ദി ക്രോക്കഡൈല്‍ ഹണ്ടര്‍ (മുതലവേട്ടക്കാരൻ) എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ലോകത്തിന് പരിചിതനായ ആളാണ് സ്റ്റീവ് ഇര്‍വിന്‍. പാമ്പുകളെക്കുറിച്ചു പഠിച്ചിരുന്ന ശാസ്ത്രജ്ഞനായിരുന്നു തന്‍റെ അച്ഛനെന്നും അമ്മ വന്യജീവി പുനരധിവാസ പ്രവർത്തകയായിരുന്നെന്നും സ്റ്റീവ് തന്നെ പറയാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ കൂട്ടുകാര്‍ മുതലയും പാമ്പുമൊക്കെയായിരുന്നു. സ്റ്റീവിന് ആറാം പിറന്നാളിന് സമ്മാനമായി കിട്ടിയത് പന്ത്രണ്ടടി നീളമുള്ള ഒരു പെരുമ്പാമ്പായിരുന്നുവത്രെ. ഒമ്പതാം വയസ്സ് മുതല്‍തന്നെ മുതലകൾ അദ്ദേഹത്തിന് കളിക്കൂട്ടുകാരായിരുന്നു. 'മുതലകളുടെ തോഴനെ'ന്ന പേര് എന്തുകൊണ്ടും അന്വര്‍ത്ഥമായിരുന്നു സ്റ്റീവിന്.

 

ഷൂട്ടിംഗിനിടെ നടന്ന ഒരപകടത്തില്‍ അദ്ദേഹം മരിച്ചിട്ട് 14 വര്‍ഷമായി. ഇപ്പോള്‍ സ്റ്റീവിനെ വീണ്ടും ഓര്‍ക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍. അതിന് കാരണമായത് വേറൊന്നുമല്ല, സ്റ്റീവിന്‍റെ മകന്‍ പതിനാറുകാരന്‍ റോബര്‍ട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ചര്‍ച്ചയിലേക്ക് വഴിതെളിച്ചത്. അച്ഛന്‍റെ വഴി തന്നെയാണ് മകനും പിന്തുടരുതെന്നാണ് ഈ ചിത്രം തെളിയിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

❤️🐨

A post shared by Robert Irwin (@robertirwinphotography) on Feb 10, 2020 at 1:06pm PST

ഓസ്ട്രേലിയയിലെ മൃഗശാലയില്‍വെച്ച് അവിടുത്തെ യൂണിഫോമിട്ട് ഒരു കോലയെ ഓമനിക്കുന്ന ചിത്രങ്ങളാണ് റോബര്‍ട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സ്റ്റീവിന്‍റെ മാതാപിതാക്കള്‍ സ്ഥാപിച്ചതാണ് ഈ മൃഗശാല. ഇതേപോലെ ഒരു കോലയെ ഓമനിക്കുന്നൊരു ചിത്രം 2000 -ത്തില്‍ സ്റ്റീവും എടുത്തിരുന്നു. ഈ ചിത്രങ്ങള്‍ മൃഗശാലയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവന്നിരുന്നത്. ഏതായാലും റോബര്‍ട്ട് ചിത്രം പങ്കുവച്ചതോടെ സോഷ്യല്‍മീഡിയയില്‍ അച്ഛനും മകനും അവരുടെ ചിത്രങ്ങളിലെ സാമ്യവും ചര്‍ച്ചയായി. നിരവധി പേരാണ് റോബര്‍ട്ട് ഇര്‍വിന്‍റെ ചിത്രം ഷെയര്‍ ചെയ്‍തത്. 

നേരത്തെയും ഇതുപോലെ റോബര്‍ട്ട് പങ്കുവച്ചൊരു ചിത്രം ശ്രദ്ധനേടിയിരുന്നു. അതില്‍, അച്ഛന്‍ സ്റ്റീവിന്‍റെ ചിത്രവും റോബര്‍ട്ട് ഉള്‍ക്കൊള്ളിച്ചിരുന്നു. മുറേ എന്നൊരു മുതലയ്ക്ക് ഭക്ഷണം നല്‍കുന്ന ചിത്രമായിരുന്നു അത്. സ്റ്റീവിന്‍റെ ചിത്രം 15 വര്‍ഷം മുമ്പ് പകര്‍ത്തിയതായിരുന്നുവെന്നും റോബര്‍ട്ട് എഴുതിയിരുന്നു. 

 

ടെലിവിഷൻ പരമ്പരകളില്‍ മാത്രമല്ല, ഒന്നുരണ്ടു സിനിമകളിലും സ്റ്റീവ് അഭിനയിച്ചിട്ടുണ്ട്. മുതലകളുടെ സംരക്ഷണത്തിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്നതാണ്. ലോകത്തിനേറെ പ്രിയപ്പെട്ടയാളുമായിരുന്നു മുതലകളുടെ തോഴന്‍ സ്റ്റീവ്. അദ്ദേഹത്തിന്‍റെ മരണം ആരാധകരെ ദുഖത്തിലാഴ്ത്തിയിരുന്നു. ഒരു ഡോക്യുമെന്‍ററിയുടെ ചിത്രീകരണത്തിനിടെ കടലില്‍വെച്ച് തിരണ്ടിയുടെ അക്രമണത്തിലാണ് 2006 സപ്‍തംബര്‍ നാലിന് അദ്ദേഹം മരിക്കുന്നത്.