കിം ജോങ് ഉന്നിന്റെ ഭാര്യ, റി സോൾ ജു -വിന് പിന്തുടരേണ്ടി വരുന്ന കടുത്ത നിയമങ്ങൾ, നിഗൂഢജീവിതം
കിം ജോങ് ഉന്നിന്റെ അനുമതിയില്ലാതെ, പ്രഥമ വനിതയുടെയോ കുടുംബത്തിന്റെയോ ഫോട്ടോ എടുക്കാൻ ആരും ധൈര്യപ്പെടാറില്ല. അതുപോലെ തന്നെ, റിയ്ക്ക് രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാനോ ടൂറുകൾ നടത്താനോ അനുവാദമില്ല.

കിം ജോങ് ഉന്നി( Kim Jon-un)നൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് റി സോൾ ജു(Ri Sol-ju) എന്ന സ്ത്രീയെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. തുടർന്ന് അവൾ ആരാണെന്നുള്ള സംശയം ഉയർന്നു. നിരവധി ഊഹാപോഹങ്ങളും, സംശയങ്ങളും അവരെ ചുറ്റിപ്പറ്റി ഉടലെടുത്തു. ഒടുവിലാണ് അറിയുന്നത് അത് കിമ്മിന്റെ ഭാര്യ(Wife)യാണെന്ന്. കിമ്മുമായുള്ള വിവാഹത്തിന് മുമ്പ് അവർ ഗായികയും ചിയർ ലീഡറുമായിരുന്നുവെന്ന് പറയപ്പെടുന്നു. എന്തൊക്കെയായാലും, ഉത്തരകൊറിയയുടെ പ്രഥമ വനിത ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ആകർഷിക്കുന്നുവെന്നതിൽ സംശയമില്ല. അതേസമയം, രാജ്യത്തെ ഭരണാധികാരിയുടെ ഭാര്യയല്ലേ? അവിടത്തെ ജനങ്ങളെ പോലെ നിയമങ്ങൾ ഒന്നും പാലിക്കേണ്ടതില്ലല്ലോ എന്ന് കരുതിയാൽ തെറ്റി. ഒരു ഏകാധിപതിയുടെ ഭാര്യയെന്ന നിലയിലും, നിരവധി രഹസ്യങ്ങളുടെ കാവൽക്കാരിയെന്ന നിലയിലും തീർത്തും കർശനമായ നിയമങ്ങളാണ് അവർക്ക് പിന്തുടരേണ്ടത്. അവയിൽ ചിലതാണ് ചുവടെ.
ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് അവരുടെ ജീവിത പങ്കാളികളെ തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, റിയുടെ കാര്യത്തിൽ, കിം ജോങ് ഉന്നിനെ വിവാഹം കഴിക്കാൻ അവൾ നിർബന്ധിതയാവുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. കിം ജോങ്-ഉന്നിന്റെ പിതാവും സ്വേച്ഛാധിപതിയുമായ കിം ജോങ് ഇല്ലിന് 2008 -ൽ ഹൃദയാഘാതമുണ്ടായി. തുടർന്ന് അദ്ദേഹം തന്റെ മകനായ കിമ്മിനെ വിവാഹം കഴിക്കാൻ റിയോട് ഉത്തരവിടുകയായിരുന്നു. ആ സ്വേച്ഛാധിപതിയുടെ ഉത്തരവ് നിരസിക്കാൻ രാജ്യത്ത് ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അങ്ങനെ പേടിച്ച് അവൾ ആ വിവാഹത്തിന് സമ്മതം മൂളിയെന്നാണ് പറയുന്നത്. 2009 -ലായിരുന്നു അവരുടെ വിവാഹം.
അതുപോലെ ഒരു സ്ത്രീ വിവാഹശേഷം തന്റെ പേരിനൊപ്പം തന്റെ ഭർത്താവിന്റെ പേര് സ്വീകരിക്കാറുണ്ട് ചിലപ്പോഴെല്ലാം. എന്നാൽ, വിവാഹശേഷം, റിയുടെ കാര്യത്തിൽ അത് കുറേകൂടി സങ്കീർണ്ണമായിരുന്നു. കിം ജോങ് ഉന്നിന്റെ ഭാര്യയായതിന് ശേഷം അവൾക്ക് തന്റെ പേര് തന്നെ ഉപേക്ഷിച്ച് പുതിയ പേര് സ്വീകരിക്കേണ്ടി വന്നു. മാത്രവുമല്ല അവളുടെ ഭൂതകാലം മുഴുവൻ മറച്ചു വെക്കപ്പെട്ടു. അവളുടെ യഥാർത്ഥ പേരും ജനന വർഷവും എല്ലാം ഇപ്പോഴും ഒരു രഹസ്യമാണ്.
