചെയ്യും.  

കുട്ടികൾക്ക് ആകെ കിട്ടുന്നത് അവരുടെ പ്രായത്തെ അടിസ്ഥാനമാക്കിയുള്ള കുറച്ച് ഇളവുകൾ മാത്രമാണ്. അവരുടെ ആദ്യനാമം ഉപയോഗിക്കുന്നതും, അഭിഭാഷകർക്ക് അവരുടെ ഔദോഗിക വേഷം ധരിക്കേണ്ടതില്ലാത്തതും, അഭിഭാഷകനോടൊപ്പമോ മുതിർന്നയാളോടൊപ്പമോ ഇരിക്കാനുള്ള അനുവാദവും അവയിൽ ചിലതാണ്.  ഇങ്ങനെയുള്ള ചില ഇളവുകളൊഴിച്ചാൽ കാര്യമായ പരിഗണനയൊന്നും അവർക്ക് നിയമത്തിന്‍റെ മുന്നിൽ ലഭിക്കുന്നില്ല.

responsible child in BBC about a ten year old boy who killed his step father

 

ഇങ്ങനെയുള്ള സങ്കീർണമായ സാഹചര്യം ഉയർത്തുന്ന ചോദ്യങ്ങൾ അനവധിയാണ്. കൊലപാതകം എന്താണെന്ന് പോലും മനസ്സിലാക്കാൻ ഒരു പത്തുവയസ്സുകാരന് കഴിയുമോ? അവരുടെ പ്രവൃത്തിയെ കുറിച്ച് വിലയിരുത്താൻ മാത്രം തിരിച്ചറിവ് അവർക്കായോ? ഒരു കുഞ്ഞായ അവനെ മുതിർന്നൊരാളെ പോലെ ശിക്ഷിച്ചാൽ പിന്നീടുള്ള അവന്‍റെ ജീവിതം എന്താകും? ചെറുപ്രായത്തിൽ തന്നെ അവൻ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് വഴുതിവീഴാനും, പിന്നീടുള്ള അവന്‍റെ ജീവിതം ദുഷ്‍കരമാക്കാനും ഇത് വഴിവെക്കില്ലേ?

ബിബിസി സംപ്രേക്ഷണം ചെയ്യുന്ന 'റെസ്പോൺസിബിൾ ചൈൽഡ്' എന്ന പരിപാടി പ്രായപൂർത്തിയായവർക്കുള്ള കോടതിയിൽ കുട്ടികളെ വിചാരണ ചെയ്യാമോ എന്ന ചർച്ചയ്ക്ക് വഴിതുറക്കുകയാണ്. 14 വയസ്സുള്ള ജെറോം എല്ലിസിന്‍റെ ജീവിതത്തിൽ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയുള്ളതാണ് ഈ പരിപാടി. വീഡിയോ ഗെയിമുകൾ കളിക്കാനും സ്ഥലങ്ങളെക്കുറിച്ച് പഠിക്കാനും റിയാലിറ്റി ഷോകൾ കാണാനും ഇഷ്ടപ്പെടുന്ന എല്ലിസ് എന്ന പത്തുവയസ്സുകാരന്‍, തന്‍റെ മൂത്ത സഹോദരനോടൊപ്പം ചേര്‍ന്ന് രണ്ടാനച്ഛനെ കൊലപ്പെടുത്തിയതിന് വിചാരണ നേരിടുകയുണ്ടായി.

2013 ഓഗസ്റ്റിൽ സർറേയിലെ കുടുംബവീട്ടിൽ സോഫയിൽ കിടന്നുറങ്ങുകയായിരുന്ന രണ്ടാനച്ഛനെ പതിനാലുകാരനായ എല്ലിസും അവന്‍റെ സഹോദരനായ ജോഷ്വയും ചേർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഗിൽഡ്‌ഫോർഡ് ക്രൗൺ കോടതിയിലെ ഒരു ജൂറി എല്ലിസിനെ മനഃപൂർവമല്ലാത്ത നരഹത്യക്ക് ശിക്ഷിക്കുകയും ചെയ്തു. അങ്ങനെ എല്ലിസിനെ കൊലപാതകത്തിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

അവരുടെ അമ്മ മരിയയുമായി ബന്ധത്തിലായിരുന്ന ടുള്ളി എന്ന 45 -കാരനെ സോഫയിൽ കിടക്കുന്നതിനിടെ കത്തികൊണ്ട് കൊലപ്പെടുത്തിയെന്നതാണ് അവർ ചെയ്‍ത കുറ്റം. ശരീരത്തിൽ കത്തികൊണ്ടുള്ള 65 മുറിവുകളുണ്ടായിരുന്നു. അയാളുടെ തല അറുത്തുമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. ഏറ്റവും കഠിനമായ മുറിവുകൾ കഴുത്തിലായിരുന്നു, അതിലൊന്ന് ഏകദേശം എട്ട് സെന്റീമീറ്റർ ആഴത്തിലുള്ളതായിരുന്നു. കോടതി നരഹത്യ ചുമത്തി എല്ലിസിനെ  ആറുവർഷം ജയിലിലടച്ചു. വിഷാദരോഗിയായ ജ്യേഷ്ഠനെ കൊലപാതകക്കുറ്റത്തിന് 14 വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.

responsible child in BBC about a ten year old boy who killed his step father

 

ജീവിതത്തിൽ വളരെയേറെ അവഗണനയും പീഡനവും സഹിച്ചാണ് എല്ലിസ് വളർന്നത്. അവന്‍റെ രണ്ടാനച്ഛൻ ഒരു തികഞ്ഞ മദ്യപാനിയായിരുന്നു. അമ്മ ഒരു വിഷാദ രോഗിയും. അവനാകെ കൂട്ടായിട്ടുണ്ടായിരുന്ന സഹോദരങ്ങളെ പരിപാലിക്കാൻ അവൻ എന്നും ശ്രമിച്ചിരുന്നു. മൂത്ത സഹോദരൻ ജോഷ്വയുമായി അവന് ഒമ്പത് വയസ്സിന്‍റെ വ്യത്യാസമുണ്ടായിരുന്നു. അവനുമായി എല്ലിസ് ആത്മബന്ധം പുലർത്തിയിരുന്നു. രണ്ടാനച്ഛൻ തങ്ങളെ അധിക്ഷേപ്പിക്കാറുണ്ടെന്നും വിഷാദരോഗത്തിന് അടിമയായ ജോഷ്വയെ ഒരിക്കൽ കൊല്ലാൻ ശ്രമിച്ചെന്നും അവൻ വിചാരണക്കിടയിൽ പറയുകയുണ്ടായി.

മാതാപിതാക്കളുടെ സ്നേഹം ലഭിക്കാതെ, നിരന്തരം ഉപദ്രവങ്ങൾ സഹിച്ചും, ഒറ്റപ്പെട്ടും കഴിഞ്ഞ ഒരു കുട്ടിയുടെ തകർന്ന ചിത്രമായിരുന്നു അന്ന് കോടതിയിൽ കണ്ടത്. വിഷാദരോഗികളായ അമ്മയും, സഹോദരനും, എപ്പോഴും കുടിച്ച് വഴക്കുണ്ടാക്കുന്ന ഒരച്ഛനും ആ ഇളം മനസ്സിൽ ഏല്‍പ്പിച്ച മുറിവുകൾ ചെറുതല്ല. പക്ഷേ, കോടതിയുടെ മുൻപിൽ കുറ്റക്കാരനായിത്തീർന്ന അവൻ ഒടുവിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്തു.

കോടതി അവനെ ഒരു കൊടും കുറ്റവാളിയായിട്ടാണ് നിർവചിച്ചത്. അച്ഛന്‍റെ മദ്യപാനം, അമ്മയുടെ വിഷാദവും കോടതി പരിഗണിച്ചില്ല. മറിച്ച്, കൊലപാതകത്തിന്‍റെ ഭീകരത പൂർണ്ണമായും പ്രദർശിപ്പിക്കുകയും ചെയ്തു. വീട്ടിലെ പ്രക്ഷുബ്ധതയും ജ്യേഷ്ഠനോടുള്ള തികഞ്ഞ ഭക്തിയുമാണ് അവനെ അതിന് പ്രേരിപ്പിച്ചതെന്ന മനഃശാസ്ത്രപരമായ വസ്‍തുത പലപ്പോഴും വേണ്ടരീതിയിൽ പരിഗണിക്കപ്പെട്ടില്ല.

എല്ലിസ് ഒരു ഒറ്റപ്പെട്ട സംഭവമല്ല. 1995 മുതൽ, ഇംഗ്ലണ്ടിലെയും വെയിൽസിലെയും കോടതികളിൽ 10-14 വയസ്സ് പ്രായമുള്ള 7,000 കുട്ടികളെയാണ് ഇങ്ങനെ വിചാരണ ചെയ്‍തിട്ടുള്ളത്. എന്നാൽ, വിചാരണയുടെ പ്രായം പുനപരിശോധിക്കണമെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞുതുടങ്ങിയിട്ട് നാളേറെയായി. ഇതുവരെ നടപടിയൊന്നും ആയില്ല. സ്വീഡനിൽ 15 ഉം, പോർച്ചുഗലിൽ 16 ഉം, ചൈനയിലും ഉത്തര കൊറിയയിലും 14 -ലുമാണ് പ്രായപൂർത്തിയായ വിചാരണക്കുള്ള പ്രായം. 

 

(ചിത്രങ്ങള്‍ ബിബിസി പ്രോഗ്രാമില്‍നിന്നുള്ളത്)


 

Follow Us:
Download App:
  • android
  • ios