'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന സിനിമയിലെ നായക /വില്ലന്‍ കഥാപാത്രം അടുക്കള ആകുമ്പോള്‍, അതോടൊപ്പം തന്നെ പ്രസക്തമാകുന്നുണ്ട് പെണ്ണിന്റെ നെടുവീര്‍പ്പും നിലവിളികളും പുറത്തു കേള്‍ക്കാത്തവണ്ണം അടച്ചുറപ്പുള്ള കതകും ജനലുകളും ഉള്ള കിടപ്പറ എന്ന വില്ലന്‍.  റൂബി ക്രിസ്റ്റിന്‍ എഴുതുന്നു

അന്ന് വരെ പരിചയമില്ലാത്ത ഒരുവന്റെ കിടപ്പറയിലേക്ക് തള്ളി വിടപ്പെടുന്ന സ്ത്രീകള്‍ക്ക്, ജീവിതം ചൂതുകളിയിലേതു പോലെ പ്രവചനാതീതം ആകുന്നതാണ് പലപ്പോഴും കാണാറുള്ളത്. ഇനി, കണ്ടു പരിചയപ്പെട്ടു സ്‌നേഹിച്ച് ആണ് വിവാഹം നടക്കുന്നതെങ്കിലും, കിടപ്പറക്കുള്ളില്‍ നടക്കുന്ന വയലന്‍സ് ഡിഫോള്‍ട്ട് സെറ്റിംഗാണ്. സഹിക്കുക എന്ന കരാര്‍ കൂടിയാണ് വിവാഹം എന്ന് പെണ്ണ് മനസിലാകുന്നിടത്താണ് വിവാഹജീവിതത്തിന്റെ വിജയം! മുന്‍പേ നടന്ന പെണ്ണുങ്ങളുടെ അനുഭവങ്ങള്‍ അതാണല്ലോ അവളെ പഠിപ്പിക്കുന്നത്

'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന സിനിമയിലെ നായക /വില്ലന്‍ കഥാപാത്രം അടുക്കള ആകുമ്പോള്‍, അതോടൊപ്പം തന്നെ പ്രസക്തമാകുന്നുണ്ട് പെണ്ണിന്റെ നെടുവീര്‍പ്പും നിലവിളികളും പുറത്തു കേള്‍ക്കാത്തവണ്ണം അടച്ചുറപ്പുള്ള കതകും ജനലുകളും ഉള്ള കിടപ്പറ എന്ന വില്ലന്‍. 

ആദ്യരാത്രിയിലെ ചോരപ്പാടുകളില്‍ തുടങ്ങി, തന്റെ ലൈംഗികതയിലുള്ള അറിവില്ലായ്മ തെളിയിച്ച്, ചാരിത്ര്യശുദ്ധി തെളിയിക്കേണ്ട ബാധ്യതയും തുടങ്ങുന്നത് കിടപ്പറയില്‍ നിന്നാണല്ലോ. ഉറക്കത്തിന്റെതു മാത്രമല്ല, ബലാല്‍സംഗത്തിന്റെതു കൂടി ഇടമാണത്. അംഗീകരിക്കപ്പെട്ട ബലാല്‍സംഗം. വിവാഹം എന്ന വ്യവസ്ഥിതിയിലെ ബലാല്‍സംഗത്തിന്റെ ഇടം അത്ര കുഴപ്പമുള്ള കാര്യമല്ലെന്ന് കോടതികള്‍ പറയുന്നുണ്ടെങ്കിലും ആ അവസ്ഥയിലൂടെ കടന്നുപോവുന്നതിന്റെ തീ പല സ്ത്രീകള്‍ക്കും പറയാനുണ്ടാകും.

അന്ന് വരെ പരിചയമില്ലാത്ത ഒരുവന്റെ കിടപ്പറയിലേക്ക് തള്ളി വിടപ്പെടുന്ന സ്ത്രീകള്‍ക്ക്, ജീവിതം ചൂതുകളിയിലേതു പോലെ പ്രവചനാതീതം ആകുന്നതാണ് പലപ്പോഴും കാണാറുള്ളത്. ഇനി, കണ്ടു പരിചയപ്പെട്ടു സ്‌നേഹിച്ച് ആണ് വിവാഹം നടക്കുന്നതെങ്കിലും, കിടപ്പറക്കുള്ളില്‍ നടക്കുന്ന വയലന്‍സ് ഡിഫോള്‍ട്ട് സെറ്റിംഗാണ്. സഹിക്കുക എന്ന കരാര്‍ കൂടിയാണ് വിവാഹം എന്ന് പെണ്ണ് മനസിലാകുന്നിടത്താണ് വിവാഹജീവിതത്തിന്റെ വിജയം! മുന്‍പേ നടന്ന പെണ്ണുങ്ങളുടെ അനുഭവങ്ങള്‍ അതാണല്ലോ അവളെ പഠിപ്പിക്കുന്നത്

പതിനെട്ടില്‍ കെട്ടിപ്പോയ ഒരുവളെ അറിയാം. വളരെ സമ്പന്ന കുടുംബത്തില്‍ പിറന്നു. അടക്കവും ഒതുക്കവും പഠിച്ചു. നമ്മുടെ കണക്കുകൂട്ടലുകള്‍ പ്രകാരം, അത്രത്തോളം സമ്പന്നതയിലേക്കു തന്നെ ആണ് അവളെ ''കെട്ടിച്ചു വിട്ടത.്'' കെട്ടാനുള്ള 'കയറു' കൊടുത്തത് പുറമേക്ക് എല്ലാവര്‍ക്കും വേണ്ടപ്പെട്ട, മിടുക്കനും സല്‍സ്വഭാവിയുമായ ഒരുവന്റെ കയ്യിലും. അവളെ ഒന്നിനും കുറവില്ലാതെ പൊന്നു പോലെ നോക്കുന്ന ഉടമസ്ഥന്റെ തനി സ്വഭാവം പുറത്തു വരുന്നത് കിടപ്പറയ്ക്കുള്ളിലാണ്.

അയാളുടെ ലൈംഗിക വൈകൃതം അനുഭവിച്ചു സഹികെട്ടു അവള്‍ തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍, ഇതൊന്നും ആരോടും പറയാതെ , സഹിച്ചു നില്‍ക്കണം എന്നും, സഹനം മോക്ഷത്തിലേക്കുള്ള വഴി ആണെന്നും പറഞ്ഞയച്ചു, ഉത്തരവാദിത്തപെട്ടവര്‍. അവളുടെ കഴിവ് കേടാണ് ഈ പരാതി പറച്ചില്‍ എന്ന മരുമകന്റെ സര്‍ട്ടിഫിക്കറ്റ് കൂടിയായപ്പോള്‍ പിന്നെ ഒന്നും നോക്കാന്‍ ഇല്ല,'ശയനെന്തു വേശ്യ' എന്നാണല്ലോ പ്രമാണം. 

അവളുടെ ജീവിതം അവിടെ നില്‍ക്കട്ടെ, എത്രയോ രാത്രികളില്‍ ബലാത്സംഗം ചെയ്യപ്പെടുന്ന ഭര്‍ത്യമതികള്‍ നമ്മുടെ ചുറ്റിനും ഉണ്ട്. സ്വന്തം ശരീരം പോലും കടമയുടെ പേരില്‍ മറ്റൊരാള്‍ക്കു ഉപയോഗിക്കാന്‍ വിട്ടു കൊടുക്കേണ്ടി വരുന്ന ഗതികേടാണോ വിവാഹം എന്ന ഉടമ്പടി? . ലൈംഗികതയില്‍ കണ്‍സന്റിന്റെ പ്രാധാന്യംവിശദികരിക്കുന്ന ഒരു വീഡിയോ ഉണ്ട്. ചായ രൂപകം ആയി ഉപയോഗിച്ച് 'സമ്മതം' എന്താണ് എന്ന് വിശദീകരിക്കുന്ന വീഡിയോ. ഇത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുക ഭര്‍ത്താക്കന്മാര്‍ക്കാകും. 'നോ', 'പറ്റില്ല', 'താല്പര്യമില്ല ' എന്ന വാക്കുകളുടെ അര്‍ഥം കൂടുതല്‍ മനസിലാക്കേണ്ടതും ഇവര്‍ തന്നെ.


'കപ്പ ഒക്കെ കഴിച്ചു ആകെ മടുപ്പ്, ഇന്ന് വേണ്ട ചേട്ടാ'

'മടുപ്പൊക്കെ ഞാന്‍ മാറ്റി തരാം, ഇങ്ങു വാ' എന്ന് പറഞ്ഞ്, നിവൃത്തികേട് കൊണ്ട് ലൈംഗിക അടിമ ആയി തീരുന്ന 'കെട്ടിയവളെ' ഉപയോഗിക്കുന്നത് തന്റെ അധികാരം ആണെന്ന് കരുതുന്ന ആണത്ത അഹങ്കാരം. ഇത് തകര്‍ക്കുന്നത് ഒരു സ്ത്രീയുടെ ആത്മാഭിമാനം ആണ് . 


'പാഠം ഒന്ന് ഒരു വിലാപം' എന്ന സിനിമയില്‍ കാണുന്ന വിധത്തില്‍ ഉറക്കഗുളിക കലക്കി കൊടുത്തു ബലാല്‍സംഗം ചെയ്യപ്പെടുന്ന പെണ്ണുങ്ങള്‍ , കെട്ടിയോളെ 'മാലാഖ'യായി കാണുന്നവന്‍മാരുടെ ബലാത്സംഗങ്ങള്‍ ഒക്കെയും നമ്മുടെ ചുറ്റിനും നടക്കുന്നുണ്ട്. കിടപ്പറക്കുള്ളിലെ ബലാത്സംഗികള്‍ സുരക്ഷിതരായി വിലസുന്നത് വിവാഹം എന്ന ലൈസന്‍സ് കൈയിലെടുത്താണ്.

1988 -ല്‍ കാരല്‍ പാറ്റ്മാന്‍ (Carole Pattman) എഴുതിയ 'sexual contract' എന്ന പുസ്തകത്തില്‍ വിവാഹം എന്ന ഉടമ്പടിയില്‍ പുരുഷനും സ്ത്രീയും ഏര്‍പ്പെടുമെങ്കിലും , അതില്‍ ഏര്‍പ്പെടുന്ന വ്യക്തികളില്‍ സ്ത്രീ സ്വാഭാവികമായും രണ്ടാം തരക്കാരി ആയി ആണ് കാണപ്പെടുന്നത് എന്ന് വാദിക്കുന്നു. സ്ത്രീയുടെ വീട്ടുസേവനങ്ങള്‍ക്കു പുറമെ വിവാഹം പുരുഷന് അവളുടെ ശരീരത്തിലേക്കുള്ള കടന്നു കയറ്റത്തിനുള്ള സാമൂഹീക അംഗീകാരം നല്‍കുന്നു. 

ചുറ്റും നോക്കിയാല്‍, ചിലപ്പോള്‍ നമ്മളിലേക്ക് തന്നെ നോക്കിയാല്‍, ഈ വാദത്തിനു മറ്റു തെളിവുകള്‍ തേടി പോകേണ്ട വരില്ല. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' വിവാഹം എന്ന ഉടമ്പടിയുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുമ്പോള്‍, കിടപ്പറയിലെ ബലാത്സംഗങ്ങള്‍ കൂടി കാണാതെ പോകാന്‍ കഴിയില്ല.

അനുസരണയും അശുദ്ധിയും വിധേയത്വവും സഹനവും പാട്രിയാര്‍ക്കല്‍ സമൂഹം പടച്ചു വിട്ട സിദ്ധാന്തങ്ങളാണെന്നു മനസിലാക്കി, കുറഞ്ഞ പക്ഷം സ്വന്തം ശരീരത്തിന്റെ സ്വാതന്ത്ര്യം എങ്കിലും സ്വയമേ നേടിയെടുത്തേ തീരൂ. ബലാത്സംഗത്തിന് 'അരുതു' പറയാനുള്ള സ്വാതന്ത്യം എങ്കിലും നേടിയെടുക്കണം. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന സിനിമയിലെ നിമിഷയുടെ കൈ വീശി ഇറങ്ങിപ്പോക്ക് പറയുന്നത് ഇത് കൂടിയാണ്.