Asianet News MalayalamAsianet News Malayalam

ആർത്തവസമയത്ത് മകൾക്ക് നിലത്തിരുത്തി ഭക്ഷണം, വീഡിയോ പോസ്റ്റ് ചെയ്ത് അമ്മ, വൻ വിമർശനം

എന്നാൽ, ഇന്നും ആർത്തവസമയത്ത് നിലത്തിരുത്തി ഭക്ഷണം കൊടുക്കുകയും സ്ത്രീകളോട് വിവേചനം നടത്തുകയും ചെയ്യുന്ന ആളുകളുണ്ട് എന്നത് പലരേയും ഞെട്ടിച്ചു. പലരും വളരെ രൂക്ഷമായ രീതിയിലാണ് ഇതിനോട് പ്രതികരിച്ചത്.

Rupal Mitul Shah influencer faces criticism daughter sit on floor in period days rlp
Author
First Published Dec 5, 2023, 8:29 PM IST

ഫാഷൻ, ബ്യൂട്ടി, ട്രാവൽ എന്നിവയെ കുറിച്ചെല്ലാം ഷെയർ ചെയ്യുന്ന ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് രുപാൽ മിതുൽ ഷാ. എന്നാൽ, ഇപ്പോൾ ഒരു പോസ്റ്റിന്റെ പേരിൽ വലിയ വിമർശനമാണ് അവർ നേരിടുന്നത്. ആർത്തവത്തെ കുറിച്ച് എല്ലാക്കാലവും വളരെ അധികം തെറ്റിദ്ധാരണകൾ മനുഷ്യർ വച്ചുപുലർത്താറുണ്ട്. ആർത്തവ സമയത്ത് അത് ചെയ്യരുത്, ഇത് ചെയ്യരുത് അങ്ങനെ നീളുമത്. എന്നാൽ, കാലം മാറുന്നതിനനുസരിച്ച് ആ തെറ്റിദ്ധാരണകളും മാറിവന്നിട്ടുണ്ട്. പക്ഷേ, രുപാൽ ഷെയർ ചെയ്തിരിക്കുന്ന ഒരു വീഡിയോ അവർ ഏത് കാലത്താണ് ജീവിക്കുന്നത് എന്ന് തോന്നിപ്പിക്കുന്നതാണ്. 

സൂറത്തിൽ നിന്നുമുള്ള രുപാൽ തന്റെ വീട്ടിലെ ഒരു ഉച്ചഭക്ഷണ സമയത്തുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. അതിൽ, അത് പുതിയ വീട്ടിലേക്ക് മാറിയ ശേഷമുള്ള എല്ലാവരുമൊത്തുള്ള ആദ്യത്തെ ഉച്ചഭക്ഷണമാണ് ഇത് എന്ന് പറയുന്നുണ്ട്. ഒപ്പം, ഇനിയും കുറേ സാധനങ്ങളൊക്കെ എടുത്ത് വയ്ക്കാനൊക്കെ ഉണ്ട് തുടങ്ങിയ വിശേഷങ്ങളും രുപാൽ പങ്ക് വയ്ക്കുന്നു. എന്നാൽ, അതിനൊപ്പം പറയുന്ന മറ്റൊരു കാര്യമാണ് ആൾക്കാരുടെ വിമർശനത്തിനു പാത്രമായത്. 

വീഡിയോയിൽ എല്ലാവരും ടേബിളിന് ചുറ്റും കസേരയിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അവരുടെ മകൾ മാത്രം നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാം. അതിന് കാരണമായി അവർ പറയുന്നത്, മകൾക്ക് ആർത്തവസമയമാണ്, അതുകൊണ്ടാണ് അവളെ നിലത്തിരുത്തിയിരിക്കുന്നത് എന്നാണ്. ശരിയാണ് മാസത്തിലെ ആ ദിവസങ്ങളിൽ തങ്ങൾ മറ്റുള്ളവരുമായി കോണ്ടാക്ടില്ലാതെ നോക്കും. തങ്ങളുടെ വീട്ടിൽ കാലങ്ങളായി ഇത് തുടരുന്നു. തനിക്കും മകൾക്കും അതിൽ പ്രശ്നമില്ല. തങ്ങളത് കർശനമായി പാലിക്കാൻ ശ്രമിക്കുന്നു എന്നുമാണ് രുപാലി പറയുന്നത്. 

എന്നാൽ, ഇന്നും ആർത്തവസമയത്ത് നിലത്തിരുത്തി ഭക്ഷണം കൊടുക്കുകയും സ്ത്രീകളോട് വിവേചനം നടത്തുകയും ചെയ്യുന്ന ആളുകളുണ്ട് എന്നത് പലരേയും ഞെട്ടിച്ചു. പലരും വളരെ രൂക്ഷമായ രീതിയിലാണ് ഇതിനോട് പ്രതികരിച്ചത്. ഇന്നും ഇങ്ങനെയൊക്കെ ഉള്ള ആളുകളുണ്ടോ എന്നാണ് പലരും ചോദിച്ചത്. 

"ഇത് ഇന്ത്യയിലെ ഏറ്റവും യാഥാസ്ഥിതികരും ഇടുങ്ങിയ ചിന്താഗതിക്കാരുമായ ആളുകളുടെ ഇടയിൽ മാത്രമാണ് സംഭവിക്കുന്നത്. എന്നാൽ, കാലത്തിനനുസരിച്ച് എല്ലാവരും മാറുന്നുണ്ട്! ഈ തൊട്ടുകൂടായ്മാ സംസ്കാരവും ഇല്ലാതാകുമെന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു" എന്നാണ് ഒരാൾ കുറിച്ചത്. "ഒരു സാധാരണ ജൈവികപ്രക്രിയയുടെ പേരിൽ നിങ്ങളെയും നിങ്ങളുടെ മകളേയും അകറ്റി നിർത്തുന്ന ഒരു സംസ്കാരം നിങ്ങൾ ഇഷ്ടപ്പെടുന്നു എന്നാണോ പറഞ്ഞുവരുന്നത്" എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios