മനോഹരമായ ​ഗം​ഗാനദിയിൽ പ്രീവെഡ്ഡിം​ഗ് ഷൂട്ട് നടത്തണമെന്ന മോഹവുമായിട്ടാണ് എത്തിയതെങ്കിലും ഇരുവരും ​ഗം​ഗയിൽ മുങ്ങിപ്പോയി. ജലനിരപ്പ് കൂടിയതോടെ സം​ഗതി ആകെ കൈവിട്ട അവസ്ഥയായി. 

പ്രീവെഡ്ഡിം​ഗ് ഫോട്ടോഷൂട്ടുകൾ ഇന്ന് സർവസാധാരണമാണ്. വിവാഹത്തിന് മുമ്പ് തന്നെ തങ്ങളുടെ അതിമനോഹരമായ ചിത്രങ്ങൾ എടുത്തുവയ്ക്കാനാ​ഗ്രഹിക്കാത്തവർ ഇന്ന് ചുരുക്കമാണ് എന്ന് അർത്ഥം. ഫോട്ടോ പകർത്തുന്ന സ്ഥലം കൊണ്ടും, വസ്ത്രങ്ങൾ കൊണ്ടും, അതിന്റെ തീം കൊണ്ടും എല്ലാം നമ്മുടെ പ്രീവെഡ്ഡിം​ഗ് ഫോട്ടോഷൂട്ട് തികച്ചും വ്യത്യസ്തമാക്കണം എന്ന് ആശിക്കാത്തവരുണ്ടാവില്ല. എന്നാൽ, ദില്ലിയിൽ നിന്നുള്ള ഈ ദമ്പതികളെ സംബന്ധിച്ച് പ്രീവെഡ്ഡിം​ഗ് ഒരു ദു:സ്വപ്നമായി മറന്നു പോയെങ്കിൽ എന്ന് ആ​ഗ്രഹിക്കുന്നുണ്ടാവണം. 

27 -കാരനായ മനസ് ഖേദയുടെയും 25 -കാരി അഞ്ജലി അനീജയുടെയും പ്രീവെഡ്ഡിം​ഗ് ഫോട്ടോഷൂട്ട് തീരുമാനിച്ചത് 
ഉത്തരാഖണ്ഡിലായിരുന്നു. എന്നാൽ, ​ഗം​ഗയിൽ നടന്ന ഫോട്ടോഷൂട്ട് അപകടത്തിലാണ് കലാശിച്ചത്. ഫോട്ടോഷൂട്ടിനായി ഇരുവരും ഋഷികേശിൽ ​ഗം​ഗയിലിറങ്ങിയപ്പോൾ അവിടെ ജലനിരപ്പ് താരതമ്യേന കുറഞ്ഞ നിലയിലായിരുന്നത്രെ. എന്നാൽ, ​ഗം​ഗയിലിറങ്ങി കുറച്ച് കഴിഞ്ഞപ്പോഴേക്കും അതിന്റെ ശക്തമായ ഒഴുക്കിൽ ദമ്പതികൾ അകപ്പെടുകയായിരുന്നു. ഇരുവരും ഒഴുകിപ്പോയി. മനോഹരമായ ​ഗം​ഗാനദിയിൽ പ്രീവെഡ്ഡിം​ഗ് ഷൂട്ട് നടത്തണമെന്ന മോഹവുമായിട്ടാണ് എത്തിയതെങ്കിലും ഇരുവരും ​ഗം​ഗയിൽ മുങ്ങിപ്പോയി. ജലനിരപ്പ് കൂടിയതോടെ സം​ഗതി ആകെ കൈവിട്ട അവസ്ഥയായി. 

വെള്ളത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ മനസ് ഖേദ അബോധാവസ്ഥയിലായിരുന്നു. ദമ്പതികൾക്ക് പ്രാഥമികമായി വേണ്ട പരിചരണം നൽകുകയും പിന്നീട് കൂടുതൽ പരിചരണത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് അയച്ചു എന്നും സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എസ്ഡിആർഎഫ്) കമാൻഡർ മണികാന്ത് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. ഋഷികേശിലെ ബിയാസി പൊലീസ് ചെക്ക് സ്റ്റേഷനിൽ നിന്നാണ് തങ്ങൾക്ക് ദില്ലിയിൽ നിന്നുള്ള ദമ്പതികൾ ഒഴുക്കിൽ പെട്ടു എന്ന വിവരം ലഭിക്കുന്നത് എന്നും മിശ്ര പറയുന്നു.

സിംഗ്‌ടോളിക്ക് സമീപത്തു നിന്നും രക്ഷാസേന സ്ഥലത്തെത്തിയപ്പോഴേക്കും ദമ്പതികൾ ഏതാണ്ട് ഒഴുകിപ്പോയിരുന്നു. രക്ഷാപ്രവർത്തകർ എത്തിയാണ് ഇവരെ നദിയിൽ നിന്നും പുറത്തെടുത്തത്. സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഇരുവരും. അതിനാൽ തന്നെ തങ്ങൾക്ക് അവരുടെ ദില്ലിയിലെ വിലാസം കണ്ടെത്താൻ പോലും സാധിച്ചില്ല എന്നും മിശ്ര പറഞ്ഞു. 

വായിക്കാം: ഇന്ത്യയിലെ ഭക്ഷണത്തിന് വൃത്തിയില്ല, ആഫ്രിക്കക്കാരുടെ പരിഹാസവീഡിയോ, താങ്ക മുടിയലേയെന്ന് ഇന്ത്യന്‍സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം