ലിഞ്ചിങ് എന്ന സംഭവം പോയിട്ട്, അങ്ങനെ ഒരു വാക്കുതന്നെ ഭാരതീയ സംസ്കാരത്തിൽ ഇല്ലാത്തതാണ് എന്ന് എന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. "ലിഞ്ചിങ് എന്നൊരു പുതിയ വാക്ക് ഇപ്പോൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. മോബ് ലിഞ്ചിങ് എന്നൊരു ഒരു വാക്കോ, പ്രവൃത്തിയോ നമ്മുടെ ഭാരതത്തിൽ എവിടെയെങ്കിലും മുമ്പ് പറഞ്ഞുകേട്ടിട്ടുണ്ടോ ? ഇതൊക്കെ എവിടെ നിന്നാണ് ഇറക്കുമതി ചെയ്യപ്പെട്ടത്..? ആലോചിച്ചിട്ടുണ്ടോ നിങ്ങൾ..? " എന്ന് വിജയദശമി ദിവസത്തിൽ മോഹൻ ഭഗവത് പറഞ്ഞതായി ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

തന്റെ പ്രസംഗത്തിൽ ആൾക്കൂട്ടഹത്യയുടെ ഉദ്ഭവം വൈദേശികമാണ് എന്ന് സൂചിപ്പിക്കാൻ ഭാഗവത് ബൈബിളിൽ നിന്ന് ഒരു സന്ദർഭം ഉദ്ധരിച്ചു. "ആൾക്കൂട്ട കൊലപാതകത്തെപ്പറ്റിയുള്ള പരാമർശങ്ങൾ അന്വേഷിച്ചു ചെന്നാൽ നമ്മൾ എത്തിപ്പെടുക, വിദേശത്തുനിന്ന് ഭാരതത്തിലേക്ക് കൊണ്ടുവന്ന ഒരു മതഗ്രന്ഥത്തിലാണ്. മതവുമായി കാര്യമായ ബന്ധമൊന്നുമില്ല, എന്നാലും അങ്ങനെ ഒരു സംഭവം ആ പുസ്തകത്തിൽ പറയുന്നുണ്ട്. ഏതോ ഗ്രാമത്തിലെ ആളുകളെല്ലാം കൂടി ഒന്നിച്ചുചേർന്ന് അവിടത്തെ പാപിയായൊരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ തീരുമാനിച്ചു. അപ്പോഴാണ് യേശുക്രിസ്തു ആ വഴി വരുന്നത്. അദ്ദേഹം ഗ്രാമീണരോട് ചോദിച്ചു, " ഈ സ്ത്രീ പാപിയായതുകൊണ്ടാണ് നിങ്ങൾ കല്ലെറിഞ്ഞു കൊല്ലാൻ തീരുമാനിച്ചത് അല്ലേ..? ന്യായം തന്നെ. പക്ഷേ, ഒന്നുണ്ട്.. നിങ്ങളിൽ പാപം ചെയ്യാത്തവർ മാത്രം ഇവരെ കല്ലെറിയിൻ..!  അപ്പോഴാണ് ഗ്രാമീണർക്ക് തങ്ങളുടെ പാപങ്ങളെപ്പറ്റി ബോധ്യമുണ്ടായത്. അങ്ങനെ അവർ ആ തീരുമാനം മാറ്റി എന്നാണ് സംഭവവിവരണം."

"അപ്പോൾ, ഇങ്ങനെയുള്ള സംഭവങ്ങൾ നടക്കുന്നിടങ്ങളിൽ അതിനുള്ള വാക്കുകളും ഉണ്ട്. നമ്മുടെ നാട്ടിൽ ഇങ്ങനെയൊന്നും നടക്കാറില്ല. അതുകൊണ്ടുതന്നെ ഈ വാക്കുപോലും ഇറക്കുമതി ചെയ്യേണ്ടി വന്നു വിദേശഭാഷയിൽ നിന്ന്..! " അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്നില്ല എന്ന് ഊന്നിപ്പറയുക മാത്രമല്ല ആർഎസ്എസ് തലവൻ മോഹൻ ഭഗവത് ചെയ്തത്. അതൊരു വൈദേശിക ക്രിസ്ത്യൻ സങ്കല്പമാണെന്നും അദ്ദേഹം പറഞ്ഞുവെച്ചു. "ഒളിച്ചും പാത്തും ദ്വയാർത്ഥം വെച്ചും മറ്റും സംസാരിക്കുന്ന പതിവ് സംഘത്തിനില്ല. ഒരു കാര്യം വളരെ സ്പഷ്ടമായിത്തന്നെ സംഘം പറയുന്നു. ഭാരതം ഒരു ഹിന്ദുരാഷ്ട്രമാണ്. " എന്നും, ഭാഗവത് പറഞ്ഞുവെച്ചു. 

ജനങ്ങൾക്കിടയിൽ വർഗീയമായ വേർതിരിവുണ്ടാക്കുന്ന രീതിയിൽ ബൈബിളിനെ ദുർവ്യാഖ്യാനം ചെയ്തതിന് നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ്, മോഹൻ ഭാഗവതിനെതിരെ തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കിക്കൊണ്ട് ഒരു പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.