ക്ലാസുകളിപ്പോള്‍ ഓണ്‍ലൈനിലാണ്. സൗകര്യങ്ങളുള്ള കുട്ടികള്‍ ഓണ്‍ലൈനായി പഠിക്കുമ്പോള്‍ അതില്ലാത്ത ഒരുപാട് കുഞ്ഞുങ്ങള്‍ പഠിക്കാനാവാതെ നില്‍ക്കുകയും ചെയ്യുന്നുണ്ട്. വിദ്യാഭ്യാസം വളരെ പ്രധാനമാണ്. എന്നാല്‍, എല്ലാ രക്ഷിതാക്കള്‍ക്കും തങ്ങളുടെ മക്കളെ വേണ്ടപോലെ പഠിപ്പിക്കാനോ ശ്രദ്ധിക്കാനോ ആവണമെന്നില്ല. പണമില്ലാത്തതും അറിവില്ലാത്തതും എല്ലാം അതിന് കാരണമാവാം. ഈ സ്‍കൂളിന്‍റെ പ്രിന്‍സിപ്പല്‍ ഒരു ദിവസം ഒരു സുപ്രധാന തീരുമാനമെടുക്കുകയായിരുന്നു. അത് നടപ്പിലാക്കാന്‍ വലിയ അധ്വാനം തന്നെ അദ്ദേഹത്തിന് വേണ്ടി വന്നു. എന്നാല്‍, ആ തീരുമാനമാവട്ടെ ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വളരെ വലിയ ആശ്വാസത്തിലേക്കുള്ള വഴിയായിത്തീരുകയും ചെയ്‍തു. 

മൂന്ന് മണിക്ക് തന്നെ അലാറം അടിച്ചു. റോബിന്‍ എസ് പുഖ്രാം എന്ന അധ്യാപകന്‍ ഉറക്കമുണര്‍ന്നു. അരമണിക്കൂറിനുള്ളില്‍ത്തന്നെ റെഡിയായി തന്‍റെ സഹപ്രവര്‍ത്തകരെ വിളിച്ചുണര്‍ത്തി. 'റോബിന്‍ സര്‍' എന്നറിയപ്പെടുന്ന റോബിന്‍ മണിപ്പൂരിലെ ചുരാചാന്ത്പൂരിലെ സെന്‍റ്. സ്റ്റീഫന്‍സ് ഇംഗ്ലീഷ് സ്‍കൂളിന്‍റെ പ്രിന്‍സിപ്പലാണ്. തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ അച്ഛനേയും അമ്മയേയും അവരുടെ വീടുകളില്‍ ചെന്ന് കാണുന്നതിനായിട്ടാണ് രാവിലെ തന്നെ റോബിനും കൂട്ടരും ഇറങ്ങുന്നത്. കാരണം, ഈ സ്‍കൂളില്‍ പാരന്‍റ്സ് മീറ്റിംഗ് നടക്കുന്നത് സ്‍കൂളിലല്ല മറിച്ച് വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് അധ്യാപകരെത്തിക്കോളും എന്നര്‍ത്ഥം. അതിന്‍റെ കാരണവും റോബിന്‍ വിശദീകരിക്കുന്നു. 

''നമ്മുടെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും താമസിക്കുന്നത് സ്‍കൂളില്‍നിന്നും വളരെ വളരെ ദൂരത്തുള്ള ഗ്രാമങ്ങളിലാണ്. ഏകദേശം സ്‍കൂളില്‍ നിന്നും 120 കിലോമീറ്ററെങ്കിലും യാത്ര ചെയ്യേണ്ടി വരും അവരുടെ അടുത്തെത്താന്‍. അതില്‍ത്തന്നെ പലതും കുന്നുംമലകളുമാണ്. അതുവഴി ബസ് സര്‍വീസും ഇല്ല. മിക്ക മാതാപിതാക്കളും കര്‍ഷകരോ കൂലിപ്പണിക്കാരോ ആണ്. മക്കളെ സ്‍കൂളിലയക്കാന്‍ തന്നെ അവര്‍ വല്ലാതെ കഷ്‍ടപ്പെടുന്നുണ്ട്. ഒരു പിടിഎ മീറ്റിംഗില്‍ പങ്കെടുക്കാനായി സ്‍കൂളിലെത്തണമെങ്കില്‍ അവര്‍ക്ക് ഏതെങ്കിലും വണ്ടി വിളിച്ച് വരേണ്ടി വരും. ഏകദേശം 2000 രൂപയെങ്കിലും അതിന് നല്‍കണം. അതുകൊണ്ടുതന്നെ ഞങ്ങള്‍ അങ്ങോട്ട് ചെന്ന് അവരെ കാണാന്‍ തീരുമാനിക്കുകയായിരുന്നു.'' റോബിന്‍ പറയുന്നു. 

 

സ്‍കൂളിന്‍റെ പ്രിന്‍സിപ്പലെന്ന നിലയില്‍ സ്‍കൂളില്‍ പാരന്‍റ്സ് മീറ്റിംഗ് വിളിച്ചാല്‍ വളരെ കുറച്ച് രക്ഷിതാക്കള്‍ മാത്രമാണ് പങ്കെടുക്കുന്നത് എന്ന് റോബിന്‍റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. അതിനാല്‍ത്തന്നെ പല കുട്ടികളുടെയും രക്ഷിതാക്കളോട് സംസാരിക്കാനോ കാര്യങ്ങള്‍ കൃത്യമായി അറിയിക്കാനോ കഴിയുന്നുണ്ടായിരുന്നില്ല. 

''എന്‍റെ വീട് ഇവിടെയല്ല. ഇവിടെ നിന്നും വേറെ ഭാഗത്താണ്. ഭാഷപോലും വ്യത്യസ്‍തമാണ്. അതുകൊണ്ടുതന്നെ 2016 -ല്‍ ആദ്യമായി പ്രിന്‍സിപ്പലായി ചാര്‍ജ്ജെടുക്കുമ്പോള്‍ കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിക്കുന്നതും കാര്യങ്ങള്‍ മനസിലാക്കിയെടുക്കുന്നതുമെല്ലാം ബുദ്ധിമുട്ടായിരുന്നു. രണ്ട് വര്‍ഷത്തോളം ഇതങ്ങനെ തുടര്‍ന്നു. പക്ഷേ, ഞങ്ങള്‍ അങ്ങോട്ട് ചെന്ന് അവരെ സന്ദര്‍ശിച്ചു തുടങ്ങിയതോടെ തങ്ങളുടെ മക്കളെ കുറിച്ചും അവരിലുള്ള തങ്ങളുടെ പ്രതീക്ഷകളെക്കുറിച്ചുമെല്ലാം അവര്‍ തുറന്ന് സംസാരിച്ചു തുടങ്ങി.'' റോബിന്‍ പറയുന്നു. 

 

ഗ്രാമത്തിലേക്ക് രക്ഷിതാക്കളെ കാണാനായി റോബിനും അധ്യാപകരും ചേര്‍ന്ന് കാറിലാണ് പോയിരുന്നത്. എന്നാല്‍, ഒരിടത്തെത്തിയപ്പോള്‍ റോഡ് അവസാനിക്കുകയും വാഹനത്തിന് പോവാനാവാതെയിരിക്കുകയും ചെയ്‍തു. അതിനാല്‍ത്തന്നെ 10-12 കിലോമീറ്റര്‍ ട്രക്ക് ചെയ്യേണ്ടി വന്നു അവര്‍ക്ക്. മെയിന്‍ റോഡില്‍ വാഹനം പാര്‍ക്ക് ചെയ്‍തശേഷം അന്നുരാത്രി അവിടെ തങ്ങേണ്ടിയും വന്നു. പിന്നീട്, കുന്നിനുമുകളിലേക്ക് നടത്തമാരംഭിച്ചു റോബിനും മറ്റ് അധ്യാപകരും. ഗ്രാമത്തിലെ പാരമ്പര്യം അനുസരിച്ച് ചൂട് കട്ടന്‍ ചായയുമായാണ് രാവിലെ ഗ്രാമത്തിലുള്ളവര്‍ അവരെ സ്വീകരിച്ചത്. പിന്നീട്, കുട്ടികളുടെ കാര്യത്തെ കുറിച്ച് അവര്‍ ചര്‍ച്ച ചെയ്‍തു തുടങ്ങി. 