മറ്റൊന്ന്, റിയ്ക്ക് സ്വന്തം കുടുംബത്തെ അങ്ങനെയൊന്നും കാണാൻ സാധിക്കില്ല. ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു റി. അവരുടെ അമ്മ ഒരു ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ മേധാവിയായിരുന്നു. അച്ഛൻ ഒരു പ്രൊഫസറും. കിമ്മിന്റെ സൈനിക ഉപദേശകരിൽ ഒരാളായിരുന്നു അവളുടെ അമ്മാവൻ. അദ്ദേഹം വഴിയാണ് അവൾ കിമ്മിനെ കണ്ടുമുട്ടിയത്. എന്നാൽ, ഉത്തരകൊറിയയുടെ പ്രഥമ വനിതയായതിന് ശേഷം റിയ്ക്ക് തന്റെ കുടുംബത്തെ അധികമൊന്നും കാണാൻ സാധിച്ചിട്ടില്ല. അതിനുള്ള സമയവും, അവസരവും തീരെ കുറവായിരുന്നു.
അവളുടെ വിവാഹത്തിന്റെ ആദ്യ നാളുകളിൽ, റി പാശ്ചാത്യ ശൈലിയിലുള്ള വസ്ത്രധാരണം മൂലം പൊതുജനങ്ങളുടെ ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ, പതുക്കെ അവളുടെ വസ്ത്ര രീതികൾ മാറിവന്നു. ഇപ്പോൾ അവൾക്ക് ജീൻസ് ധരിക്കാൻ പോലുമുള്ള അനുവാദമില്ല. കൂടുതലും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് അവൾ ഭർത്താവിനൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത്. എന്ത് വസ്ത്രം ധരിക്കണമെന്നത് തീരുമാനിക്കുന്നത് കിമ്മാണ് എന്ന് പറയുന്നു. ആദ്യത്തെ മകളെ പ്രസവിച്ചതിന് ശേഷം പിന്നീട് അവളുടെ ഹെയർസ്റ്റൈലും ഒരിക്കലും മാറിയിട്ടില്ല.
അതുപോലെ, ലോകമെമ്പാടുമുള്ള പ്രഥമ വനിതകളിൽ നിന്ന് വ്യത്യസ്തമായി, റിയ്ക്ക് തനിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ കഴിയില്ല. റിയെ മാത്രം കാണുന്നത് മിക്കവാറും അസാധ്യമാണ്. അവൾ എപ്പോഴും ഭർത്താവിനൊപ്പം മാത്രമാണ് പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടാറ്. അവരുടെ മക്കളെപ്പോലും പൊതുപരിപാടികളിൽ കാണാൻ സാധിക്കില്ല. സോഷ്യൽ മീഡിയയുടെയും ഇൻറർനെറ്റിന്റെയും കാലത്ത് കുട്ടികളുടെ ഒരു ചിത്രം പോലും എങ്ങും കാണാൻ ഇടയില്ല.
കിം ജോങ് ഉന്നിന്റെ അനുമതിയില്ലാതെ, പ്രഥമ വനിതയുടെയോ കുടുംബത്തിന്റെയോ ഫോട്ടോ എടുക്കാൻ ആരും ധൈര്യപ്പെടാറില്ല. അതുപോലെ തന്നെ, റിയ്ക്ക് രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാനോ ടൂറുകൾ നടത്താനോ അനുവാദമില്ല. ഒരു നേതാവിന്റെ മരണശേഷം, ശവസംസ്കാരവുമായി ബന്ധപ്പെട്ട സന്ദർശനങ്ങളിൽ അതും അവളുടെ ഭർത്താവിനൊപ്പം മാത്രമേ അവൾക്ക് പങ്കെടുക്കാൻ കഴിയൂ.
2009 -ലാണ് ദമ്പതികൾ വിവാഹിതരായത്. 2010 -ന്റെ തുടക്കത്തിലാണ് അവരുടെ ആദ്യത്തെ കുഞ്ഞിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. അതിനുശേഷം റിയ്ക്ക് മറ്റ് രണ്ട് കുട്ടികൾ കൂടി ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നത് വരെ അവൾ ഗർഭം ധരിക്കാൻ നിർബന്ധിതയായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.