കുട്ടികളുടെ പഠനകാര്യങ്ങളെയും ഭാവിയെയും കുറിച്ച് ചര്‍ച്ച ചെയ്യാനും പരസ്‍പരം മനസിലാക്കാനും തുടങ്ങിയതോടെ കാര്യങ്ങള്‍ മെച്ചപ്പെട്ടു. ആഴ്‍ചകളെടുത്താണ് ഓരോ ഗ്രാമങ്ങളും റോബിനും സംഘവും സന്ദര്‍ശിച്ചത്. പയ്യെപ്പയ്യെ സ്‍കൂളിലെ കുട്ടികളുടെ എണ്ണത്തില്‍ തന്നെ ഇത് വര്‍ധനവുണ്ടാക്കി. അമ്പതോളം വിദ്യാര്‍ത്ഥികളും നാലോ അഞ്ചോ അധ്യാപകരുമുണ്ടായിരുന്ന സ്‍കൂളിലിപ്പോള്‍ പ്രീ നഴ്‍സറി മുതല്‍ പത്താം ക്ലാസ് വരെയായി 545 -ലേറെ വിദ്യാര്‍ത്ഥികളുണ്ട്. പല മാതാപിതാക്കളും മക്കളെ സ്‍കൂളിലയക്കാത്തതിന് കാരണമായി പറഞ്ഞത് കുട്ടികള്‍ക്ക് താമസത്തിനുള്ള വാടക കൂടുതലാണ് അത് അടക്കാനുള്ള കഴിവ് ഇല്ലാ എന്നതായിരുന്നു. അങ്ങനെ തന്‍റെ സമ്പാദ്യവും കിട്ടിയ സഹായവുമുപയോഗിച്ച് റോബിന്‍ ഒരു ഹോസ്റ്റല്‍ ആരംഭിക്കുകയും കുട്ടികളില്‍നിന്നും 200 രൂപ മാത്രം ഫീസ് വാങ്ങുകയും ചെയ്‍തു. 

 

ഒരു ഗ്രാമത്തില്‍ വളര്‍ന്നയാളെന്ന നിലയില്‍ അവിടുത്തെ കഷ്‍ടപ്പാടുകളും വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യവും റോബിന് നന്നായിട്ടറിയാമായിരുന്നു. ഒരുപാട് കഷ്‍ടതകളനുഭവിച്ച് തന്നെയാണ് റോബിനും വളര്‍ന്നതും പഠിച്ചതും ജോലി നേടിയതും. റോബിന്‍റെ അച്ഛന്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളായിരുന്നു. അമ്മ വീട്ടമ്മയും. നാല് മക്കളായിരുന്നു അവര്‍ക്ക്. റോബിന്‍ ടാക്സി ഡ്രൈവറായി ജോലി നോക്കിയിരുന്നു. തന്‍റെ അച്ഛന്‍ തന്നെ പഠിപ്പിക്കാനായി ഒരുപാട് കഷ്ടപ്പെട്ടതാണ്. അപ്പോള്‍ ഒരു ടാക്സി ഡ്രൈവറായാല്‍പ്പോരാ എന്ന് തോന്നുകയായിരുന്നു റോബിന്. അങ്ങനെയാണ് മറ്റുള്ള കുട്ടികള്‍ക്ക് കൂടി സഹായമാകണമെന്ന ലക്ഷ്യത്തോടെ അധ്യാപകനാവുന്നത്. 

പിന്നീടും പല സ്ഥലത്തും ജോലി ചെയ്തു റോബിന്‍. ഒടുവിലാണ് ഈ സ്‍കൂളിനെയും അതിന്‍റെ പ്രാരാബ്ദങ്ങളെയും കുറിച്ചറിയുന്നത്. അങ്ങനെ അവിടെ ചാര്‍ജ്ജെടുക്കുകയായിരുന്നു. ആകെ തകര്‍ന്നു കിടന്ന സ്‍കൂള്‍ അടിമുടി മാറ്റിയെടുത്തു റോബിന്‍. പിന്നീടാണ് രക്ഷിതാക്കളെ ചെന്ന് കാണുന്നതും ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതുമെല്ലാം. റോബിന്‍റെ ഭാര്യയും അദ്ദേഹത്തോടൊപ്പം നിന്നു. ബന്ധുക്കളും ചില രക്ഷിതാക്കളും ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ സഹായവുമായെത്തി. അങ്ങനെ കൂടുതല്‍ കുട്ടികള്‍ സ്‍കൂളിലേക്കെത്തി. 

ഏതായാലും ഒരൊറ്റ പ്രിന്‍സിപ്പലിന്‍റെ ചെറിയതെന്ന് തോന്നാവുന്ന ഒരൊറ്റ തീരുമാനമാണ് ഒരുപാട് കുട്ടികളുടെ ഭാവി നിര്‍ണയിച്ചിരിക്കുന്നത്.